നാല് ബാങ്കുകളാണ് മെയ് മാസത്തിൽ ക്രെഡിറ്റ് കാർഡുകളുമായി ബന്ധപ്പെട്ട ഫീസുകളും നിരക്കുകളും വർധിപ്പിച്ചിട്ടുള്ളത്. ബാങ്ക് ഓഫ് ബറോഡ, യെസ് ബാങ്ക്, ഐഡിബിഐ ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക് എന്നിവയുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരാണെങ്കിൽ മാറ്റങ്ങൾ അറിഞ്ഞിരിക്കണം.
ബാങ്ക് ഓഫ് ബറോഡ
ബാങ്ക് ഓഫ് ബറോഡയുടെ കോ- ബ്രാൻഡഡ് ക്രെഡിറ്റ് കാർഡായ ബിഒബികാർഡ് വൺ കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ് പലിശ നിരക്കും ലേറ്റ് പേയ്‌മെൻ്റ് ഫീസമാണ് വർധിച്ചത്. ജൂൺ 23 മുതൽ പുതുക്കിയ നിരക്ക് ഈടാക്കും. കെഡിറ്റ് കാർഡ് ബില്ലിൽ കുടിശ്ശികയുള്ള തുകയ്ക്കുള്ള പലിശ പ്രതിമാസം 3.57 ശതമാനം (വർഷത്തിൽ 45%) ആക്കി ഉയർത്തി. നേരത്തെയിത് പ്രതിമാസം 3.49 ശതമാനം (41.88% വർഷത്തിൽ) ആയിരുന്നു. ക്രെഡിറ്റ് ലിമിറ്റിഡ് മുകളിൽ തുക ഉപയോഗിച്ചാൽ അധികമായി ഉപയോഗിച്ച തുകയുടെ 2.5 ശതമാനമോ 500 രൂപയോ, ഏതാണ് ഉയർന്ന തുകയെന്ന് നോക്കി പിഴ ഈടാക്കും. നേരത്തെ 2.50 ശതമാനമോ 400 രൂപയോ ആയിരുന്നു പിഴ ഈടാക്കാനുള്ള മാനദണ്ഡം.
സ്വിഗ്ഗി എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ്
ജൂൺ 21 മുതൽ സ്വിഗ്ഗി എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡിൻറെ ക്യാഷ്ബാക്ക് ഘടനയിൽ മാറ്റം വരും. സ്വിഗ്ഗി ആപ്പിലെ സ്വിഗ്ഗി മണിയായി ക്യാഷ്ബാക്ക് ക്രെഡിറ്റാകുന്നതിന് പകരം നേരിട്ട് ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്മെൻറിൽ ക്യാഷ്ബാക്ക് പ്രതിഫലിക്കും. അതായത്, അടുത്ത മാസത്തേക്കുള്ള സ്റ്റേറ്റ്മെൻ്റ് ബാലൻസിൽ നിന്ന് ക്യാഷ്ബാക്ക് നേരിട്ട് കുറയ്ക്കും. സ്റ്റേറ്റ്‌മെൻ്റ് എല്ലാ മാസവും 21-നാണ് ജനറേറ്റ് ചെയ്യുന്നതെങ്കിൽ കഴിഞ്ഞ മാസം നേടിയ ക്യാഷ്ബാക്ക് ആ സ്റ്റേറ്റ്മെന്റിൽ കാണാനാകും.
ജൂൺ 20 വരെ ക്യാഷ്ബാക്ക് സാധാരണ ഗതിയിൽ തുടരും. നിലവിൽ സ്വിഗ്ഗി മണിയിൽ ക്രെഡിറ്റായ ക്യാഷ്ബാക്കുകൾക്ക് ഒരു വർഷമാണ് കാലാവധി. ഇത് 2025 ജൂൺ 21 വരെ സ്വിഗ്ഗി ആപ്പ് വഴി റെഡീം ചെയ്യാം.
ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്
ഒരു സ്റ്റേറ്റ്മെന്റ് സൈക്കിളിൽ ഐഡിഎഫ്സി ഫസ്റ്റ് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള യൂട്ടിലിറ്റി ബിൽ പേയ്‌മെൻ്റ് 20,000 രൂപയിൽ കൂടുതലായാൽ സർചാർജായി ഒരു ശതമാനം + ജിഎസ്ടി ഈടാക്കും. ഫസ്റ്റ് പ്രൈവറ്റ് ക്രെഡിറ്റ് കാർഡ്, എൽഐസി ക്ലാസിക് ക്രെഡിറ്റ് കാർഡ്, എൽഐസി സെലക്ട് ക്രെഡിറ്റ് കാർഡ് എന്നിവയ്ക്ക് യൂട്ടിലിറ്റി സർചാർജിന് ബാധകമാക്ലില്ല. 18 ശതമാനമാണ് ജിഎസ്ടി. മേയ് ഒന്ന് മുതൽ ഈ മാറ്റം നിലവിലുണ്ട്.
യെസ് ബാങ്ക് ക്രെഡിറ്റ് കാർഡ്
യെസ് ബാങ്ക് എല്ലാ ക്രെഡിറ്റ് കാർഡുകൾക്കും വിവിധ പരിഷ്കാരങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ഫ്യുവൽ ചാർജ്, യൂട്ടിലിറ്റി ബിൽ എന്നിവയ്ക്കാണ് ചില കാർഡുകളിൽ മാറ്റം കൊണ്ടുവന്നത്. യെസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഒരു സ്റ്റേറ്റ്‌മെൻ്റ് സൈക്കിളിൽ 15,000 രൂപയിലധികം വരുന്ന ബില്ലടച്ചാൽ ജിഎസ്ടിയും ഒരു ശതമാനം നികുതിയും ഈടാക്കും. യെസ് ബാങ്ക് പ്രൈവറ്റ് ക്രെഡിറ്റ് കാർഡിന് മാറ്റങ്ങൾ ബാധകമല്ല. മേയ് ഒന്ന് മുതൽ യെസ്ബാങ്ക് ഈ രീതിയിലേക്ക് മാറി.