AI Generated Image

പുതിയ മാസം പിറക്കുമ്പോൾ സാമ്പത്തിക മാറ്റങ്ങളുണ്ടാകുന്നത് സ്വാഭാവികമാണ്. ജൂലൈയിൽ ശ്രദ്ധിക്കാനുണ്ടായിരുന്നത് ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധിയാണെങ്കിൽ ഇതുമായി ബന്ധപ്പെട്ട അനുബന്ധ ജോലികൾ ഓ​ഗസ്റ്റിലുമുണ്ട്. ഒപ്പം എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാർഡ്, ഫാസ്ടാഗ്, എൽപിജി സിലിണ്ടർ എന്നിവയ്ക്കും മാറ്റങ്ങളുണ്ട്. ഓ​ഗസ്റ്റിലെ സമ്പത്തിക മാറ്റങ്ങൾ ഓരോന്നായി നോക്കാം. 

ആദായ നികുതി റിട്ടേൺ വെരിഫിക്കേഷൻ

ആദായ നികുതി റിട്ടേൺ ഫയൽ ചെയ്തവർ ശ്രദ്ധിക്കേണ്ട പ്രധാനകാര്യമാണ് വെരിഫിക്കേഷൻ. റിട്ടേൺ ഫയൽ ചെയ്ത് 30 ദിവസത്തിനുള്ളിൽ അവ ഓൺലൈനായി വെരിഫൈ ചെയ്യണം. വെരിഫൈ ചെയ്ത റിട്ടേണുകൾ മാത്രമാണ് ആദായ നികുതി വകുപ്പ് വെരിഫൈ ചെയ്യേണ്ടത്. ഇ-ഫയലിങ് പോർട്ടലിൽ ആധാർ ഉഫയോഗിച്ചോ, പ്രീ വാലിഡേറ്റ് ചെയ്ത ബാങ്ക് അക്കൗണ്ട്, ഡീമാറ്റ് അക്കൗണ്ട് എന്നിവ ഉപയോഗിച്ച് വെരിഫൈ ചെയ്യാം. 3 ന് കാലാവധിയെത്തിയെങ്കിലും ബിലേറ്റഡ് റിട്ടേൺ ഫയല് ചെയ്യാം. 5,000 രൂപ പിഴയടയ്ക്കണം. 5 ലക്ഷത്തിന് താഴെയാണെങ്കിൽ 1000 രൂപ മതിയാകും. 

പുതിയ നികുതി സമ്പ്രദായം

ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ട സമയപരിധിക്കുള്ളിൽ റിട്ടേൺ സമർപ്പിക്കാത്തവരാണെങ്കിൽ ഇനി മുതൽ പുതിയ നികുതി സമ്പ്രദായമാണ് ഡിഫോൾട്ടായി കണക്കാക്കുക. ഡിസംബർ 31നുള്ളിൽ ബിലേറ്റഡ് റിട്ടേൺ സമർപ്പിക്കുന്നവർക്കും പഴയ നികുതി സമ്പ്രദായം ഉപയോഗിക്കാനാകില്ല. 

എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാർഡ്

ഓ​ഗസ്റ്റ് ഒന്ന് മുതൽ എച്ച്ഡിഎഫ്സി ബാങ്ക് വിവിധ ക്രെഡിറ്റ് കാർഡ് ഇടപാടുകളുടെ ചാർജുകൾ  ഉയർത്തിയിട്ടുണ്ട്. തേഡ് പാർട്ടി ആപ്പ് ഉപയോഗിച്ചുള്ള റെൻറ് ഇടപാടുകൾക്ക് 1 ശതമാനം ഫീസ് ഈടാക്കും. 50,000 രൂപയ്ക്ക് മുകളിലുള്ള യൂട്ടിലിറ്റി ഇടപാടുകൾക്കും ഒരു ശതമാനം ഫീസ് നൽകണം. 15,000 രൂപയിൽ കൂടുതലുള്ള ഇന്ധന ചെലവുകൾക്ക് എച്ച്ഡിഎഫ്സി ബാങ്ക് ക്രെ‍ഡിറ്റ് കാർഡ് ഉപയോഗിച്ചാൽ ചെലവാക്കിയ തുകയ്ക്ക് മുകളിൽ ഒരു ശതമാനം ഫീസ് ഈടാക്കും. ലേറ്റ് പെയ്മെ‍ൻറ് ഫീസ് 100 രൂപയിൽ നിന്ന് 300 രൂപയാക്കി ഉയർത്തുകയും ചെയ്തിട്ടുണ്ട്. 

ഫാസ്ടാഗ് കെവൈസി

ഫാസ്ടാഗ് ഉപയോഗിക്കുന്നവരാണെങ്കിലും ഓഗസ്റ്റ് മുതൽ മാറ്റം വരുന്നുണ്ട്. നാഷണൽ പെയ്മെൻറ് കോർപ്പറേഷൻറെ നിർദ്ദേശ പ്രകാരം, മൂന്ന് വർഷത്തിൽ കൂടുതൽ ഉപയോഗത്തിലുള്ള ഫാസ്ടാഗുകളുടെ കെവൈസി അപ്ഡേറ്റ് ചെയ്യണം. അഞ്ച് വർഷത്തിൽ കൂടുതലുള്ളതാണെങ്കിൽ അവ പുതുക്കണം. ഓഗസ്റ്റ് ഒന്ന് മുതൽ ഒക്ടോബർ 31 വരെ സമയമുണ്ട്. 

ബാങ്ക് അവധി

ഓഗസ്റ്റ് മാസത്തിൽ ആകെ 13 ദിവസമാണ് ബാങ്ക് അവധിയുള്ളത്. കേരളത്തിൽ എട്ട് ദിവമാണ് ബാങ്ക് അവധി. രണ്ടാം ശനിയാഴ്ചയും  നാലാം ശനിയാഴ്ചയും നാല് ഞായറാഴ്ചകളും കൂടാതെ ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനത്തിലും 20തിന് ശ്രീനാരായണ ഗുരുജയന്തിക്കും കേരളത്തിൽ അവധിയായിരിക്കും. 

എൽപിജി സിലണ്ടർ വില

നാല് തവണ വില കുറച്ചതിന് ശേഷം ഓ​ഗസ്റ്റ് മാസത്തിൽ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോ​ഗിക്കുന്ന പാചകവാചകത്തിന് വില വർധിച്ചു. 19 കിലോ സിലിണ്ടറിന് 6.50 രൂപ വർധിച്ച് 1,652.50 രൂപയായി. നാല് മാസമായി സിലിണ്ടറിന് വില കുറയ്ക്കുകയായിരുന്നു. ജൂലൈ ഒന്നിന് 30 രൂപയായിരുന്നു സിലിണ്ടറിന് കുറച്ചത്. 

ENGLISH SUMMARY:

Credit card, FASTag and bank holidays; Know the key financial changes in August