ബിസിനസ് രംഗത്ത് ഇന്ത്യാക്കാരുടെ അഭിമാനം. ലോകത്തിലെ ഏറ്റവും വില കുറഞ്ഞ കാറിനെ വിപണിയിലെത്തിച്ച മനുഷ്യന്‍. നൂറിലധികം രാജ്യങ്ങളിൽ ശാഖകളുള്ള ഒരു കമ്പനിയുടെ ചെയര്‍മാന്‍ എമരിറ്റസ്. ലാഭത്തിന്റെ 60 ശതമാനം സന്നദ്ധപ്രവർത്തനങ്ങൾക്ക് മാറ്റിവയ്ക്കുന്ന മനുഷ്യപ്പറ്റുള്ള കച്ചവടക്കാരന്‍. അങ്ങനെ ഒരാള്‍ക്ക് ഒരേയൊരു പേര്, രത്തൻ ടാറ്റ.
1937 ഡിസംബർ 28. സ്വാതന്ത്ര്യപൂര്‍വ്വ ഇന്ത്യയില്‍ ബോംബെയിലെ സമ്പന്ന കുടുംബത്തിൽ രത്തന്‍ പിറന്നു. ജിവിത സൗഭാഗ്യങ്ങളുടെ നടുവിലും ബാല്യം അവനെ മാതാപിതാക്കളുടെ വേർപിരിയലിന്റെ രൂപത്തിൽ ആദ്യം മുറിപ്പെടുത്തി. മുത്തശിക്കൊപ്പം കുട്ടിക്കാലം ചിലവിട്ട് രത്തൻ മാനുഷിക മൂല്യങ്ങള്‍ തൊട്ടറിഞ്ഞു. കൗമാരകാലത്ത് ആർക്കിടെക്ടാകാനാണ് ആ കുട്ടി ആഗ്രഹിച്ചത്. അച്ഛന് എതിർപ്പായിരുന്നു ആ ആഗ്രഹത്തോട്. അപ്പോഴും മുത്തശിയുടെ പിന്തുണയിൽ 1959ൽ അമേരിക്കയിൽ പഠനം പൂർത്തീകരിച്ച് ബിരുദം നേടി. ആ വർഷം തന്നെ ജോലിയും ലഭിച്ചു. എന്നാൽ വളര്‍ത്തി വലുതാക്കിയ മുത്തശിയുടെ ആരോഗ്യപ്രശ്നങ്ങള്‍ രത്തനെ തിരികെ ഇന്ത്യയിലെത്തിച്ചു.
1961ൽ കുടുംബ ബിസിനസായ ടാറ്റ സ്റ്റീൽസിൽ ജോലി ആരംഭിക്കുന്നതോടെ, ആ ജീവിതത്തിന്റെ സംഭവബഹുലമായ ഏടിന് തിരശ്ശീല ഉയരുകയാണെന്ന് ആ യുവാവ് ആലോചിച്ചുകാണില്ല. ജംഷഡ്പൂരിലെ ടാറ്റ സ്റ്റീൽ ലിമിറ്റഡിൽ ബ്ലൂ കോളർ ജീവനക്കാരുടെ കൂടെ അവരിലൊരാളായി തുടക്കം. ജോലി പരിചയത്തിന് ശേഷം 1970ല്‍ മാനേജ്മെന്റ് തലത്തിലേക്ക് സ്ഥാനക്കയറ്റം.
ഇതിനിടെ ടാറ്റയ്ക്ക് കീഴിലുള്ള പല കമ്പനികളും നഷ്ടത്തിലേക്ക് കൂപ്പുകുത്താൻ തുടങ്ങിയിരുന്നു. കമ്പനിയിലെ ഷെയർ വിറ്റ ജെ.ആർ.ഡി ടാറ്റയുടെ തീരുമാനമാണ് പ്രതിസന്ധി വിളിച്ചുവരുത്തിയത്. ടാറ്റക്ക് കീഴിലുണ്ടായിരുന്ന നെൽക്കോ എന്ന കമ്പനിയും വലിയ നഷ്ടത്തിലായി. റേഡിയോ നിർമാണ കമ്പനിയായ നെൽകോയുടെ തലപ്പത്തേക്കാണ് രത്തൻ ടാറ്റ കടന്നുവരുന്നത്. ആദ്യത്തെ നായക ദൗത്യം. പലവഴി കടന്ന്, നഷ്ടങ്ങള്‍ നികത്തി മുന്നേറിയ രത്തൻ, 1991ൽ ടാറ്റ ഗ്രൂപ്പ് ചെയർമാനായി സ്ഥാനമേറ്റു.
