നികുതി വെട്ടിപ്പ് തടയാന്‍ നിയമങ്ങള്‍ കടുപ്പിക്കുകയാണ് ആദായ നികുതി വകുപ്പ്. ആദായ നികുതി വെട്ടിപ്പ് നടത്തിയെന്നോ വെളിപ്പെടുത്താത്ത വരുമാനം ഉണ്ടെന്നോ സംശയിക്കുന്നവരുടെ ഡിജിറ്റല്‍ അക്കൗണ്ടുകള്‍ പരിശോധിക്കുന്നതിന് നികുതി വകുപ്പിന് നിയമപരമായ അവകാശം ലഭിക്കുകയാണ്. പുതിയ ആദായ നികുതി ബില്‍ പ്രകാരമാണ് മാറ്റങ്ങള്‍.
ഇതുപ്രകാരം, 2026 ഏപ്രില്‍ ഒന്നു മുതല്‍ ആദായ നികുതി വകുപ്പിന് നികുതിദായകരുടെ സോഷ്യല്‍ മീഡിയ, വ്യക്തിഗത ഇ–മെയില്‍, ബാങ്ക് അക്കൗണ്ട്, ഓണ്‍ലൈന്‍ ഇന്‍വെസ്റ്റ്മെന്‍റ് അക്കൗണ്ടുകള്‍ എന്നിവ പരിശോധിക്കാനുള്ള നിയമപരമായ അവകാശം ലഭിക്കുക. പണമായോ സ്വര്‍ണമായോ വസ്തുവായോ ഉള്ള വരുമാനങ്ങള്‍ക്ക് ആദായ നികുതി അടച്ചിട്ടില്ലെങ്കില്‍ നിങ്ങളും ഈകൂട്ടത്തിലേക്ക് വരാം.
നിലവിലെ ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 132 പ്രകാരം, ഒരു വ്യക്തിക്ക് വെളിപ്പെടുത്താത്ത വരുമാനമോ സ്വത്തോ ഉണ്ടെന്ന് ഉദ്യോഗസ്ഥന് വിശ്വസിക്കാവുന്ന വിവരം ലഭിച്ചാല്‍ ആസ്തികളും വിവരങ്ങളും കണ്ടുകെട്ടാന്‍ ആദായ നികുതി ഉദ്യോഗസ്ഥര്‍ക്ക് അനുവാദമുണ്ട്. ഇതിനായി പരിശോധിക്കേണ്ട വസ്തുക്കള്‍ സൂക്ഷിച്ച ലോക്കല്‍, മുറിയുടെ വാതില്‍ എന്നിവയുടെ താക്കോല്‍ ലഭിക്കാത്ത സാഹചര്യത്തില്‍ അവ തകര്‍ക്കാന്‍ നിലവിലെ നിയമം അനുവദിക്കുന്നുണ്ട്.
പുതിയ ആദായ നികുതി നിയമത്തില്‍ കംപ്യൂട്ടര്‍ സിസ്റ്റമോ വെര്‍ച്വല്‍ ഡിജിറ്റല്‍ സ്പേസിലേക്കോ പരിശോധിക്കാനുള്ള അധികാരം ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നുണ്ട്. ആദായനികുതി വെട്ടിച്ചുവെന്ന് സംശയിക്കുന്നുണ്ടെങ്കില്‍ ഉദ്യോഗസ്ഥർക്ക് കമ്പ്യൂട്ടർ സിസ്റ്റങ്ങളിലോ ഇമെയിലുകളിലോ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലോ പരിശോധന നടത്താന്‍ കഴിയുമെന്ന് അർത്ഥം. ആദായനികുതി ബില്ലില്‍ പറയുന്ന വെർച്വൽ ഡിജിറ്റൽ സ്‌പെയ്‌സ് എന്നാല്‍, ഒരു വ്യക്തിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, ബാങ്ക് അക്കൗണ്ടുകൾ, ട്രേഡിംഗ്, നിക്ഷേപ അക്കൗണ്ടുകൾ, ഇ മെയിലുകൾ എന്നിവയാണ്.