പത്ത്, പതിനഞ്ച് വർഷങ്ങൾക്ക് ശേഷം വരുന്ന സാമ്പത്തിക ചെലവിനെ പറ്റി ഇപ്പോഴേ ആശങ്കപ്പെടേണ്ടതില്ല. ശരിയായ രീതിയിൽ നിക്ഷേപം തുടങ്ങിയാൽ ഏത് ചെലവുകളെയും നേരിടാനാകും. പെൺമക്കളുള്ള രക്ഷിതാക്കളാണെങ്കിൽ ഭാവിയിലെ വിദ്യാഭ്യാസ ചെലവുകളെ നേരിടാൻ മികച്ചൊരു വഴിയാണ് സുകന്യ സമൃദ്ധി യോജന. കേന്ദ്ര സർക്കാരിന്റെ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ ക്യാംപയിന്റെ ഭാഗമായി 2015 ലാണ് സുകന്യ സമൃദ്ധി യോജന പദ്ധതി ആരംഭിക്കുന്നത്. പെൺകുട്ടികളുടെ പഠന, വിദ്യാഭ്യാസ ചെലവുകളിൽ രക്ഷിതാക്കൾക്ക് സാമ്പത്തികമായ സഹായം എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. മക്കളുടെ ഭാവി ചെലവുകളിലേക്ക് നികുതി ബാധ്യതകളില്ലാതെ നിക്ഷേപിക്കാം എന്നതാണ് സുകന്യ സമൃദ്ധി യോജനയുടെ ഗുണം.
എന്താണ് സുകന്യ സമൃദ്ധി യോജന
കേന്ദ്രസർക്കാർ പിന്തുണയുള്ള ലഘു സമ്പാദ്യ പദ്ധതികളിലൊന്നാണ് സുകന്യ സമൃദ്ധി യോജന. പെൺമക്കളുടെ പേരിൽ രക്ഷിതാക്കൾക്ക് മാത്രമാണ് സുകന്യ സമൃദ്ധി യോജന അക്കൗണ്ട് ആരംഭിക്കാൻ സാധിക്കുക. പെൺകുട്ടിക്ക് 10 വയസാകുന്നതിന് മുൻപ് അക്കൗണ്ട് ആരംഭിക്കണം. ജോയിൻറ് അക്കൗണ്ട് ആരംഭിക്കാൻ സാധിക്കില്ല. ഒരു കുടുംബത്തിലെ രണ്ട് പെൺമക്കളുടെ പേരിൽ അക്കൗണ്ട് ആരംഭിക്കാം.
2024 സാമ്പത്തിക വർഷത്തിന്റെ ജൂലൈ– സെപ്റ്റംബർ പാദത്തിലേക്കുള്ള സുകന്യ സമൃദ്ധി യോജനയുടെ പലിശ നിരക്ക് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. മാറ്റമില്ലാതെ 8.20 ശതമാനം പലിശ നിരക്ക് സുകന്യ സമൃദ്ധി യോജന തുടർന്നും നൽകും. നിക്ഷേപിക്കുന്ന തുകയ്ക്കുള്ള പലിശ വാർഷിക അടിസ്ഥാനത്തിലാണ് കൂട്ടിച്ചേർക്കുക. 21 വർഷമാണ് സുകന്യ സമൃദ്ധി യോജനയുടെ കാലാവധി. ഇതിൽ 15 വർഷകാലമാണ് നിക്ഷേപം നടത്തേണ്ടത്.
നിക്ഷേപം
സാമ്പത്തിക വർഷത്തിൽ 250 രൂപ മുതലുള്ള കുറഞ്ഞ നിക്ഷേപമാണ് സുകന്യ സമൃദ്ധി യോജന അക്കൗണ്ടിന് ആവശ്യം. പരമാവധി നിക്ഷേപകന് 1.50 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. ആദായ നികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരം നിക്ഷേപിച്ച തുകയ്ക്കുള്ള പൂർണമായ നികുതി ഇളവ് ലഭിക്കും. ഒപ്പം കാലാവധിയിൽ ലഭിക്കുന്ന തുക പൂർണമായും നികുതി ഇളവുള്ളതാണ്. അതായത് സുകന്യ സമൃദ്ധി യോജന പൂർണമായും നികുതി ഇളവുള്ള നിക്ഷേപമാണ്.
കാലാവധി
നിക്ഷേപം ആരംഭിച്ചത് മുതൽ 21 വർഷമാണ് സുകന്യ സമൃദ്ധി യോജനയുടെ കാലാവധി. പെൺകുട്ടിക്ക് 18 വയസ് പൂർത്തിയാകുമ്പോൾ നിബന്ധനകൾ പാലിച്ച് 50 ശതമാനം വരെ പിൻവലിക്കാൻ സാധിക്കും. ഒറ്റത്തവണയായോ തവണകളായോ തുക പിൻവലിക്കാം. ഉന്നത വിദ്യാഭ്യാസ ഫീസിനാണ് തുക പിൻവലിക്കാനാവുക. വിവാഹ സമയത്ത് അക്കൗണ്ട് അവസാനിപ്പിച്ച് പണം പൂർണമായും പിൻവലിക്കാം.