TOPICS COVERED

ക്രെ‍ഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള വാടക പെയ്മെൻറുകൾക്ക് ശേഷം വൈദ്യുതി ബിൽ അടക്കമുള്ള യൂട്ടിലിറ്റി ബിൽ ഇടപാടുകൾക്ക് അധിക ചാർജുകൾ ഈടാക്കുകയാണ് കമ്പനികൾ. 2024 മേയ് ഒന്ന് മുതൽ യെസ് ബാങ്ക്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് എന്നിവർ യൂട്ടിലിറ്റി ബിൽ പെയ്മെൻറിന് 1 ശതമാനം അധിക ഫീസ് ഈടാക്കുന്നുണ്ട്. ക്രെഡിറ്റ് കാർഡ് ഉപയോഗം കൂടുന്ന സമയത്ത് ബാങ്കുകൾ എന്താകാം ഇത്തരം തീരുമാനങ്ങളിലേക്ക് പോകുന്നത്. 

കർശനമാക്കി ബാങ്കുകൾ 

ഒരു പേയ്മെൻറ് സൈക്കിളിൽ യെസ് ബാങ്ക് ഉപഭോക്താക്കൾക്ക് 15,000 രൂപ വരെയുള്ള ബില്ലുകളും ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ഉപഭോക്താക്കൾക്ക് 20,000 രൂപ വരെയുള്ളതും  ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് അടയ്ക്കാം. ശേഷം അടയ്ക്കുന്ന ബില്ലിനാണ് അധിക ഫീസ് ഈടാക്കുക. ഉദാഹരണമായി യെസ് ബാങ്ക്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് എന്നീ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് 1,500 രൂപയുടെ വൈദ്യുതി ബിൽ അടച്ചാൽ 15 രൂപ അധികമായി നൽകണം. ഇതിനൊപ്പം 18 ശതമാനം ജിഎസ്ടിയും കയ്യിൽ നിന്ന് ഈടാക്കും.

എന്തുകൊണ്ട് മാറ്റം

ബാങ്കുകൾ തീരുമാനം മാറ്റാനുള്ള കാരണങ്ങളിലൊന്ന് കുറഞ്ഞ മാർജിനാണ്. യൂട്ടിലിറ്റി ബില്ലുകളിൽ നിന്ന് ബാങ്കുകൾക്ക് കുറഞ്ഞ എംഡിആർ (മെർച്ചൻറ് ഡിസ്ക്കൗണ്ട് റേറ്റ്) / ഇൻറർചേഞ്ച് ഫീസാണ് ലഭിക്കുന്നത്. ഡിജിറ്റൽ പേയ്‌മെൻറ് സേവനങ്ങൾ നൽകുന്നതിന് ബാങ്കിലേക്കോ പേയ്‌മെൻ്റ് ഗേറ്റ്‌വേയിലേക്കോ കമ്പനികൾ നൽകുന്ന തുകയാണ് എംഡിആർ. പേയ്മെന്റ് ഗേറ്റ്‍വേ സേവനദാതാക്കൾ എംഡിആർ ചാർജിൽ ഇളവുകളും നൽകാറുണ്ട്. അതിനാൽ യൂട്ടിലിറ്റി ബില്ലുകളിൽ ബാങ്കിനു കാര്യമായ സാമ്പത്തിക നേട്ടമില്ല. മാത്രമല്ല റിവാർഡുകൾ കൂടുതലായി ഉള്ളതിനാൽ ബിസിനസുമായി ബന്ധപ്പെട്ട യൂട്ടിലിറ്റി ബില്ലുകൾ അടയ്ക്കാനും വ്യക്തിഗത ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നു. ഈ സാഹചര്യത്തിലാണ് ബില്ലുകൾക്ക് പരിധി വെച്ചുകൊണ്ട് ബാങ്കുകൾ മാറ്റം കൊണ്ടുവരുന്നത്. 

യൂട്ടിലിറ്റി ബിൽ പെയ്മെൻറിൽ ഇളവുകളുള്ള കാർഡാണോ കയ്യിലുള്ളതെന്ന് പരിശോധിച്ച് ശേഷം ബില്ലടയ്ക്കുന്നതാകും ഇനി നന്നാവുക. അതോടൊപ്പം ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിങ്, യുപിഐ സൗകര്യങ്ങൾ ഉപയോഗിച്ച് അധിക ചാർജില്ലാതെ ബില്ലടയ്ക്കാം. 

ENGLISH SUMMARY:

Yes Bank And IDFC First Bank charge extra fee on utility bill payment through credit card. Know The Reason Behind This.