ഓഹരി വിപണി നിക്ഷേപവുമായി ബന്ധപ്പെട്ട ഇടപാടുകളുടെ ഫീസ് ഏകീകരിക്കാനുള്ള സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി)യുടെ തീരുമാനം നിക്ഷേപകർക്ക് തിരിച്ചടിയാകും. ജൂലൈ ഒന്നിന് സെബി പുറത്തിറക്കിയ സർക്കുലർ പ്രകാരം എല്ലാ മാർക്കറ്റ് ഇൻഫ്രാസ്ട്രക്ചർ ഇൻസ്റ്റിറ്റ്യൂഷൻസും ഒക്ടോബർ ഒന്ന് മുതൽ ഏകീകൃത ഫീസ് ഈടാക്കണമെന്നാണ് പറയുന്നത്. സെബിയുടെ നിർദ്ദേശത്തിന് പിന്നാലെ സീറോ ബ്രോക്കറേജ് അവസാനിപ്പിക്കുമെന്ന് സിറോദ വ്യക്തമാക്കി. തീരുമാനം വിപണിയിൽ നിക്ഷേപിക്കാനുള്ള ചെലവ് കൂട്ടുമെന്നാണ് വിലയിരുത്തുന്നത്. എങ്ങനെ റീട്ടെയിൽ നിക്ഷേപകരെ ബാധിക്കുമെന്ന് നോക്കാം.
എന്താണ് മാറ്റം
സ്റ്റോക്ക് എക്സ്ചേഞ്ച്, ഡെപ്പോസിറ്ററീസ്, ക്ലിയറിങ് കോർപ്പറേഷൻസ് തുടങ്ങിയ മാർക്കറ്റ് ഇൻഫ്രാസ്ട്രക്ചർ സ്ഥാപനങ്ങൾ അംഗങ്ങളിൽ നിന്ന് (ബ്രോക്കറേജ് സ്ഥാപനങ്ങൾ) ഏകീകൃത ഫീസ് ഈടാക്കണമെന്നാണ് സെബിയുടെ ജൂലൈ ഒന്നിനുള്ള ഉത്തരവ് പറയുന്നത്. ബ്രോക്കറേജ് സ്ഥാപനങ്ങളിൽ നിന്നും വിറ്റുവരവ് പരിഗണിക്കാതെ ഏകീകൃത ഫീസ് ഈടാക്കുന്നത് ബ്രോക്കറേജ് ചെലവ് വർധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രത്യേകിച്ച് സീറോ ബ്രോക്കറേജ് ഫീസ് ഘടനയുള്ള ഡിസ്‌കൗണ്ട് ബ്രോക്കർമാർ വഴി വ്യാപാരം നടത്തുന്ന നിക്ഷേപകർക്ക് തീരുമാനം തിരിച്ചടിയാകും. ഒക്ടോബർ ഒന്ന് മുതൽ പുതിയ രീതി വരുന്ന മുറയ്ക്ക് സീറോ ബ്രോക്കറേജ് അവസാനിപ്പിച്ച് ഫ്യൂച്ചർ ആൻഡ് ഓപ്ഷൻ ഇടപാടുകൾക്ക് നിരക്ക് വർധിപ്പിക്കുമെന്ന് സീറോ ബ്രോക്കറേജ് സ്ഥാപനമായ സിറോദ സ്ഥാപകൻ നിതിൻ കാമത്ത് വ്യക്തമാക്കിയിട്ടുണ്ട്.
