സ്വർണ വില 50,000 കടന്നിട്ട് കുറച്ചു നാളായി. ജൂൺ മാസത്തിൽ ആശ്വാസമായി തുടക്കത്തിൽ പവന് 160 രൂപയുടെ കുറവുണ്ടായിട്ടുണ്ട്. 53,200 രൂപയാണ് ഇന്ന് കേരള വിപണിയിൽ ഒരു പവൻറെ വില. സ്വർണ വില ഉയരുന്നതോടെ സ്വർണം സൂക്ഷിക്കുന്നതിലെ റിസ്കും ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ വീട്ടിൽ സ്വർണം സൂക്ഷിക്കുന്നതിന് നികുതിയുമായി ബന്ധപ്പെട്ട ചില നിയമങ്ങളും അറിയേണ്ടതുണ്ട്.
എത്ര സ്വർണം വീട്ടിൽ സൂക്ഷിക്കാം
ആവശ്യമുള്ളത്ര അളവിൽ സ്വർണം വീട്ടിൽ സൂക്ഷിക്കാം എന്നതാണ് ഇന്ത്യയിൽ ഇത് സംബന്ധിച്ചുള്ള നികുതി നിയമം പറയുന്നത്. അതേസമയം, നികുതി ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ സ്വർണം വാങ്ങാനുള്ള പണത്തിൻറെ ഉറവിടം കാണിക്കേണ്ടിവരും. പണത്തിൻറെ ഉറവിടം കാണിക്കാതെ സൂക്ഷിക്കാവുന്ന സ്വർണത്തിന്റെ അളവിൽ ചില പരിധിയുണ്ട്. ഇത് സ്ത്രീക്കും പുരുഷനും വ്യത്യസ്ത അളവിലാണ്. കല്യാണം കഴിഞ്ഞ സ്ത്രീകളാണെങ്കിൽ 500 ഗ്രാം വരെ സ്വർണം വീട്ടിൽ സൂക്ഷിക്കാം. അവിവാഹിതയായ സ്ത്രീക്ക് 250 ഗ്രാം സ്വർണം സൂക്ഷിക്കാം. പുരുഷന്മാർക്ക് 100 ഗ്രാം സ്വർണമാണ് രേഖകൾ ആവശ്യമില്ലാതെ വീട്ടിൽ സൂക്ഷിക്കാൻ സാധിക്കുക. കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് പ്രകാരം, വെളിപ്പെടുത്തിയ വരുമാനം ഉപയോഗിച്ച് വാങ്ങുന്ന സ്വർണത്തിന് നികുതി നൽകേണ്ടതില്ല.
സ്വർണത്തിന് എപ്പോൾ നികുതി
സാധാരണയായി സ്വർണാഭരണങ്ങളായോ, നാണയമായോ, സ്വർണ കട്ടികളായോ ആണ് സ്വർണം വാങ്ങിവെയ്ക്കുന്നത്. സ്വർണം വിൽക്കുമ്പോഴോ മറ്റൊരു ഡിസൈനായി ആഭരണങ്ങൾ മാറ്റുമ്പോഴോ സ്വർണത്തിന് നികുതി വരും. എത്ര കാലം സ്വർണം കയ്യിൽ വെയ്ക്കുന്നു (ഹോൾഡിംഗ് കാലയളവ്) എന്നതിനെ അടിസ്ഥാനമാക്കിയാണ് നികുതി നിർണയിക്കുക. സ്വർണ വിൽക്കുമ്പോഴുണ്ടാകുന്ന ലാഭത്തെ (capital gains) ഹോൾഡിംഗ് കാലയളവ് അടിസ്ഥാനമാക്കി നികുതി കണക്കാക്കാൻ ഹ്രസ്വകാലം (short-term), ദീർഘകാലം (long-term) തരംതരിച്ചിട്ടുണ്ട്.
മൂന്ന് വർഷത്തിൽ കുറവ് കാലയളവ് (36 മാസം) ഹോൾഡ് ചെയ്തതിന് ശേഷം വിൽപ്പന നടത്തുമ്പോൾ ഹ്രസ്വകാലമായി കണക്കാക്കും. ഹ്രസ്വകാലത്തെ മൂലധന നേട്ടം ആകെ വരുമാനത്തിനൊപ്പം ചേർത്ത് നികുതി ബ്രാക്കറ്റിന് അടിസ്ഥാനത്തിൽ നികുതി ഈടാക്കും. ഹോൾഡിംഗ് കാലയളവ് മൂന്ന് വർഷത്തിൽ കൂടുതലാണെങ്കിൽ ദീർഘകാലമായി കണക്കാക്കും. ദീർഘകാലടിസ്ഥാനത്തിലുണ്ടാക്കിയ മൂലധന നേട്ടത്തിന് 20 ശതമാനം നികുതിയും സർചാർജും സെസ്സും ഈടാക്കും.