സ്വർണ വില സാധാരണക്കാരന് കയ്യെത്തിപ്പിടിക്കാന്‍ കഴിയാത്ത ഉയരങ്ങളിലേക്ക് കുതിക്കുകയാണ്. പുതിയ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിലുണ്ടായ ചെറിയ ഇടിവിനുശേഷം വില വീണ്ടും സർവകാല ഉയരം തൊട്ടു. ഫെബ്രുവരി അവസാനം തുടങ്ങിയ വിലവര്‍ധന ഇനിയും തുടരുമെന്നാണ് സാമ്പത്തികവിദഗ്ധരുടെ നിഗമനം.

 

സ്വര്‍ണത്തെ സമ്പാദ്യമായി കണ്ട് ചെറിയ തുക സ്വരുക്കൂട്ടി ആഭരണങ്ങളും മറ്റും വാങ്ങിവയ്ക്കുന്നവര്‍ക്കാണ് വിലക്കയറ്റം തിരിച്ചടിയാകുന്നത്. വില ഉയര്‍ന്നുകൊണ്ടേയിരിക്കുന്ന സാഹചര്യത്തില്‍ നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണാഭരണങ്ങള്‍ വാങ്ങിവയ്ക്കുന്നതിനെ ഈ രംഗത്തെ വിദഗ്ധര്‍ പിന്തുണയ്ക്കുന്നില്ല. നഷ്ടസാധ്യത, മോഷണ സാധ്യത, ലോക്കര്‍ ചെലവ്, പണിക്കൂലി തുടങ്ങിയവയാണ് ഈ വിയോജിപ്പിന് കാരണം. സ്വര്‍ണത്തില്‍ നിക്ഷേപിക്കാനാണ് പ്ലാന്‍ എങ്കില്‍ ഡിജിറ്റലായി സ്വര്‍ണം വാങ്ങുന്നതാണ് നല്ലത്. അതിനുള്ള ചില വഴികളും അവയുടെ നേട്ടങ്ങളും നോക്കാം.

 

​ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ 

 

സ്വർണത്തിന്റെ വില ഉയരുമ്പോൾ സ്വർണം കയ്യിലുള്ളവരുടെ പ്രധാന ആശങ്ക സുരക്ഷയാണ്. ഇവിടെയാണ് സ്വർണം കയ്യില്‍ വയ്ക്കേണ്ട ആവശ്യമില്ലാത്ത ഗോൾഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളുടെ പ്രധാന്യം. എന്നാൽ വില ഉയരുന്നതിന്റെ നേട്ടം നിക്ഷേപകന് ലഭിക്കുകയും ചെയ്യും. ഇന്ത്യൻ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത, ആഭ്യന്തര സ്വർണ വില ട്രാക്ക് ചെയ്യുന്ന എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ടാണ് ഗോൾഡ് ഇടിഎഫ്. ഇലക്ട്രോണിക് രൂപത്തിൽ സ്വർണം വാങ്ങാനുള്ള മാർ​ഗമാണിത്. കുറഞ്ഞ തുകയ്ക്ക് വാങ്ങാനുള്ള സൗകര്യം, കുറഞ്ഞ നിക്ഷേപച്ചെലവ്, ട്രേഡ് ചെയ്യാനുള്ള എളുപ്പം എന്നിവ കാരണം ഗോള്‍ഡ് ഇടിഎഫുകൾക്ക് വലിയ സ്വീകാര്യതയുണ്ട്. 

 

സ്വർണ വിലയെ അടിസ്ഥാനമാക്കിയാണ് ഗോള്‍ഡ് ഇടിഎഫുകളുടെ പ്രവർത്തനം. ഡീ–മെറ്റീരിയലൈസ്ഡ് രൂപത്തിലുള്ള ഉള്ള ഭൗതിക സ്വർണത്തെ പ്രതിനിധീകരിക്കുന്ന യൂണിറ്റുകളാണിവ. ഗോൾഡ് ഇടിഎഫുകൾ വാങ്ങുക എന്നതിനർത്ഥം ഇലക്ട്രോണിക് രൂപത്തിൽ സ്വർണം വാങ്ങുന്നു എന്നാണ്. ഓരോ യൂണിറ്റുകളായാണ് ​ഗോൾഡ് ഇടിഎഫിൽ നിക്ഷേപിക്കാൻ സാധിക്കുക.

 

ഇലക്ട്രോണിക് രൂപത്തിലാണ് സ്വർണത്തിൽ നിക്ഷേപിക്കുന്നതെങ്കിലും സ്വർണത്തിന്റെ പരിശുദ്ധി ഇടിഎഫ് ഉറപ്പുനൽകും. കൂടാതെ ഓരോ യൂണിറ്റിനും ഉയർന്ന പരിശുദ്ധിയുള്ള ഭൗതിക സ്വർണത്തിന്റെ പിന്തുണയുണ്ട്. ഓഹരി വിപണിയിൽ ട്രേഡ് ചെയ്യുന്നതിനാൽ ഉയർന്ന ലിക്വിഡിറ്റിയുള്ളവയാണ് ​ഗോൾഡ് ഇടിഎഫുകൾ. ആവശ്യമുള്ളപ്പോൾ വാങ്ങാനും വിൽക്കാനും സാധിക്കും. നിക്ഷേപകർക്ക് ഓഹരികൾ പോലെ വാങ്ങുകയും വിൽക്കുകയും ചെയ്യാം. സ്വർണം ആഭരണമായി വാങ്ങുന്നതിന് പണിക്കൂലി, സ്റ്റോറേജ് ചാർജ് തുടങ്ങിയവ ചിലവുകൾ ഉണ്ടാകും. ഇതുമായി താരതമ്യം ചെയ്യുമ്പോൾ സ്വർണ ഇടിഎഫുകൾക്ക് ചെലവ് അനുപാതം വളരെ കുറവാണ്. 

