gpay

TOPICS COVERED

സൗജന്യം തീരാന്‍ സമയമായി.. രാജ്യത്തെ പ്രധാനപ്പെട്ട യുപിഐ പ്ലാറ്റ്ഫോമായ ഗൂഗിള്‍ പേയില്‍ ബില്‍ പേയ്മെന്‍റുകള്‍ക്ക് കണ്‍വീനിയന്‍സ് ഫീ വരുന്നു. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള യൂട്ടിലിറ്റി ബില്‍ പെയ്മെന്‍റുകള്‍ക്കാണ് അധിക പണം നല്‍കേണ്ടി വരിക.

വൈദ്യുതി ബില്‍, വാട്ടര്‍, പാചകവാതക ബില്‍ എന്നി ഇടപാടുകളില്‍ ഇടപാട് തുകയുടെ 0.50ശതമാനം മുതല്‍ ഒരു ശതമാനം വരെയാണ് കണ്‍വീനിയന്‍സ് ഫീ ഈടാക്കുക. ഇതിനൊപ്പം ജിഎസ്ടിയും നല്‍കേണ്ടി വരും. എന്നാല്‍ യുപിഐയില്‍ ലിങ്ക് ചെയ്ത് ബാങ്ക് അക്കൗണ്ടില്‍ നിന്ന് നേരിട്ടുള്ള ഇടപാടിന് ഫീസൊന്നും നല്‍കേണ്ടതില്ല.

രാജ്യത്തെ ഏറ്റവും വലിയ യുപിഐ പ്ലാറ്റ്ഫോമായ ഫോണ്‍പേയില്‍ നേരത്തെ തന്നെ ഇത്തരം ഇടപാടുകള്‍ക്ക് കണ്‍വീനിയന്‍സ് ഫീസ് ഈടാക്കുന്നുണ്ട്. പേടിഎമ്മില്‍ 1-40 രൂപ വരെയാണ് ചാര്‍ജ്. മൊബൈല്‍ റീചാര്‍ജുകള്‍ക്ക് 3 രൂപ കണ്‍വീനിയന്‍സ് ഫീസ് ഗൂഗിള്‍ പേ നേരത്തെ ഈടാക്കുന്നുണ്ട്. 

ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് പേയ്‌മെന്‍റുകള്‍ പ്രോസസ്സ് ചെയ്യുന്നതിനുള്ള ചെലവ് നികത്താൻ കൺവീനിയൻസ് ഫീസ് കമ്പനികളെ സഹായിക്കുമെന്നാണ് വിലയിരുത്തല്‍. 37 ശതമാനം വിപണി വിഹിതവുമായി രാജ്യത്ത് രണ്ടാം സ്ഥാനാണ് ഗൂഗിള്‍ പേ. ജനുവരി മാസത്തില്‍ 8.26 ലക്ഷം കോടി രൂപയുടെ യുപിഐ ഇടപാടുകളാണ് ഗൂഗിള്‍ പേയില്‍ നടന്നത്. ഒന്നാമത് ഫോണ്‍പേയാണ്. 

യുപിഐയുടെ ജനപ്രീതിക്കിടയിലും വരുമാനം ഉണ്ടാക്കുന്നതില്‍ ഫിന്‍ടെക് കമ്പനികള്‍ വലിയ വെല്ലുവിളി നേരിടുന്നുണ്ട്. പിഡബ്ലുസിയുടെ അനാലിസിസ് അനുസരിച്ച്, വ്യക്തികളും മെര്‍ച്ചന്‍റും തമ്മിലുള്ള ഇടപാട് പ്രൊസസ് ചെയ്യുന്നത് തുകയുടെ 0.25 ശതമാനം ചെലവ് കമ്പനികള്‍ക്കുണ്ട്. 2024 സാമ്പത്തിക വര്‍ഷത്തില്‍ 12,000 കോടി രൂപയാണ് യുപിഐ ഇടപാട് പ്രൊസസ് ചെയ്യുന്നതിന് കമ്പനികള്‍ ചെലവാക്കിയത്.

ENGLISH SUMMARY:

Google Pay now charges a convenience fee for bill payments made via debit and credit cards. Users will pay 0.50% to 1% of the transaction amount, plus GST. However, direct UPI transactions remain free. Learn more about the latest changes.