പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ധരിച്ചതോടെ കേരളത്തില്‍ രാഷ്ട്രീയ വിവാദമായ ‘ഓണ്‍ റണ്ണിങ് ’ ഷൂ കമ്പനിയില്‍ നടത്തിയ നിക്ഷേപംകൊണ്ട് പോക്കറ്റ് നിറച്ച് ടെന്നിസ് ഇതിഹാസം റോജര്‍ ഫെഡറര്‍. 24 വര്‍ഷം നീണ്ട ടെന്നിസില്‍ നിന്ന് കിട്ടിയ സമ്മാനത്തുകയുടെ മൂന്നിരട്ടിയോളം പണമാണ് ഒറ്റ നിക്ഷേപം കൊണ്ട് റോജര്‍ ഫെഡററുടെ കയ്യിലെത്തിയത്.
സ്റ്റൈലിൽ അഡിഡാസിനും നൈക്കിക്കും ഒക്കെ ഒപ്പം നിൽക്കാനുള്ള ശ്രമത്തിലാണ് സ്വിറ്റ്സര്‍ലന്‍ഡ് ആസ്ഥാനമായുള്ള അത്ലറ്റിക് ഷൂ ആന്‍ഡ് പെര്‍ഫോമന്‍സ് സ്പോർട്സ് വെയർ കമ്പനി ഓൺ റണ്ണിങ്. സ്വന്തം നാട്ടിൽ നിന്നുള്ള കമ്പനി ആയതുകൊണ്ട് 2019 ൽ റോജർ ഫെഡറർ കുറച്ച് പണമിറക്കി. ഫെഡറർ വന്നതോടെ ഓൺ റണ്ണിങ് ഷൂവിന് ആരാധകരും ഏറി.ഇതോടെ കമ്പനി ദ് റോജര്‍ പ്രോ ടു, ദി റോജര്‍ അഡ്വാന്റേജ് ദി റോജര്‍ ക്ലബ് ഹൗസ് പ്രോ തുടങ്ങി പുത്തന്‍ മോഡലുകള്‍ വിപണിയിലെത്തിച്ചു.
2021 ൽ ഓൺ റണ്ണിങ് IPO അതിവേഗം ശ്രദ്ധ പിടിച്ചുപറ്റി. ഓഹരി വില 24 ഡോളറിൽ നിന്ന് 55 ഡോളർ വരെ ഉയർന്നു. ഇന്നിപ്പോള്‍ ഫെഡററുടെ മൂന്ന് ശതമാനം നിക്ഷേപം വളർന്നു 2479 കോടി രൂപ ആയിരിക്കുന്നു. രണ്ടര പതിറ്റാണ്ട് നീണ്ട ടെന്നിസ് കരിയറിൽ കിട്ടിയ സമ്മാനത്തുകയുടെ മൂന്ന് ഇരട്ടിയോളം വരും. 895 കോടി രൂപയാണ് ഫെഡറർക്ക് കരിയറില്‍ സമ്മാനത്തുകയായി കിട്ടിയത്. ഇക്കാര്യത്തിൽ നദാലിനും ജോക്കോവിച്ചിനും പിന്നിലായി മൂന്നാമനാണ് ഫെഡറർ. സ്വിസ് അയൺമാൻ ചാമ്പ്യൻ ഒലിവിയർ ബെൻഹാർഡാണ് 2010 ഓൺ റണ്ണിങ് കമ്പനി രൂപീകരിച്ചത്. യുവ ടെന്നിസ് താരങ്ങളായ ഇഗ സ്യാംതെക്, ബെന്‍ ഷെല്‍റ്റന്‍, ജാവൊ ഫോന്‍സെക്ക തുടങ്ങിയവരുടെ സ്പോണ്‍സര്‍ഷിപ്പ് ഡീലും ഓണ്‍ റണ്ണിങ് 2023ല്‍ സ്വന്തമാക്കിയിരുന്നു.