 

ഇടിഎഫിൽ ഒരു ​ഗ്രാം സ്വർണത്തിന്റെ പത്തിലൊന്ന് എന്ന തരത്തിലാണ് യൂണിറ്റിന് വില കണക്കാക്കുന്നത്. അതിനാൽ യൂണിറ്റിന് 60 രൂപയ്ക്ക് അടുത്താണ് പല ഇടിഎഫുകളുടെയും വില. പരിമിതമായ ബജറ്റ് ഉള്ളവർക്ക് പോലും ഈ രീതിയില്‍ സ്വർണം വാങ്ങാം എന്നതാണ് ​ഗുണം. ഇടിഎഫുകൾ വഴി സ്വർണത്തിൽ നിക്ഷേപിക്കാൻ ഡീമാറ്റ് അക്കൗണ്ട് ആവശ്യമാണ്. 

 

 

​ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾ

 

ഡീമാറ്റ് അക്കൗണ്ടില്ലാതെ ഡിജിറ്റലായി സ്വർണത്തിൽ നിക്ഷേപിക്കാനുള്ള മാർ​ഗമാണ് ​ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾ. സ്വർണ ഇടിഎഫുകളുടെ വൈവിധ്യമാർന്ന പോർട്ട്‌ഫോളിയോയിലാണ് ​ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾ നിക്ഷേപിക്കുന്നത്. വൈവിധ്യവൽകരണവും ഫണ്ട് മാനേജർമാരുടെ സജീവമായ സര്‍വീസും ഗോൾഡ് മ്യൂച്വൽ ഫണ്ടുകളിലുണ്ടാകും. അതുകൊണ്ടുതന്നെ ഗോൾഡ് ഇടിഎഫുകളെ അപേക്ഷിച്ച് ചെലവ് അനുപാതം കൂടുതലാണ്. സിസ്റ്റമാറ്റിക്ക് ഇൻവെസ്റ്റ്മെന്റ് പ്ലാനുകളിലൂടെ 500 രൂപ മുതലുള്ള പ്രതിമാസ നിക്ഷേപം ആരംഭിക്കാൻ ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾ സഹായിക്കും.

 

സോവറിൻ ഗോൾഡ് ബോണ്ട് 

 

ഭൗതിക സ്വർണത്തിലെ നിക്ഷേപത്തിന് ബദലായി കേന്ദ്ര സർക്കാർ ആരംഭിച്ച നിക്ഷേപ പദ്ധതിയാണ് സോവറിൻ ​ഗോൾഡ് ബോണ്ട്. ഗ്രാം അടിസ്ഥാനത്തിൽ സോവറിൻ ഗോൾഡ് ബോണ്ടിൽ നിക്ഷേപിക്കാം. മറ്റു സ്വർണ നിക്ഷേപങ്ങളിൽ നിന്ന് വ്യത്യസ്തമായി സോവറിൻ ഗോൾഡ് ബോണ്ടിന് നിക്ഷേപ പരിധിയുണ്ട്. ഇന്ത്യയിൽ താമസിക്കുന്ന വ്യക്തികൾ, അവിഭജിത ഹിന്ദു കുടുംബങ്ങൾ (HUFs), ട്രസ്റ്റുകൾ, സർവകലാശാലകൾ, ചാരിറ്റബിൾ സ്ഥാപനങ്ങൾ എന്നിവയ്ക്കാണ് ഈ ബോണ്ടുകൾ വാങ്ങാനാവുക.

 

ഒരു വ്യക്തിക്ക് ഒരു സാമ്പത്തികവർഷം 4 കിലോ സ്വർണത്തിനുള്ള ബോണ്ട് വാങ്ങാം. ഹിന്ദു അൺഡിവൈഡഡ് ഫാമിലി വിഭാഗത്തിൽപ്പെട്ട കൂട്ടുകുടുംബങ്ങൾക്കും ഒരു സാമ്പത്തികവർഷം 4 കിലോ സ്വർണത്തിൽ മാത്രമേ ഗോൾഡ് ബോണ്ട് നിക്ഷേപം നടത്താൻ കഴിയൂ. ട്രസ്റ്റുകളും മറ്റ് അർഹരായ സ്ഥാപനങ്ങൾക്കും ഒരുവർഷം 20 കിലോ സ്വർണം വരെ ബോണ്ട് ആയി വാങ്ങാൻ അനുമതിയുണ്ട്. സാമ്പത്തിക വർഷത്തിൽ വിവിധ സമയങ്ങളിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയാണ് ബോണ്ട് ഇഷ്യു ചെയ്യുന്നത്. ബാങ്കുകൾ, സ്റ്റോക്ക് എക്സ്ചേഞ്ചുകൾ തുടങ്ങി നിരവധി മാർ​ഗങ്ങളിലൂടെ സബ്സ്ക്രിപ്ഷൻ നടത്താം. 

 

സബ്സ്ക്രിപ്ഷൻ തുടങ്ങുന്നതിന് തൊട്ടുമുൻപുള്ള ആഴ്ചയിലെ അവസാന മൂന്ന് ട്രേഡിങ് ദിനങ്ങളിലെ സ്വർണവിലയുടെ ശരാശരി കണക്കാക്കിയാണ് ബോണ്ട് വില നിശ്ചയിക്കുക. ഏട്ടു വർഷമാണ് ബോണ്ടിന്റെ കാലാവധി.

 

Gold Hit All Time High; Know The Ways To Invest In Gold