ആദായനികുതി ഇ–ഫയലിങ് (Income Tax E-Filing) പൂർത്തിയാക്കാനുള്ള സമയം അടുക്കുകയാണ്. ചെയ്യാനുള്ള മടി കൊണ്ടോ പേടി കൊണ്ടോ വിദഗ്ധരുടെ സഹായം തേടുകയാണ് പലരും. ജൂലൈ 31 ആണല്ലോ അവസാന തീയതി. അതുവരെ കാത്തു നിന്നാല്‍ സാങ്കേതിക തടസങ്ങള്‍ നേരിടാന്‍ സാധ്യതയുണ്ട്. ലളിതമായി ആര്‍ക്കും ഇ ഫയലിങ് ചെയ്യാം. പുതിയ നിയമപ്രകാരം 7 ലക്ഷം രൂപ വാർഷിക വരുമാനമുള്ളവർക്ക് ആദായനികുതി ഇല്ല. പക്ഷേ, ആ ഗുണം പൂർണമായും ലഭിക്കണമെങ്കിൽ ഇ–ഫയലിങ് നിർബന്ധമായും ചെയ്തിരിക്കണം.
ഇ–ഫയലിങ് രീതി
പഴ്സണൽ ഇൻഫർമേഷൻ, ഗ്രോസ് ടോട്ടൽ ഇൻകം, ടോട്ടൽ ഡിഡക്ഷൻ, ടാക്സ് പെയ്ഡ്, ടോട്ടൽ ടാക്സ് ലയബിലിറ്റി എന്നീ 5 പ്രീ ഫയൽഡ് സെക്ഷനുകളിലായി വേണം ഫയലിങ് പൂർത്തിയാക്കാൻ.
ആദ്യം പോർട്ടൽ തുറക്കുക (https://eportal.incometax.gov.in/iec/foservices/#/login
ആദ്യമായി റിട്ടേണ്‍ ഫയൽ ചെയ്യുന്നവർ പോർട്ടലിൽ റജിസ്റ്റർ ചെയ്യണം. മുൻപ് റജിസ്റ്റർ ചെയ്തിട്ടുള്ളവർ പാൻ/ആധാർ നമ്പർ ഉപയോഗിച്ച് യൂസർ ഐഡി പാസ്‍വേഡ് എന്നിവ നൽകി ലോഗിൻ ചെയ്യുക. നെറ്റ് ബാങ്കിങ്, ഡീമാറ്റ് അക്കൗണ്ട് എന്നിവ വഴി ഇ–ഫയലിങ് പേജിലേക്ക് നേരിട്ട് പ്രവേശിക്കാം.
ഡാഷ് ബോർഡിൽ E–FILE ക്ലിക്ക് ചെയ്യുക. INCOMETAX RETURN <FILE INCOME TAX RETURN> ക്ലിക്ക് ചെയ്യുക. പാൻ ആധാറുമായി ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ പാൻ നമ്പർ പ്രവർത്തനരഹിതമെന്ന മെസേജ് ലഭിക്കും.എങ്കിൽ താഴത്തെ ലിങ്കിൽ ക്ലിക്ക് ചെയ്ത് ആധാറുമായി ബന്ധിപ്പിച്ച ശേഷം കണ്ടിന്യൂ ടാബില്‍ ക്ലിക്ക് ചെയ്യുക.
ഫയൽ ചെയ്യുന്ന അസസ്‍മെന്‍റ് ഇയർ 2024-25 (CURRENT AY) തിരഞ്ഞെടുക്കുക. ഓൺലൈൻ മോഡ് തിരഞ്ഞെടുത്ത് കണ്ടിന്യൂ ക്ലിക്ക് ചെയ്യുക. സ്റ്റാർട്ട് ന്യൂ ഫയലിംഗ് തുറന്ന് കണ്ടിന്യൂ ക്ലിക്ക് ചെയ്യുക. നേരത്തെ ഫയലിങ് ചെയ്തെങ്കിലും സബ്മിഷൻ പൂർത്തിയാക്കിയിട്ടില്ലെങ്കിൽ റെസ്യൂം ഫയലിംഗ് എന്നതിൽ ക്ലിക്ക് ചെയ്താൽ മതി. പുതുതായി ചെയ്യാൻ ആണെങ്കിൽ സ്റ്റാർട്ട് ന്യൂ ഫയലിംഗ് ബട്ടൺ അമർത്തുക. സ്റ്റാറ്റസ് എന്നതിൽ ഇൻഡിവിജ്വൽ ക്ലിക്ക് ചെയ്യുക.