എന്നാൽ അവിടെയും അദ്ദേഹത്തെ കാത്തിരുന്നത് വലിയൊരു വെല്ലുവിളിയാണ്. അക്കാലത്താണ് ഇന്ത്യന്‍ വിപണി വിദേശ കമ്പനികള്‍ക്ക് തുറന്നുകൊടുത്ത ഉദാരവൽക്കരണ നയം നടപ്പാകുന്നത്. അക്കാലം വരെയും ഇന്ത്യയിൽ ഇന്ത്യക്കാർക്ക് മാത്രമേ ബിസിനസ് ചെയ്യാൻ സാധിച്ചിരുന്നുള്ളു. എന്നാൽ ഉദാരവൽക്കരണ നയം നടപ്പായതോടെ നിരവധി വിദേശകമ്പനികൾ രംഗത്തുവന്നു. ഇത് ടാറ്റ ഗ്രൂപ്പിന്റെ വളർച്ചയെ സാരമായി ബാധിച്ചു. ഇതിന് പരിഹാരമെന്നോണം രത്തന്‍റെ തലയിൽ ഉദിച്ച ആശയമാണ് വിദേശ കമ്പനികളെ വിലയ്ക്കെടുത്ത് ടാറ്റയുമായി യോജിപ്പിക്കുക എന്നത്. ഈ തന്ത്രം വിജയിക്കുകയും ചെയ്തു.
ഒരുപാട് പേരുടെ എതിർപ്പുകളെ മറികടന്ന് രത്തൻ ടാറ്റ മറ്റൊരു ചരിത്രം കൂടി സൃഷ്ടിച്ചു. 1998 ഡിസംബർ 30ന് പൂർണമായി ഇന്ത്യയിൽ സൃഷ്ടിച്ച ഒരു കാർ ടാറ്റ പുറത്തിറക്കി. 'ഇൻഡിക്ക' എന്നായിരുന്നു അതിന്‍റെ പേര്. എന്നാൽ ആ വലിയ സ്വപ്നം വിപണിയിൽ തകർന്നടിഞ്ഞു. ഇൻഡിക്കയുടെ നഷ്ടം ബിസിനസിനെ നന്നേ ബാധിച്ചു. ഇതിന് പിന്നാലെ രത്തൻ തന്‍റെ ഡിവിഷൻ വിൽക്കാൻ തീരുമാനിച്ചു. ഫോര്‍ഡ‍് ചെയർമാൻ ബിൽഫോർഡ് ഇൻഡിക്ക ഏറ്റെടുക്കാനും തീരുമാനിച്ചു. എന്നാൽ ചർച്ചക്കൊടുവിൽ രത്തനെ ബിൽഫോർഡ് അപമാനിക്കുന്ന സാഹചര്യം വന്നു. ഇതോടെ തന്‍റെ കാർ ഡിവിഷൻ വിൽക്കുന്നില്ലെന്ന് രത്തൻ തീരുമാനിക്കുകയായിരുന്നു. മൂന്ന് വർഷത്തെ പരിശ്രമത്തിനൊടുവിൽ ഇൻഡിക്ക വി2 എന്ന പേരിൽ ചില മാറ്റങ്ങളോടെ രത്തൻ രണ്ടാമത്തെ ഇന്ത്യൻ നിർമിത കാർ വിപണിയിലെത്തിച്ചു.
വിപണിയെ ഉണർത്തി വി 2 ചരിത്രം സൃഷ്ടിച്ചു. 2008 ലെ സാമ്പത്തിക മാന്ദ്യം ഫോര്‍ഡിനെയും കാര്യമായി തകര്‍ത്തു. യു.എസ് വിപണി തകർച്ചയുടെ വക്കിൽ നിൽക്കുന്ന കാലമായിരുന്നു അത്. തങ്ങളുടെ ജാഗ്വർ ലാൻഡ് ലോവർ വാങ്ങാൻ ഫോര്‍ഡ് ആളെ തിരയുന്ന കാലം. ആരും അതിന് തയാറായില്ല. ഒടുവിൽ ഫോഡിനെ കരകയറ്റാൻ ഒരാൾ എത്തുന്നു. സാക്ഷാൽ രത്തൻ ടാറ്റ. തന്നെ അപമാനിച്ചു വിട്ട ഫോഡിനെ കടക്കെണിയിൽ നിന്നും അയാൾ കൈപിടിച്ചുയർത്തുന്ന കാഴ്ച രാജ്യവും ബിസിനസ് ലോകവും കണ്ടു.
