ആദായ നികുതി വെട്ടിപ്പ് തടയാന്‍ പുതിയ മാര്‍ഗങ്ങളിലേക്ക് കടന്ന് ആദായ നികുതി വകുപ്പ്. ബാങ്കില്‍ നിന്നുള്ള പണം പിന്‍വലിക്കല്‍ വിശകലനം ചെയ്ത് മാസത്തിലെ ചെലവാക്കല്‍ വിവരങ്ങള്‍ ആവശ്യപ്പെട്ട് ആദായ നികുതി വകുപ്പ് നോട്ടീസ് അയക്കുന്നതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
വീട്ടുചെലവുകളുടെ വിശദാംശങ്ങളാണ് ആദായ നികുതി വകുപ്പ് നോട്ടീസില്‍ ആവശ്യപ്പെടുന്നത്. ആട്ട, അരി, പലവ്യഞ്ജനങ്ങള്‍, എണ്ണ, ഗ്യാസ്, ഷൂ, മേക്ക്അപ്പ് ചെലവുകള്‍, വിദ്യാഭ്യാസ ചെലവ്, പുറത്തുനിന്ന് ഭക്ഷണം കഴിച്ചതിന്‍റെ ചെലവ് മുതല്‍ മുടിവെട്ടിയതടക്കമുള്ള ചെലവുകളാണ് ആവശ്യപ്പെടുന്നത്.
കൂടുതല്‍ പേര്‍ക്ക് ഇത്തരം നോട്ടീസുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് ടാക്സ് പ്രാക്ടീഷണർമാർ പറഞ്ഞു. എന്നാല്‍ ഉയര്‍ന്ന വരുമാനവും എന്നാല്‍ ഇതിനൊത്ത ചെലവും കാണിക്കാത്ത ചുരുക്കം ചിലര്‍ക്ക് മാത്രമാണ് നോട്ടീസ് അയച്ചതെന്നാണ് ആദായ നികുതി വകുപ്പ് പറയുന്നത്. വരുമാനത്തിന് അനുസരിച്ചുള്ള ജീവിത നിലവാരം കാണിക്കാത്തവരിലേക്കാണ് ആദായ നികുതി വകുപ്പ് എത്തുന്നത്. ഇത്തരക്കാര്‍ക്ക് കള്ളപണം വെളുപ്പിക്കുന്നടക്കമുള്ള നടപടികളുണ്ടോ എന്നാണ് ആദായ നികുതി വകുപ്പ് സംശയിക്കുന്നത്.
റിട്ടേണുകളിലെ യഥാർത്ഥ വരുമാനം കുറച്ചുകാണുന്നത് സംബന്ധിച്ച് വിവരം ലഭിച്ചവര്‍ക്ക് മാത്രമാണ് നോട്ടീസുകള്‍ അയച്ചതെന്ന് നികുതി ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഉയര്‍ന്ന വരുമാനമുള്ളവരെയാണ് ഇത്തരത്തില്‍ പരിശോധിക്കുന്നത്. ആദായ നികുതി വകുപ്പ് അയച്ച നോട്ടീസില്‍ കുടുംബാംഗങ്ങളുടെ വിവരങ്ങള്‍, പാന്‍ വിവരങ്ങള്‍, വാര്‍ഷിക വരുമാനം എന്നിവയും ആവശ്യപ്പെടുന്നുണ്ട്. വിവരം നല്‍കിയിട്ടില്ലെങ്കില്‍ വാര്‍ഷിക ചെലവാക്കല്‍ തുക ഒരു കോടി രൂപയായി അനുമാനിക്കുമെന്നും വകുപ്പ് വ്യക്തമാക്കി.
ആഡംബര ജീവിത ശൈലിയും എന്നാല്‍ ബാങ്കില്‍ നിന്നുള്ള പിന്‍വലിക്കലുകള്‍ കുറവുള്ളതുമായ വ്യക്തികളിലേക്കാണ് ആദായ നികുതി വകുപ്പ് എത്തുന്നതെന്നും വെളിപ്പെടുത്താത്ത വരുമാന സ്രോതസ്സുള്ളവരാകാം ഇത്തരക്കാരെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.