സ്വര്‍ണപ്പണയ വായ്പയുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ കര്‍ശനമാക്കുന്നതിന്‍റെ ഭാഗമായി കരടുമാര്‍ഗ രേഖ പുറത്തിറക്കി റിസര്‍വ് ബാങ്ക്. വായ്പ വിതരണവുമായി ബന്ധപ്പെട്ട് കണ്ടെത്തിയ പ്രശ്നങ്ങള്‍ പരിഹരിക്കാനും ഉപഭോക്തൃ താല്‍പര്യം വര്‍ധിപ്പിക്കാനുമാണ് തീരുമാനം. വ്യക്തിഗത വായ്പകാര്‍ക്ക് പരിധി നിശ്ചയിക്കുകയും വായ്പയുടെ ഉപയോഗം പരിശോധിക്കാന്‍ സംവിധാനം കൊണ്ടുവരുന്നതും 75 ശതമാനം ലോണ്‍ ടു വാല്യു അനുപാതം കര്‍ശനമാക്കുന്നതും അടക്കമുള്ള നിയന്ത്രണങ്ങളിലേക്കാണ് ആര്‍ബിഐ കടക്കുന്നത്.
സാധാരണക്കാരായ സ്വര്‍ണപ്പണയ വായ്പക്കാരെ കുടുക്കുന്ന നിര്‍ദേശങ്ങളാണ് കരടിലുള്ളത്. സ്വർണം പണയം വെച്ച് വായ്പയെടുത്ത ശേഷം വായ്പാക്കാലാവധി തീരുന്നതിന് തൊട്ടുമുന്‍പ് പുതുക്കുകയോ തിരിച്ചെടുക്കുകയോ ചെയ്യുന്ന ബുള്ളറ്റ് പേയ്മെന്‍റ് ഉപയോഗിക്കുന്നവര്‍ക്കുള്ള വായ്പ കാലയളവ് 12 മാസമാക്കാനാണ് കരടില്‍ പറയുന്നത്.
ബുള്ളറ്റ് പേയ്മെന്‍റാണെങ്കില്‍ സഹകരണ ബാങ്ക്, റീജിയണല്‍ റൂറല്‍ ബാങ്ക് എന്നിവയില്‍ നിന്നും 5 ലക്ഷം രൂപവരെയുള്ള വായ്പ മാത്രമെ ലഭിക്കുകയുള്ളൂ. ഇത്തരത്തിലുള്ള വായ്പകളില്‍ ഈടിന്‍റെ മൂല്യത്തിന്‍റെ 75 ശതമാനം മാത്രമേ (Loan To Value Ratio) വായ്പയായി അനുവദിക്കാന്‍ സാധിക്കുകയുള്ളൂ. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളാണെങ്കില്‍ എല്ലാ സ്വര്‍ണ വായ്പകള്‍ക്കും എല്‍ടിവി അനുപാതം 75 ശതമാനം ആയി കണക്കാക്കണമെന്നും ആര്‍ബിഐയുടെ പുതിയ കരട് പറയുന്നു.
ഒരു ഈടില്‍ ഒരു ഒന്നിലധികം സ്വര്‍ണപ്പണയ വായ്പകള്‍ ഇനി ലഭിക്കില്ലെന്നും ആര്‍ബിഐ കരടില്‍ വ്യക്തമാക്കുന്നു. വായ്പ തിരിച്ചടച്ചാല്‍ ഏഴു ദിവസത്തിനകം പണയം വച്ച സ്വര്‍ണം തിരികെ നല്‍കണം.
ഈടായി സ്വീകരിക്കുന്ന സ്വര്‍ണത്തിന്‍റെ പരിശുദ്ധിയും ഭാരവും പരിശോധിക്കാന്‍ ബാങ്കുകള്‍ക്കും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഏകീകൃത നടപടിക്രമം വേണം. എല്ലാ ബ്രാഞ്ചുകളിലും ഈ രീതി പിന്തുടരണം. സ്വര്‍ണപ്പണയ വായ്പ പ്രോത്സാഹിപ്പിക്കുന്നതിനായി തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകരുതെന്നും നിർദ്ദേശത്തിലുണ്ട്.
ഒരാള്‍ക്ക് സ്വര്‍ണാഭരണമായോ സ്വര്‍ണ നാണയമായോ ഒരു കിലോയില്‍ കൂടുതല്‍ സ്വര്‍ണം ഈടായി നല്‍കാന്‍ സാധിക്കില്ല. 50 ഗ്രാമില്‍ കൂടുതലുള്ള സ്വര്‍ണ, വെള്ളി നാണയങ്ങള്‍ ഈടായി നല്‍കാന്‍ സാധിക്കില്ല എന്നിങ്ങനെയും നിബന്ധനകള്‍ പരിഗണനയിലുണ്ട്. ബാങ്കുകള്‍ വില്‍ക്കുന്ന 22 കാരറ്റോ അതിന് മുകളിലോ പരിശുദ്ധയുള്ള നാണയങ്ങള്‍ മാത്രമെ ഈടായി സ്വീകരിക്കാന്‍ പാടുള്ളൂ എന്നും കരട് നിര്‍ദ്ദേശിക്കുന്നു. കരട് മാർഗ്ഗനിർദ്ദേശങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ആർബിഐ ക്ഷണിച്ചിട്ടുണ്ട്. പ്രതികരണങ്ങള്‍ക്ക് ശേഷമാകും അന്തിമമായ നിയമങ്ങള്‍ അറിയിക്കുക.
കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ ഫെബ്രുവരി വരെ രാജ്യത്തെ ബാങ്കുകള്‍ നല്‍കിയ സ്വര്‍ണപ്പണയ വായ്പകളില്‍ 30 ശതമാനം വര്‍ധനവാണ് ഉണ്ടായത്. ഇതാണ് നിയമങ്ങള്‍ കര്‍ശനമാക്കാനുള്ള ആര്‍ബിഐ തീരുമാനത്തിന് പിന്നില്‍.