നിക്ഷേപങ്ങള്‍ക്ക് നാല് നോമിനികളെ വരെ നിര്‍ദേശിക്കാന്‍ സാധിക്കുന്നതടക്കം സുപ്രധാന പരിഷ്‌കാരങ്ങളാണ് ഇന്നലെ ലോക്‌സഭ പാസാക്കിയ ബാങ്കിങ് നിയമ ഭേദഗതി ബില്ലിലുള്ളത്. സഹകരണ ബാങ്ക് ഡയരക്ടര്‍മാരുടെ കാലാവധി നീട്ടാനും ഡയരക്ടര്‍ പദവിക്കുള്ള ഓഹരി പരിധി വര്‍ധിപ്പിപ്പിക്കാനും ബില്‍ വ്യവസ്ഥ ചെയ്യുന്നു. രാജ്യസഭയിലും ബില്‍ പാസായാല്‍ ഭേദഗതി പ്രാബല്യത്തിലാവും.
നിക്ഷേപങ്ങള്‍ക്കുള്ള നോമിനേഷന്‍ വ്യവസ്ഥയിലെ മാറ്റമാണ് ബാങ്കിങ് ഭേദഗതി ബില്ലില്‍ സുപ്രധാനം. നിലവില്‍ സ്ഥിര നിക്ഷേപങ്ങള്‍ക്ക് പിന്തുടര്‍ച്ചാവകാശിയായി ഒരാളുടെ പേരാണ് നല്‍കാന്‍ സാധിക്കുക. പുതിയ ബില്‍ അനുസരിച്ച് നാലുപേരെ വരെ നോമിനിയായി നിര്‍ദേശിക്കാം. ഓരോരുത്തര്‍ക്കും നിക്ഷേപത്തിന്റെ നിശ്ചിത ശതമാനം നീക്കിവയ്ക്കുന്ന സൈമള്‍ട്ടേനിയസ് രീതിയിലോ പിന്തുടര്‍ച്ചാ ക്രമത്തില്‍ അവകാശം ലഭിക്കുന്ന സക്‌സസീവ് രീതിയിലോ നോമിനികളെ വയ്ക്കാം. സഹകരണ ബാങ്കുകളില്‍ ഡയരക്ടര്‍മാരുടെ കാലാവധി എട്ടുവര്‍ഷത്തില്‍നിന്ന്് 10 വര്‍ഷമാക്കി ഉയര്‍ത്തി. ഡയരക്ടര്‍മാരെ തിരഞ്ഞെടുക്കുന്നത് അഞ്ചുവര്‍ഷം കൂടുമ്പോഴാണ്. ഒരാള്‍ തുടര്‍ച്ചയായി രണ്ടുതവണ തിരഞ്ഞെടുക്കപ്പെട്ടാല്‍ നിലവിലെ നിയമമനുസരിച്ച് കാലാവധി പൂര്‍ത്തിയാകും മുന്‍പെ രാജിവയ്‌ക്കേണ്ടിവരും. ഇതൊഴിവാക്കാനാണ് കാലാവധി നീട്ടിയത്. ഡയരക്ടര്‍ പദവിക്കുള്ള പമാവധി ഓഹരി പരിധി അഞ്ചുലക്ഷത്തില്‍നിന്ന് രണ്ടുകോടിയായി ഉയര്‍ത്തും എന്നതും ശ്രദ്ധേയം. അവകാശികളില്ലാതെ ഐ.ഇ.പി.എഫിലേക്ക് മാറ്റുന്ന തുക പിന്നീട് ഉടമ എത്തിയാല്‍ തിരികെ നല്‍കാനും ബില്‍ വ്യവസ്ഥ ചെയ്യുന്നു. ബാങ്കുകള്‍ എല്ലാ രണ്ടാമത്തെയും നാലാമത്തെയും വെള്ളിയാഴ്ച റിസര്‍വ് ബാങ്കിന് കണക്ക് നല്‍കണം എന്നത് എല്ലാ മാസവും 15, 30 തിയതികളാക്കി നിജപ്പെടുത്തി. ഓഡിറ്റര്‍മാര്‍ക്ക് നല്‍കുന്ന പ്രതിഫലം ബാങ്കുകള്‍ക്ക് തീരുമാനിക്കാമെന്ന വ്യവസ്ഥയും ബില്ലിലുണ്ട്.