ആഘോഷങ്ങളുടെ മാസമാണ് ഒക്ടോബർ. നവരാത്രി, ദുർഗ പൂജ, ദീപാവലി എന്നിങ്ങനെ ആഘോഷങ്ങൾ അനവധി. ഗാന്ധി ജയന്തി അടക്കമുള്ള ദേശിയ അവധികളും. അതുകൊണ്ട് തന്നെ ഒക്ടോബറിൽ ബാങ്ക് അവധികളും കൂടുതലാണ്. ഒക്ടോബറിലെ ബാങ്ക് അവധി പരിശോധിച്ചാൽ പ്രാദേശിക അവധിയും ശനി, ഞായർ അവധിയും അടക്കം ആകെ 15 ദിവസമാണ് രാജ്യത്ത് ബാങ്ക് അടഞ്ഞു കിടക്കുക. അതേസമയം കേരളത്തിൽ വാരാന്ത്യ അവധി കൂടാതെ മൂന്ന് അവധികളാണ് വരും മാസത്തിലുള്ളത്.
Also Read: ഓഹരി ഇടപാടുണ്ടോ? നികുതി നിയമങ്ങൾ ഒക്ടോബറിൽ മാറും; ശ്രദ്ധിക്കാം
കേരളത്തിൽ മൂന്ന് ദിവങ്ങളാണ് ബാങ്ക് അവധി. ഒക്ടോബർ രണ്ടിന് ഗാന്ധി ജയന്തി പ്രമാണിച്ചാണ് ആദ്യ അവധി. 12 ന് വിജയദശമി ദിനത്തിലാണ് രണ്ടാമത്തെ ബാങ്ക് അവധി. 31 ന് ദീപാവലിക്കും കേരളത്തിൽ ബാങ്ക് അവധിയാണ്. ഇതുകൂടാതെ രണ്ടും നാലും ശനിയാഴ്ചകൾ ബാങ്ക് അവധിയാണ്. ഒക്ടോബർ 12, 26 തീയതികളിലാണ് ശനിയാഴ്ച അവധി. 6,13, 20, 27 എന്നീ ഞായറാഴ്ചകളിലും ബാങ്ക് അവധിയായിരിക്കും.
ഈ ബാങ്ക് അവധി ദിവസങ്ങൾ പരിഗണിച്ച് ഇടപാടുകൾ ക്രമീകരിക്കാം. ബാങ്ക് അവധികളും വാരാന്ത്യങ്ങളും പരിഗണിക്കാതെ ഓൺലൈൻ ബാങ്കിംഗ് സേവനവും ഉപഭോക്താക്കൾക്ക് ഉപയോഗപ്പെടുത്താം. അടിയന്തര ഇടപാടുകൾക്ക് ബാങ്കുകളുടെ വെബ്‌സൈറ്റുകളോ മൊബൈൽ ആപ്പുകളോ എടിഎമ്മുകളോ ഉപയോഗിക്കാം. ബാങ്കിൽ നിന്ന് നേരിട്ടുള്ള സേവനങ്ങളാണെങ്കിൽ അവധി കലണ്ടർ അനുസരിച്ച് ക്രമീകരിക്കണം.