ഒരു പവന്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ ഇനി വലിയ വില കൊടുക്കേണ്ടിവരും എന്ന തിരിച്ചറിവിന്‍റെ ഞെട്ടലിലാണ് ജനം. വില കുതിച്ചതോടെ ഒരു പവന്‍ ആഭരണം വാങ്ങാന്‍ കുറഞ്ഞ  പണിക്കൂലിയായ അഞ്ച് ശതമാനവും മൂന്ന് ശതമാനം ജിഎസ്ടിയും 45രൂപ എച്ച് യു െഎഡി നിരക്കും  ഉള്‍പ്പെടെ 61,000രൂപ നല്‍കണം. പണിക്കൂലി കൂടുന്നതിനനുസരിച്ച് വിലയും ഉയരും .വരും ദിവസങ്ങളിലും വില ഉയരുന്ന പ്രവണതയാണ് വിപണിയില്‍ .അതിനാല്‍ തന്നെ ബുക്കിങ് കൂടിയിട്ടുണ്ട്.

കേരളത്തിന്റെ ചരിത്രത്തിലാദ്യമായാണ് സ്വർണവില പവന് 56,000 രൂപയും ഗ്രാമിന് 7,000 രൂപയിലും എത്തിയത്. ഇന്ന് പവന് 480 രൂപ ഉയർന്ന് 56,480 രൂപയായി. ഗ്രാമിന്  60 രൂപയുടെ വർധനവ് ഉണ്ടായി. 7,060 രൂപയാണ് ഇന്നത്തെ വില. ഈ മാസം ആദ്യം പവന് 53,360 രൂപയും ഗ്രാമിന് 6,670 രൂപയുമായിരുന്നു വില. തുടർന്ന് ഇതുവരെ പവന് 2,640 രൂപയും ഗ്രാമിന് 330 രൂപയും കൂടി. ഇതിൽ പവന് 1,400 രൂപയും കൂടിയത് കഴിഞ്ഞ 5 ദിവസത്തിനിടെയാണ്. ഗ്രാമിന് 5 ദിവസംകൊണ്ട് 175 രൂപയും ഉയർന്നു.

സ്വര്‍ണവിലയിലെ കുതിപ്പ് കല്യാണവിപണിയേയും ബാധിച്ചിട്ടുണ്ട്. മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്ക് മാത്രമാണ് ആശ്വാസം. വിശേഷ ആവശ്യങ്ങൾക്കായി വലിയതോതിൽ സ്വർണാഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്ക് കനത്ത അടിയാണ് സ്വർണവില വർധന. സ്വർണാഭരണത്തിന് 3% ജിഎസ്ടിയുണ്ട്. പുറമേ ഹോൾമാർക്ക് (HUID) ഫീസും ജ്വല്ലറികൾ ഈടാക്കും. ഇത് 45 രൂപയും അതിന്റെ 18% വരുന്ന ജിഎസ്ടിയുമാണ്. അതായത് 53.10 രൂപ. ഇതിനെല്ലാം പുറമേയാണ് പണിക്കൂലി. ഓരോ ആഭരണത്തിനും അതിന്റെ ഡിസൈനും ഒക്കെ  അനുസരിച്ച് പണിക്കൂലി വ്യത്യാസപ്പെട്ടിരിക്കും. ഇത് സാധാരണ ശരാശരി 8-10 ശതമാനമാണ്. ബ്രാൻഡഡ് ആഭരണങ്ങൾക്ക് 20 ശതമാനത്തിലധികവുമാകാം.

രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ചാണ് കേരളത്തിലെ വിലയും അനുദിനം റെക്കോർഡ് തകർക്കുന്നത്. രാജ്യാന്തര വില ഔൺസിന് 2,636.16 ഡോളർ എന്ന സർവകാല റെക്കോർഡിലാണ് ഇപ്പോൾ വ്യാപാരം ചെയ്യുന്നത്. അടിസ്ഥാന പലിശനിരക്ക് കുറച്ച യുഎസ് കേന്ദ്രബാങ്കായ യുഎസ് ഫെഡറൽ റിസർവിന്റെ നടപടിയാണ് സ്വർണ വിലവർധനയ്ക്ക് പ്രധാനകാരണം. പലിശ കുറഞ്ഞതോടെ ഡോളറും യുഎസ് സർക്കാരിന്റെ കടപ്പത്രങ്ങളും അനാകർഷകമായി. നിക്ഷേപകർ ഇവയെ കൈവിട്ട് സ്വർണ നിക്ഷേപ പദ്ധതികളിലേക്കും മറ്റും പണമൊഴുക്കി.