ഇവിടെ റിട്ടേൺ നൽകാൻ രണ്ട് ഓപ്ഷൻ കാണാം.ഏത് ഐടിആർ ഫോം ആണെന്ന് അറിയാമെങ്കിൽ അത് ക്ലിക്ക് ചെയ്ത് മുന്നോട്ടുപോവുക.
ഏത് ഫോം ആണെന്ന് ആശയക്കുഴപ്പമുണ്ടോ?
എങ്കിൽ HELP ME DECIDE WHICH ITR FORM TO FILEല്‍ ക്ലിക്ക് ചെയ്യുക. ഏത് ഫോം ആണ് വേണ്ടതെന്ന് തീരുമാനിക്കാൻ സിസ്റ്റം നിങ്ങളെ സഹായിക്കും. അനുയോജ്യമായത് തിരഞ്ഞെടുക്കുക.
2024–25 ന്യൂ ടാക്സ് റെജിം ആയിരിക്കും പോർട്ടലിൽ ഉണ്ടാവുക. നിങ്ങൾക്ക് പഴയ സ്ലാബ് ആണ് വേണ്ടതെങ്കിൽ ഒപ്റ്റ് ഔട്ട് ഓപ്ഷനിൽ യെസ് എന്ന് ക്ലിക്ക് ചെയ്യണം. തുടർന്ന് പഴ്സണൽ ഇൻഫർമേഷൻ പേജ് തുറക്കും. ഇവിടെ നിങ്ങളുടെ പേര്, വിലാസം, ആധാർ നമ്പർ, ജനനത്തീയതി തുടങ്ങിയവ കാണാം ഓരോന്നും ശരിയാണോ എന്ന് പരിശോധിക്കുക. മൊബൈൽ നമ്പർ, ഈമെയിൽ ഐഡി, ബാങ്ക് അക്കൗണ്ട് നമ്പർ എന്നിവ വേണമെങ്കിൽ മാറ്റാം. ബാങ്ക് അക്കൗണ്ട് പ്രീ വാലിഡേറ്റ് ചെയ്യാൻ മറക്കരുത്.
നേച്ചർ ഓഫ് എംപ്ലോയ്മെന്റ്
ഇതിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ ജോലി തിരഞ്ഞെടുക്കുക. കേന്ദ്ര, സംസ്ഥാന ഗവൺമെന്‍റ് ജോലി, പെൻഷൻകാർ, പൊതുമേഖല സ്ഥാപനങ്ങളിലെ ജോലി, ഫാമിലി പെൻഷൻ, അതേഴ്സ് (Others) എന്നിവയിൽ ഉചിതമായത് തിരഞ്ഞെടുക്കുക. കൺഫേം ക്ലിക്ക് ചെയ്യുക.
അടുത്തത് ഗ്രോസ് ടോട്ടൽ ഇൻകം ആണ്. ഇവിടെ ഈ സാമ്പത്തിക വർഷത്തെ നിങ്ങളുടെ പുതിയ വരുമാനത്തിന്‍റെ വിവരങ്ങൾ നൽകുക. വരുമാനത്തിന്‍റെ ഉറവിടം ഇവിടെയാണ് നൽകേണ്ടത്. വാടക വരുമാനം ഉണ്ടെങ്കിൽ അതും മറ്റു വരുമാനം ഉണ്ടെങ്കില്‍ അതും ഉൾപ്പെടുത്തണം. ശേഷം സേവ് ചെയ്ത് ക്ലിക്ക് ചെയ്യുക.
നിങ്ങൾക്ക് ഇനിയും ടാക്സ് ലയബിലിറ്റി ഉണ്ടെങ്കിൽ അതിന്‍റെ വിവരങ്ങൾ ഇവിടെ കാണിക്കും.അതിൽ PAY NOW, PAY LATER എന്നിങ്ങനെ രണ്ട് ഒപ്ഷനുകൾ ഉണ്ടാകും. പേ നൗ ഒപ്ഷൻ ആണ് എപ്പോഴും നല്ലത്. LATER ആണെങ്കിൽ റിട്ടേൺ ഫയൽ ചെയ്തശേഷം പേയ്മെന്‍റ് ചെയ്യാം. പക്ഷേ ലയബിലിറ്റി ടാക്സ് നൽകേണ്ടി വന്നേക്കാം.
