ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കളിൽ പലിശ രഹിത കാലയളവ് കഴിഞ്ഞാൽ ആകർഷിക്കുന്ന മറ്റൊരു കാര്യമാണ് റിവാർഡ് പോയിന്റുകൾ. മികച്ച റിവാർഡ് പോയിന്റുകൾ തേടി ക്രെഡിറ്റ് കാർഡ് ശീലമാക്കിയവർക്ക് തിരിച്ചടിയാണ് പുതിയ വാർത്ത. സെപ്റ്റംബർ ഒന്ന് മുതൽ എച്ച്ഡിഎഫ്സി ബാങ്ക് റിവാർഡ് പോയിന്റുകളിൽ കാര്യമായ മാറ്റം വരുത്തുന്നുണ്ട്. ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് മിനിമം ഡ്യൂ തുക കുറയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. റുപേ ക്രെഡിറ്റ് കാർഡ് കയ്യിലുള്ളവരും ശ്രദ്ധിക്കേണ്ട മാറ്റം സെപ്റ്റംബറിലുണ്ട്.
റിവാർഡ് പോയിന്റിലെ മാറ്റം
സെപ്റ്റംബർ ഒന്ന് മുതൽ യൂട്ടിലിറ്റി ഇടപാടിലൂടെ ലഭിക്കുന്ന റിവാർഡ് പോയിൻറിന് എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാർഡ് പരിധി നിശ്ചയിച്ചു. ഒരു മാസത്തിൽ ഉപഭോക്താവിന് പരമാവധി ലഭിക്കുക 2,000 പോയിൻറ് മാത്രമാണ്. ടെലികോം, കേബിൾ ഇടപാടുകൾക്ക് കാർഡ് ഉപയോഗിച്ചാൽ ലഭിക്കുന്ന റിവാർഡ് പരിധിയും മാസത്തിൽ 2,000 പോയിൻറായി നിശ്ചയിച്ചിട്ടുണ്ട്. തേഡ് പാർട്ടി ആപ്പ് വഴി വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് ക്രെഡിറ്റ് കാർഡ് ചെലവാക്കിയാൽ റിവാർഡ് ലഭിക്കില്ല. ഔദ്യോഗിക ചാനൽ വഴിയുള്ള ഇടപാട് വർധിപ്പിക്കനാണ് നടപടി. പിഒഎസ് മെഷിൻ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വെബ്സൈറ്റ് വഴിയുള്ള ഇടപാടിന് റിവാർഡ് ലഭിക്കും.
മിനിമം ഡ്യു തുക
ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ക്രെഡിറ്റ് കാർഡുകളുടെ മിനിമം ഡ്യു തുക കുറയ്ക്കനും പേയ്മെന്റ് കാലയളവ് 18 ദിവസത്തിൽ നിന്ന് നിന്ന് 15 ദിവസമായി കുറയ്ക്കുനും തീരുമാനിച്ചിട്ടുണ്ട്. 5 ശതമാനത്തിൽ നിന്ന് 2 ശതമാനത്തിലേക്ക് മിനിമം ഡ്യൂ തുക കുറക്കാനാണ് ബാങ്കിൻറെ തീരുമാനം. ലേറ്റ് പെയ്മെൻറ് ഫീസ് ഒഴിവാക്കാൻ മാസത്തിലെ മാസത്തിലെ മൊത്തം ക്രെഡിറ്റ് കാർഡ് ബില്ലിൻറെ നിശ്ചിത ശതമാനം അടയ്ക്കാനുള്ള സംവിധാനമാണ് മിനിമം ഡ്യൂ തുക. മാസത്തിലെ ക്രെഡിറ്റ് കാർഡ് ബില്ലിൻറെ നിശ്ചിത ശതമാനമാണ് മിനിമം ഡ്യൂ തുക വരുന്നത്. സെപ്റ്റംബറിലെ ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്മെന്റ് മുതൽ ഇത് പ്രാബല്യത്തിൽ വരും.
റൂപേ ക്രെഡിറ്റ് കാർഡ് റിവാർഡ്
മറ്റു ക്രെഡിറ്റ് കാർഡുകൾക്ക് തുല്യമായ റിവാർഡ് ഇനി റൂപേ ക്രെഡിറ്റ് കാർഡിലും ലഭിക്കും. യുപിഐ വഴിയുള്ള ക്രെഡിറ്റ് കാർഡ് ഇടപാടിനും മറ്റു രീതിയിലുള്ള ഉപയോഗത്തിനും റിവാർഡ് ലഭിക്കും. റുപേ ക്രെഡിറ്റ് കാർഡുകൾക്കുള്ള റിവാർഡ് പോയിൻ്റുകളിൽ തുല്യത ഉറപ്പാക്കാൻ നാഷണൽ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ബാങ്കുകൾക്ക് നിർദ്ദേശം നൽകിയിരുന്നു.