നിലവിലെ രീതി എങ്ങനെ
ബിഎസ്ഇയിൽ ഫ്ലാറ്റ് രീതിയിലും എൻഎസ്ഇയിൽ സ്ലാബ് അടിസ്ഥാനമാക്കിയുമാണ് സ്റ്റോക്ക് ബ്രോക്കർമാരിൽ നിന്ന് എക്സ്ചേഞ്ച് ട്രാൻസാക്ഷൻ ചാർജ് ഈടാക്കുന്നത്. എക്‌സ്‌ചേഞ്ചുകളിൽ നടത്തുന്ന ഇടപാടുകൾക്ക് ബ്രോക്കർമാരിൽ നിന്ന് ഈടാക്കുന്ന ഫീസാണിത്. 1,250 കോടി രൂപ വിറ്റുവരവുള്ള ബ്രോക്കറേജിൽ നിന്ന് ഒരോ ലക്ഷം ഓഹരി ഇടപാടിനും 3.25 രൂപയാണ് ട്രാൻസാക്ഷൻ ചാർജായി ഈടാക്കുന്ന്. 1,500 കോടിക്ക് മുകളിൽ വരുമാനമുള്ള ബ്രോക്കർ ഒരു ലക്ഷം ഇടപാടിന് നൽകേണ്ടി വരുന്നത് 3 രൂപയാണ്. ബ്രോക്കറേജ് സ്ഥാപനത്തിൻറെ മാസ വരുമാനത്തെ അടിസ്ഥാനമാക്കിയാണ് ഇവിടെ ചാർജ് ഈടാക്കുന്നത്. ഇത് എല്ലാ വിപണി പങ്കാളികൾക്കും തുല്യവും ന്യായവും സുതാര്യവുമായ അവസരം എന്ന തത്വത്തിന് വിരുദ്ധമാണ് സ്ലാബ് തിരിച്ചുള്ള ഫീസ് ഘടനയെന്നാണ് സെബി വ്യക്തമാക്കുന്നത്. 2024 ഒക്ടോബർ ഒന്ന് മുതൽ എക്സ്ചേഞ്ചുകൾ സ്റ്റോക്ക് ബ്രോക്കർമാരിൽ നിന്ന് എക്സ്ചേഞ്ച് ട്രാൻസാക്ഷൻ ചാർജായി ഏകീകൃത തുക ഈടാക്കണമെന്നാണ് പറയുന്നത്.
നിക്ഷേപകരെ ബാധിക്കുന്നത് എങ്ങനെ
നിലവിൽ ബ്രോക്കറേജ് സ്ഥാപനങ്ങൾ നിക്ഷേപകരിൽ നിന്ന് ദിവസവും എക്സ്ചേഞ്ച് ട്രാൻസാക്ഷൻ ചാർജ് ഈടാക്കുകയും ഇത് മാസത്തിൽ, വിറ്റുവരവിന്റെ അടിസ്ഥാനത്തിൽ എക്സ്ചേഞ്ചിൽ സമർപ്പിക്കുകയുമാണ്. ഈ രീതി പിന്തുടരുന്നത് വഴിയാണ് ബ്രോക്കറേജ് സ്ഥാപനങ്ങൾക്ക് 10 മുതൽ 50 ശതമാനം വരെ വരുമാനം ഉണ്ടാക്കാൻ സാധിക്കുന്നത്. പുതിയ രീതി കമ്പനികളുടെ വരുമാനം കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യും.
സെബിയുടെ പുതിയ നിർദ്ദേശം റീട്ടെയിൽ നിക്ഷേപകരെ എങ്ങനെ ബാധിക്കും എന്നത് എൻഎസ്ഇ നിശ്ചയിക്കുന്ന ഫ്ലാറ്റ് എക്സ്ചേഞ്ച് ട്രാൻസാക്ഷൻ ചാർജിനെ അടിസ്ഥാനമാക്കിയിരിക്കും. കുറഞ്ഞ നിരക്കിലുള്ള എക്സ്ചേഞ്ച് ട്രാൻസാക്ഷൻ ചാർജ് ഈടാക്കിയാൽ റീട്ടെയിൽ നിക്ഷേപകർക്ക് ഇതുവരെ നേട്ടമുണ്ടാകും. അല്ലാത്തപക്ഷം നഷ്ടം കുറയ്ക്കാൻ ബ്രോക്കറേജ് സ്ഥാപനങ്ങൾക്ക് ബ്രോക്കിങ് ചാർജ് വർധിപ്പിക്കുകയോ അക്കൗണ്ട് ഓപ്പണിങ് ചാർജ് വർധിപ്പിക്കുകയോ ചെയ്യേണ്ടി വരും. ഇത് നിക്ഷേപ ചെലവ് കൂട്ടും.