ഡി. ഗുകേഷ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാംപ്യനാകുമ്പോള്‍ കയ്യിലെത്തുന്നത് കോടികളാണ്. ചൈനയുടെ ഡിങ് ലിറനെ തോല്‍പ്പിച്ചാണ് ഗുകേഷ് കോടിപതിയാകുന്നത്. 11 കോടി രൂപയ്ക്ക് മുകളിലാണ് ഗുകേഷിന് സമ്മാനത്തുകയായി ലഭിക്കുക. ഇതോടെ ഗുകേഷ് നല്‍കേണ്ട നികുതി വരുന്ന സീസണില്‍ എം.എസ് ധോണിക്ക് ചെന്നൈ നല്‍കുന്ന ശമ്പളത്തേക്കാള്‍ കൂടുതലാണ്.
11.34 കോടി രൂപ വരുമാനമായി ലഭിക്കുമ്പോള്‍ ഗുകേഷിന്‍റെ നികുതി ബാധ്യത 4.67 കോടി രൂപയാകും. ഇത് 2025 ഐപിഎല്‍ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് എം.എസ് ധോണിക്ക് നല്‍കുന്ന ശമ്പളത്തേക്കാള്‍ കൂടുതലാണ്. നാലു കോടിയാണ് ചെന്നൈയില്‍ ധോണിയുടെ ശമ്പളം.
ഇന്ത്യയില്‍ വരുമാനം 15 ലക്ഷം രൂപയില്‍ കൂടുതലായാല്‍ 30 ശതമാനമാണ് നികുതി. അഞ്ച് കോടി രൂപ കടന്നാല്‍ സര്‍ചാര്‍ജ് സഹിതം 37 ശതമാനം വരെയാകും നികുതി. നാലു ശതമാനം ഹെല്‍ത്ത്, എഡ്യുക്കേഷന്‍ സെസ് അടക്കം 42 ശതമാനത്തോളമാകും ആകെ നികുതി. ഇപ്രകാരം 4.67 കോടി രൂപയാകും ഗുകേഷിന്‍റെ നികുതി ബാധ്യത.
ഓരോ മത്സരത്തിലെ സമ്മാനവും ഫൈനലിസ്റ്റുകള്‍ തമ്മില്‍ വീതിക്കുന്ന തുകയും സഹിതമാണ് 11 കോടി രൂപയ്ക്ക് മുകളിലാണ് ഗുകേഷിന് സമ്മാനം ലഭിക്കുന്നത്. 20.75 കോടി രൂപയാണ് ചാംപ്യന്‍ഷിപ്പിന്‍റെ മൊത്തം സമ്മാനത്തുക. ലോക ചെസ് ഫെഡറേഷന്‍ നിയമപ്രകാരം, ഓരോ മത്സരത്തിലും വിജയികള്‍ക്ക് 1.68 കോടി രൂപയോളം ലഭിക്കും. ബാക്കി സമ്മാനത്തുക രണ്ട് ഫൈനലിസ്റ്റുകള്‍ തമ്മില്‍ വീതിക്കും.
മൂന്ന് മത്സരം വിജയിച്ച ഗുകേഷ് ഏകദേശം 5.04 കോടി രൂപ ലഭിക്കും. ബാക്കി വരുന്ന 15 ലക്ഷം ഡോളര്‍ ഗുകേഷും ഡിങ് ലിറനും വീതിച്ചെടുത്തു. ഇതോടെ ഗുകേഷിന് 11.34 കോടി രൂപയും ലിറന് 9.66 കോടി രൂപയും സമ്മാനം ലഭിക്കും. മത്സരത്തിന് മുന്‍പ് ഗുകേഷിന്‍റെ ആകെ ആസ്തി 8.26 കോടി രൂപയായിരുന്നു. ലോക ചാംപ്യന്‍കൂടിയായതോടെ 21 കോടി രൂപയായി ഉയരും.
അതേസമയം, നികുതിയുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പിന് സമൂഹമാധ്യമങ്ങളില്‍ ട്രോള്‍ പൂരമാണ്. ഗുകേഷ് മത്സരിച്ച് കോടികള്‍ വാങ്ങുമ്പോള്‍ ഒന്നും ചെയ്യാതെ കോടികള്‍ സ്വന്തമാക്കുന്ന ആദായ നികുതി വകുപ്പിനെ അഭിനന്ദിക്കുകയാണ് എക്സിലെ അക്കൗണ്ടുകള്‍. 'ടാക്സ് ഡിഡക്റ്റഡ് ബൈ സീതാരാമന്‍' എന്നാണ് എക്സിലെ ഒരു കമന്‍റ്.