രത്തന്‍റെ വിജയഗാഥ അവിടംകൊണ്ട് തീരുന്നതായിരുന്നില്ല. അദ്ദേഹം വീണ്ടും വീണ്ടും ബിസിനസ് രംഗത്തും ഉപഭോക്താക്കളുടെ മനസിലും രത്തനെന്ന പേരും ടാറ്റ എന്ന ബ്രാൻഡും ആർക്കും മായ്ക്കാനാകാത്ത വിധം കൊത്തിവെച്ചു. കാർ വിപണിയിൽ രത്തൻ മറ്റൊരു മാറ്റം കൂടി കുറിക്കുന്ന കാഴ്ച കൂടി ഇന്ത്യ കണ്ടു. ലോകത്തെ ഏറ്റവും ചിലവ് കുറഞ്ഞ കാർ വിപണിയിൽ ഇറക്കാനുള്ള ശ്രമം ചരിത്രപരമായിരുന്നു. മഴയും നനഞ്ഞ് സ്കൂട്ടറില്‍ വലഞ്ഞ് പോകുന്ന ഇന്ത്യന്‍ കുടുംബത്തിന്റെ കാഴ്ചയില്‍ തുടങ്ങിയ സ്വപ്നമായിരുന്നു അത്. രണ്ട് കുഞ്ഞുങ്ങളും ഭാര്യയും ഭർത്താവും അടങ്ങുന്ന കുടുംബം മഴയത്ത് ബൈക്കിൽ യാത്ര ചെയ്യുന്ന കാഴ്ചയാണ് സാധാരണക്കാര്‍ക്ക് താങ്ങാനാകുന്ന ഒരു കാർ എന്ന ചിന്തയിലേക്ക് രത്തന്‍ ടാറ്റയെ എത്തിച്ചത്. അങ്ങനെ ഒരു ലക്ഷം രൂപക്ക് ടാറ്റാ നാനോ വിപണിയിൽ എത്തി.
നാനോയുടെ വിൽപ്പന പക്ഷേ പ്രതീക്ഷക്കൊത്ത് ഉയർന്നില്ല. പിന്നീട് നാനോയുടെ ഉൽപ്പാദനം നിർത്തിവെച്ചു. ഇന്നും രത്തൻ ടാറ്റയുടെ മനസിലെ ലക്ഷ്യം തൊടാത്ത സ്വപ്നമായി നാനോ അവശേഷിക്കുന്നുണ്ട്. ഇപ്പോൾ നാനോ ഇലക്ട്രിക് കാർ വിപണിയിലിറക്കാൻ ടാറ്റ പദ്ധതിയിടുന്നുണ്ട് എന്നാണ് പുതിയ വാര്‍ത്തകള്‍.
രത്തൻ ടാറ്റയുടെ കാലത്താണ് ടാറ്റ ഗ്രൂപ്പ് നവീനമായ പലതിലേക്കും വാതില്‍ തുറന്നത്. സിമന്‍റ്, തുണിത്തരങ്ങൾ, സൗന്ദര്യവർദ്ധകവസ്തുക്കൾ തുടങ്ങിയ ബിസിനസുകളിൽ നിന്ന് ടാറ്റ ഈ കാലത്ത് പുറത്തുകടന്നു. അതോടൊപ്പം സോഫ്റ്റ്‍വെയർ രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കുകയും ടെലി കമ്മ്യൂണിക്കേഷൻ, ഫിനാൻസ്, റീട്ടെയിൽ എന്നിവയിലേക്ക് പ്രവേശിക്കുകയും ചെയ്തു. രത്തൻ ടാറ്റയുടെ കാലത്ത് ടാറ്റ ഗ്രൂപ്പിൽ വലിയ ഏറ്റെടുക്കലുകളും നടന്നിരുന്നു. ഇത് ടാറ്റ ഗ്രൂപ്പിനെ ആഗോളതലത്തിലേക്ക് എത്തിച്ചു.