ഇനി നികുതി അടയ്ക്കേണ്ടതില്ല അല്ലെങ്കിൽ റീഫണ്ടിന് അർഹതയുണ്ടെങ്കിൽ പ്രിവ്യൂ റിട്ടേൺ ക്ലിക്ക് ചെയ്താൽ റിവ്യൂ ആൻഡ് സബ്മിറ്റ് യുവർ റിട്ടേൺ പേജിലേക്ക് പോകും. പേ നൗ ഓപ്ഷൻ തിരഞ്ഞെടുത്താൽ ഈ പേ ടാക്സ് സർവീസ് പേജിൽ എത്തും. നികുതി അടച്ചശേഷം കണ്ടിന്യൂ ക്ലിക്ക് ചെയ്യുക. ഇങ്ങനെ വിജയകരമായി ടാക്സ് പെയ്മെന്‍റ് പൂർത്തിയാക്കിയാൽ ബാക് ടു റിട്ടേൺ ഫയലിംഗ് അമർത്തുക.
വിവരങ്ങള്‍ പരിശോധിക്കാം
കൊടുത്ത വിവരങ്ങൾ എല്ലാം ശരിയാണോ എന്ന് ഒന്നുകൂടി പരിശോധിക്കുക. അതിനുശേഷം ഡിക്ലറേഷൻ ചെക്ക് ബോക്സിൽ ടിക് ചെയ്ത് പ്രോസീഡ് ടു പ്രിവ്യൂ ക്ലിക്ക് ചെയ്യുക. അപ്പോൾ നിങ്ങൾ നൽകിയ വിവരങ്ങൾ റിവ്യൂവിൽ വരും അത് ഒത്തു നോക്കി ഉറപ്പുവരുത്തുക. എന്തെങ്കിലും തെറ്റുണ്ടെങ്കിൽ അതുമായി ബന്ധപ്പെട്ട പേജിലേക്ക് തിരികെ പോയി തിരുത്തണം. അതിനുശേഷം പ്രൊസീഡ് ടു വാലിഡേഷൻ ക്ലിക്ക് ചെയ്യുക.
അങ്ങനെ വാലിഡേറ്റ് ചെയ്തു കഴിഞ്ഞാൽ റിവ്യൂ ആൻഡ് സബ്മിറ്റ് യുവർ റിട്ടേൺ പേജിലേക്ക് വരും. അപ്പോൾ പ്രൊസീഡ് ഫോർ വെരിഫിക്കേഷൻ ക്ലിക്ക് ചെയ്യുക. കംപ്ലീറ്റ് ഇ–വെരിഫിക്കേഷൻ പേജിൽ നിങ്ങൾക്ക് ഉചിതമായ ഓപ്ഷൻ തിരഞ്ഞെടുത്ത് ഇ–വെരിഫൈ ചെയ്യുക. റിട്ടേൺ സബ്മിറ്റ് ചെയ്ത 30 ദിവസത്തിനകം വെരിഫിക്കേഷൻ പൂർത്തിയാക്കണം. വെരിഫിക്കേഷൻ പൂർത്തിയായാൽ രജിസ്റ്റേർഡ് മൊബൈൽ, ഇമെയിൽ ഐഡി എന്നിവയിലേക്ക് മെസ്സേജ് വരും. 30 ദിവസത്തിന് ശേഷമാണ് വെരിഫിക്കേഷൻ ചെയ്യുന്നതെങ്കിൽ വൈകി ഫയൽ ചെയ്തതിനുള്ള നടപടിക്രമങ്ങൾ ഉണ്ടാകാം.
അവസാന തിയതി ജൂലൈ31
ആദായ നികുതി റിട്ടേണുകൾ അടയ്ക്കാനുള്ള അവസാന തീയതിയായ ജൂലൈ 31 ന് ഇനി ദിവസങ്ങളേയുള്ളു. അവസാന നിമിഷത്തേക്ക് വയ്ക്കാതെ നേരത്തെ തന്നെ റിട്ടേണുകൾ ഫയൽ ചെയ്യാം.