രാജ്യത്തെ പൗരന്മാര്‍ക്ക് ബാങ്ക് അക്കൗണ്ട് തുറക്കുന്നത് മുതല്‍ ആദായ നികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നത് വരെയുള്ള ഒരു സുപ്രധാന രേഖയാണ് പാന്‍ കാര്‍ഡ്. നിലവിലെ പാന്‍കാര്‍ഡ് സോഫ്റ്റ്വെയര്‍ 15-20 വര്‍ഷം പഴക്കമുള്ളതാണെന്നും നവീകരിക്കേണ്ടതുണ്ടെന്നും കണ്ട് പാന്‍ 2.0 നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.
ആദായ നികുതി വകുപ്പിന്‍റെ പാന്‍ 2.0 പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയതോടെ പുതിയ പാന്‍ കാര്‍ഡ് ഉടന്‍ ലഭിക്കും. നികുതിദായകര്‍ക്ക് പൂര്‍ണമായി ഡിജിറ്റല്‍ ആയി പാന്‍ സേവനം ലഭ്യമാക്കുന്നതിനായാണ് പുതിയ കാര്‍ഡ് നല്‍കുന്നത്. പാന്‍/ടാന്‍ സേവനങ്ങളുടെ സാങ്കേതികവിദ്യാധിഷ്ഠിത മാറ്റത്തിലൂടെ നികുതിദായകരുടെ രജിസ്ട്രേഷന്‍ സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള ഇ-ഗവേണന്‍സ് സംരംഭമാണ് പാന്‍ 2.0. 1435 കോടി രൂപയാണ് ഈ പദ്ധതിക്കായി ചെലവഴിക്കുന്നത്.
Also Read; വരുന്നു ഫെംഗൽ ചുഴലിക്കാറ്റ്; കേരളത്തിലും ജാഗ്രത
നിലവില്‍ ക്യൂ ആര്‍ കോഡുള്ള പാന്‍ കാര്‍ഡ് ലഭിച്ചവര്‍ പുതിയ പാനിന് അപേക്ഷിക്കേണ്ടതില്ല. തിരുത്തലുകളോ കൂട്ടിച്ചേര്‍ക്കലുകളോ ഉണ്ടെങ്കില്‍ മാത്രം പുതിയതിനായി അപേക്ഷിച്ചാല്‍ മതി. 1961ലെ ആദായ നികുതി നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം ഒരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ പാന്‍ കാര്‍ഡുകള്‍ കൈവശം വെയ്ക്കാന്‍ അനുവാദമില്ല. ഒന്നില്‍ കൂടുതല്‍ ഉള്ളവര്‍ അസസിങ് ഓഫീസറുടെ ശ്രദ്ധയില്‍പ്പെടുത്തുകയും അത് ഒഴിവാക്കാനുള്ള നടപടിക്രമങ്ങള്‍ പാലിക്കുകയും വേണം.
2017-18 മുതല്‍ പാന്‍ കാര്‍ഡുകളില്‍ ക്യൂആര്‍ കോഡ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയതിലും അത് തുടരും. ഏറ്റവും പുതിയ വിവരങ്ങള്‍ ലഭ്യമാക്കുന്നവിധത്തിലായിരിക്കും പാന്‍ 2.0ലെ ഡൈനാമിക് ക്യൂആര്‍ കോഡ്. ക്യൂആര്‍ കോഡ് ഇല്ലാത്ത പഴയ പാന്‍ കാര്‍ഡ് ഉടമകള്‍ക്ക് പുതിയ കാര്‍ഡിന് അപേക്ഷിക്കാം. പാന്‍ വിവരങ്ങള്‍ സ്ഥിരീകരിക്കാന്‍ ക്യൂആര്‍ കോഡ് വഴി കഴിയും.
നിലവില്‍ മൂന്ന് വ്യത്യസ്ത പോര്‍ട്ടലുകള്‍(ഇ-ഫയലിങ് പോര്‍ട്ടല്‍, യുടിഐഐഎസ്എല്‍, പ്രോട്ടീന്‍ ഇ-ഗവ. പോര്‍ട്ടല്‍) വഴി ചെയ്യുന്ന പാനുമായി ബന്ധപ്പെട്ട സേവനങ്ങളെല്ലാം ഏകൃകൃത സംവിധാനത്തിന് കീഴിലാകും. പാന്‍ അനുവദിക്കല്‍, പുതുക്കല്‍, ടാന്‍ അനുവദിക്കല്‍, പുതുക്കല്‍, ഓണ്‍ലൈന്‍ വെരിഫിക്കേഷന്‍, ആധാര്‍-പാന്‍ ബന്ധിപ്പിക്കല്‍, ഇ-പാന്‍ അപേക്ഷ, പാന്‍ കാര്‍ഡ് ലഭിക്കുന്നതിനുള്ള അപേക്ഷ എന്നിവയെല്ലാം ഏകീകൃത സംവിധാനം വഴി നല്‍കാന്‍ കഴിയും. പാന്‍ അനുവദിക്കല്‍, പുതുക്കല്‍, തിരുത്തലുകള്‍ വരുത്തല്‍ എന്നിവ സൗജന്യമായി ചെയ്യാന്‍ കഴിയും.