2000-ൽ ഗ്രൂപ്പ് ലണ്ടൻ ആസ്ഥാനമായുള്ള ടെറ്റ്‌ലി ടീ ഏറ്റെടുത്തു, 2004-ൽ ദക്ഷിണ കൊറിയയിലെ ഡേവൂ മോട്ടോഴ്‌സിന്റെ ട്രക്ക്-നിർമ്മാണ പ്രവർത്തനങ്ങൾ വാങ്ങുകയും ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡ് ന്യൂയോർക്കിലെ ദി പിയറിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു. 2007-ൽ ആംഗ്ലോ-ഡച്ച് സ്റ്റീൽ നിർമാതാക്കളായ കോറസ് ഗ്രൂപ്പ് പിഎൽസി വാങ്ങിയതാണ് ടാറ്റയുടെ ഏറ്റവും വലിയ ഏറ്റെടുക്കൽ. കമ്പനിയെ ടാറ്റ സ്റ്റീൽ യൂറോപ്പ് എന്ന് പുനർനാമകരണം ചെയ്തു.
യൂറോപ്പിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്റ്റീൽ കമ്പനി ഏറ്റെടുത്തതോടെ ലോകത്തിലെ ഏഴാമത്തെ വലിയ സ്റ്റീൽ ഉത്പാദകരമായി ടാറ്റ സ്റ്റീൽ മാറി. 21 വർഷമാണ് അദ്ദേഹം ടാറ്റ ഗ്രൂപ്പിനെ നയിച്ചത്. 21 വർഷത്തിനിടയിൽ വരുമാനം 40 മടങ്ങും ലാഭം 50 മടങ്ങും വർധിച്ചതാണ് കമ്പനിയുടെ നേട്ടം. 2012 ഡിസംബർ 28 ന് എഴുപത്തഞ്ചാം വയസിൽ ടാറ്റ സൺസിന്റെ ചെയർമാൻ സ്ഥാനത്ത് നിന്ന് വിരമിച്ച രത്തൻ ടാറ്റ നിലവിൽ ടാറ്റ ട്രസ്റ്റ് ചെയർമാനാണ്. അതോടൊപ്പം 2012 ഡിസംബർ 29 മുതൽ, ടാറ്റ സൺസിന്റെ ചെയർമാൻ എമിരിറ്റസ് പദവിയും അദ്ദേഹം വഹിക്കുന്നു.
ഉപ്പ് മുതൽ വീട് നിർമിക്കാൻ ഉപയോഗിക്കുന്ന വസ്തുക്കളിലും വരെ ടാറ്റയുടെ കരസ്പർശമുണ്ട്. ലോകം മുഴുവൻ കോവിഡിന് മുന്നിൽ വിറച്ച് നിന്നപ്പോൾ തന്റെ തൊഴിലാളികളെ വീട്ടിലെത്തി കണ്ട് അവർക്ക് വേണ്ട സഹായങ്ങൾ ചെയ്ത അദ്ദേഹം പൊതുസമൂഹത്തിലേക്ക് അന്ന് നീട്ടിയത് 500 കോടി രൂപയുടെ മെഡിക്കൽ സഹായമാണ്. രാജ്യം അദ്ദേഹത്തെ പത്മഭൂഷനും പത്മവിഭുഷനും നൽകി ആദരിച്ചു. സംരംഭത്തിന്റെ വിജയക്കണക്ക് കേവലം ബാങ്ക് ബാലൻസല്ല എന്ന് തെളിയിക്കുകയാണ് രത്തൻ ടാറ്റ എന്ന മനുഷ്യൻ. ഇന്ത്യ കടന്ന് ലോകമാകെ പരക്കുന്നതാണ് രത്തന്‍ ടാറ്റ എന്ന വ്യവസായിയുടെ പെരുമ. കനിവും കരുതലും സഹാനുഭൂതിയും അകന്ന വാണിജ്യ ലോകത്ത്, ഇന്നും സ്നേഹകാരുണ്യങ്ങളുടെ സമാനതകളില്ലാത്ത ഒറ്റയാള്‍ രൂപമായി രത്തന്‍ ടാറ്റ നില കൊള്ളുന്നു. ഇനിയുമൊരുപാട് കാലം ആ ജീവിതവും വിജയചരിത്രവും ഊര്‍ജവും മാര്‍ഗവുമാകും, തീര്‍ച്ച.