 ഇസ്രയേൽ നടത്തുന്ന യുദ്ധമാണ് മറ്റൊരു പ്രധാന കാരണം. ആഗോള സമ്പദ്‍വ്യവസ്ഥയിൽ എക്കാലവും ആശങ്ക പടർത്തുന്നതാണ് യുദ്ധം പോലുള്ള പ്രതിസന്ധികൾ. ഓഹരി, കടപ്പത്ര വിപണികൾ, ആഗോള വ്യാപാരം, വിതരണശൃംഖല എന്നിവയ്ക്ക് യുദ്ധം തിരിച്ചടിയാകുമെന്ന ആശങ്കയുണ്ട്. സ്വർണത്തിനാകട്ടെ പ്രതിസന്ധിഘട്ടങ്ങളിലെ സുരക്ഷിത നിക്ഷേപം എന്ന പെരുമ എക്കാലത്തുമുണ്ട് താനും. അതായത്, യുദ്ധം കനക്കുമ്പോൾ സ്വർണ നിക്ഷേപങ്ങൾക്ക് പ്രിയം കൂടും. വിലയും കൂടും.റിസർവ് ബാങ്ക് അടക്കമുള്ള കേന്ദ്രബാങ്കുകൾ കരുതൽ ശേഖരത്തിലേക്ക് വൻതോതിൽ സ്വർണം വാങ്ങിച്ചേർക്കുന്നതും വില വർധനയ്ക്ക് ആക്കംകൂട്ടുന്നു.

ലോകത്തെ മുൻനിര ഉപഭോഗ രാജ്യമായ ഇന്ത്യയിൽ ആഭരണ ഡിമാൻഡ് എന്നും ഉയര്‍ന്ന് തന്നെയാണെന്നതും മറ്റൊരു പ്രധാനകാരണമായി വിദഗ്ധര്‍ ചൂണ്ടികാട്ടുന്നു. നവരാത്രി, ദസ്സറ, ദീപാവലി തുടങ്ങിയ ആഘോഷങ്ങള്‍ .ഒപ്പം വിവാഹസീസണും .  സ്വർണാഭരണങ്ങൾക്ക് വലിയ വിൽപന നടക്കുന്ന  കാലമാണിത്. സ്വർണ വില മുന്നേറ്റത്തിന്റെ ട്രാക്കിലാണെന്നത് ചില നിക്ഷേപകരെയെങ്കിലും ലാഭമെടുത്ത് പിന്മാറാൻ പ്രേരിപ്പിക്കും. അങ്ങനെ സംഭവിച്ചാൽ വില ഇടിയും.

സ്വര്‍ണവിലയുടെ ഈ പോക്കിനെങ്ങിനെ കടിഞ്ഞാണ്‍ വീഴുമെന്ന് ചിന്തിക്കുന്നവരുമുണ്ട് . ഇപ്പോഴത്തെ വിലക്കയറ്റം താല്‍കാലികമാണെന്നും വരും ദിവസങ്ങളില്‍  രാജ്യാന്തര വില 2,530 ഡോളർ വരെ താഴാനുള്ള സാധ്യതയുണ്ടെന്നമാണ അവരുടെ കണക്കുകൂട്ടല്‍. അങ്ങനെ സംഭവിച്ചാല്‍  ഇത് കേരളത്തിലും വില കുറയാൻ വഴിയൊരുക്കും. എന്തൊക്കെയായാലും പിടിവിട്ട് സ്വര്‍ണവില കുതിക്കുമ്പോള്‍ സാധാരണക്കാരന്‍ ആശങ്കയില്‍ തന്നെ.

whatare the reasons behind gold rate increse: