TOPICS COVERED

നികുതിയടക്കാന്‍ വരുമാനമുണ്ടായിട്ടും നികുതി റിട്ടേണ്‍ സമര്‍പ്പിക്കാത്തവരില്‍ നിന്നും 37,000 കോടി രൂപ പിരിച്ചെടുത്ത് ആദായ നികുതി വകുപ്പ്. കഴിഞ്ഞ 20 മാസത്തിനിടെ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് ഇത്രയും തുക കണ്ടെത്തിയത്. സ്വര്‍ണം വാങ്ങിയത്, വസ്തു, അവധി ആഘോഷങ്ങള്‍ എന്നിവയ്ക്കുള്ള ചിലവ് പണമായി നല്‍കിയവരുടെയും കണക്കെടുത്താണ് ആദായ നികുതി വകുപ്പ് നികുതി വെട്ടിപ്പ് പിടികൂടിയത്. 

2019-20 കാലത്തെ ഇടപാടുകള്‍ പരിശോധിച്ചതിലൂടെയാണ് വലിയ നികുതി വെട്ടിപ്പ് കണ്ടെത്തിയത്. 37,000 കോടി രൂപയില്‍ 1,320 കോടി രൂപയും വലിയ തുകയുടെ ഇടപാട് നടത്തിയവരില്‍ നിന്നാണ്. കാര്യമായ ചfലവുകളും നികുതി ബാധ്യതകളും ഉണ്ടായിരുന്നിട്ടും പലരും നികുതി ബാധ്യതയില്ലെന്ന് അവകാശപ്പെട്ട് റിട്ടേൺ സമർപ്പിച്ചതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. നികുതിദായകരുടെ ചെലവ് പാറ്റേൺ, നികുതി റിട്ടേണിലെ വരുമാനവുമായി ഒത്തുപോകുന്നില്ലെങ്കില്‍ നികുതി വെട്ടിപ്പ് കണ്ടെത്താനുള്ള നടപടികളിലേക്കാണ് വകുപ്പ് കടക്കുന്നത്. 

വിവിധ ഇടപാടുകള്‍ ആദായ നികുതി വകുപ്പിന്‍റെ റഡാറില്‍പ്പെടുന്നവയാണ്. സാമ്പത്തിക വര്‍ഷത്തില്‍ സേവിങ്സ് അക്കൗണ്ടില്‍ 10 ലക്ഷത്തിന് മുകളില്‍ പണം നിക്ഷേപിക്കുകയോ കറന്‍റ് അക്കൗണ്ടില്‍ 50 ലക്ഷം നിക്ഷേപിക്കുകയോ ചെയ്താല്‍ ഉയര്‍ന്ന മൂല്യമുള്ള ഇടപാടായി കണക്കാക്കും. ദിവസം 2 ലക്ഷം രൂപയുടെ ഇടപാട് നടത്തുന്നതും ആദായ നികുതി വകുപ്പിന്‍റെ പരിശോധനയില്‍പ്പെടും. 

റിയല്‍ എസ്റ്റേറ്റ് ഇടപാടില്‍ 30 ലക്ഷം രൂപയ്ക്ക് മുകളില്‍ മൂല്യം വരുന്ന ഇടപാടുകള്‍ നടന്നാല്‍ ആദായ നികുതി വകുപ്പിന് വിവരം ലഭിക്കും. ഇത്തരം ഇടപാട് വിവരങ്ങള്‍ ആദായ നികുത റിട്ടേണില്‍ നികുതിദായകര്‍ വ്യക്തമാക്കണം. 

ബിസിനസ് ക്ലാസിലുള്ള വിമാന യാത്ര, ട്യൂഷൻ, ഡൊണേഷന്‍ പേയ്‌മെന്‍റുകള്‍, ആഭരണങ്ങൾ, പെയിന്‍റിങുകൾ എന്നിവ വാങ്ങുന്നത്, സാമ്പത്തിക വർഷത്തിൽ ഒരു ലക്ഷം രൂപയിൽ കൂടുതലുള്ള വൈദ്യുതി ഉപഭോഗം തുടങ്ങിയ ഉയർന്ന മൂല്യമുള്ള ഇടപാടുകളും ആദായ നികുതി വകുപ്പിന്‍റെ പരിശോധനയില്‍ വരും. 

അതേസമയം, ഏപ്രില്‍– നവംബര്‍ മാസത്തിനിടയിലുള്ള പ്രത്യക്ഷ നികുതി പിരിവ് 15.40 ശതമാനം ഉയര്‍ന്ന് 12.10 ലക്ഷം കോടി രൂപയായി. 5.10 കോടി രൂപ കോര്‍പ്പറേറ്റ് ടാക്സായും 6.61 കോടി രൂപ നോണ്‍ കോര്‍പ്പറേറ്റ് ടാക്സായുമാണ് പിരിച്ചെടുത്തത്. 

ENGLISH SUMMARY:

Income Tax Department recovers Rupees 37,000 crore from those who failed to file returns despite earnings.