zomato

ചുണ്ടിനും കപ്പിനുമിടയിലെ ചിന്തയില്‍ എന്തുണ്ടാകും.  ആരും ഇതുവരെ ചിന്താക്കാത്തതൊന്നുണ്ടാകും.16വര്‍ഷം മുമ്പ് പഞ്ചാബ് സ്വദേശി ദീപീന്ദര്‍ ഗോയലിന്‍റെ ചിന്തയില്‍ പറന്നത് അങ്ങിനെയൊന്നാണ്. ഡല്‍ഹിയിലെ സ്വകാര്യ കമ്പനിയില്‍ വെറുമൊരു ഡേറ്റ അനലിസ്റ്റായിരുന്നു   ദീപിന്ദര്‍ ഗോയല്‍. പുതുമയുള്ളതൊന്നും സംഭവിക്കാത്ത ജീവിതം. ഒരേ തൊഴിലിടം ഒരേ ജോലി ഒരേ ചിന്ത. ഒരു ദിനം കഫറ്റേറിയയില്‍ കാപ്പിക്കായുള്ള കാത്തിരിപ്പിണ് ദീപിന്ദറിന്‍റെ ജീവിതം മാറ്റിമറിച്ചത്. ചുറ്റും  ഒരേ തിരക്ക്. തിക്കിത്തിരക്കുന്നവര്‍ക്കാര്‍ക്കുമില്ല സമാധാനം .  നീണ്ട കാത്തിരിപ്പിനൊടുവില്‍ കാപ്പിയെത്തി . ഊതിക്കുടിക്കുന്നതിനിടെ തിരക്കില്‍ നിന്നൊഴിഞ്ഞൊരു കോഫി ടൈം എങ്ങിനെ സൃഷ്ടിക്കാമെന്നായി ദീപിന്ദറിന്‍റെ ചിന്ത.

 

ഡല്‍ഹിയില്‍  സമാധാനത്തോടെ കാപ്പി കുടിക്കാന്‍ പറ്റിയ ഇടങ്ങളെ കുറിച്ചായിരുന്നു ആലോചന. ചിന്തയ്ക്ക് ഒരന്തമില്ലെന്ന് പറയുമെങ്കിലും  ദീപിന്ദര്‍ അന്തമില്ലാതെ ചിന്തിച്ചു പോയില്ല. തിക്കിത്തിരക്കാതെ എങ്ങനെ ഭക്ഷണം കിട്ടുമെന്ന് മാത്രമായിരുന്നു ആലോചന ആ ആലോചനയിലാണ് foodiebay.com എന്ന വെബ് സൈറ്റിന്‍റെ പറവി. സുഹൃത്തായ പങ്കജ് ഛദ്ദയുമായി ചേര്‍ന്ന്  ദീപിന്ദര്‍ തയ്യാറാക്കിയ വെബ്സൈറ്റ്   1200 ഹോട്ടലുകളിലെ മെനു  ഡല്‍ഹിക്കാര്‍ക്ക് പരിചയപ്പെടുത്തി . ഒരുകാലത്ത് ഈ സൈറ്റായിരുന്നു ഡല്‍ഹിയിലെ ഭക്ഷണപ്രേമികളുടെ ഇഷ്ട സൈബറിടം

ഡോര്‍സ്റ്റെപ്പ് ഡെലിവറിയും  ഓണ്‍ലൈന്‍ ഡെലിവറി സംവിധാനങ്ങളും അന്നുമുണ്ടായിരുന്നു. പക്ഷേ  റസ്റ്ററന്‍റിന്‍റെയും ഭക്ഷണത്തിന്‍റെയും നിലവാരം, സൗജനങ്ങള്‍ ഇതൊന്നും ഉപഭോക്താക്കള്‍ക്ക് സൈറ്റുകളില്‍ നിന്ന് ലഭിച്ചിരുന്നതില്ല. ഇവിടെയായിരുന്നു ദീപിന്ദറിന്‍റെ ഇടപെടല്‍.

ഡല്‍ഹിനഗരത്തിലെ നിലവാരമുള്ള ഹോട്ടലുകള്‍ അവിടെ ലഭിക്കുന്ന ഭക്ഷണവിഭവങ്ങള്‍, വില എന്നിവയെല്ലാമടങ്ങിയതായിരുന്നു ഫുഡിബേ. കുറഞ്ഞകാലം കൊണ്ട്  ഡല്‍ഹിക്കാര്‍ സൈറ്റങ്ങ് ഏറ്റെടുത്തു. താന്‍ വിജയപഥത്തിലാണ് ദീപിന്ദര്‍ തിരച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു അത്. ഫുഡിബേ വഴി ഉപഭോക്താക്കള്‍  റസ്റ്ററന്‍റ് തിരഞ്ഞെടുത്താല്‍ നിശ്ചിതവരുമാനം ദീപിന്ദറിനും ലഭിച്ചു തുടങ്ങി

പ്രവര്‍ത്തനം തുടങ്ങി  ഒന്‍പത് മാസത്തിനുള്ളില്‍ രാജ്യ തലസ്ഥാനത്തെ ഏറ്റവും വലിയ ഫുഡ് ഡയറക്ടറി സേവനമായി ഫൂഡിബേ മാറി.

ഡല്‍ഹിയിലെ വിജയം മറ്റ് നഗരങ്ങളിലേക്കും സേവനം വ്യാപിപ്പിക്കാന്‍ ദീപിന്ദറിന് പ്രരണയായി.അങ്ങിനെ 2010ല്‍ സൊമാറ്റോ പിറന്നു. ഫുഡിബേ പേരുമാറ്റി പുതിയ കമ്പനി രൂപീകരിക്കുകയായിരുന്നു. ഈ  നൂതനാശയത്തിൽ ആകൃഷ്ടനായ നൗക്കരി ഡോട്ട്‌കോം സ്ഥാപകൻ സഞ്ജീവ് 10ലക്ഷം അമേരിക്കൻ ഡോളർ കമ്പനിയിൽ നിക്ഷേപിക്കാൻ തീരുമാനിച്ചെത്തിയതോടെ സ്ഥാപനത്തിന്റെ മുഖം തന്നെമാറി. 2011ൽ സൊമാറ്റോയുടെ സേവനം ബംഗളൂരു, പുണെ, ചെന്നൈ, ഹൈദരാബാദ്, അഹമ്മദാബാദ് എന്നീ നഗരങ്ങളിലേക്ക് വ്യാപിപ്പിച്ചു. ഉപഭോക്താക്കളുടെ എണ്ണം വർധിച്ചതോടെ വിപണി സാധ്യതകളും വർധിച്ചു. 

സൊമാറ്റോയുടെ ജൈത്ര യാത്ര ആരംഭിക്കുന്നത് 2011 ൽ മൊബൈൽ ആപ്പ് വികസിപ്പിച്ചതോടെയാണ്. ഇതോടെ വിപണി വിശാലമായി. കുടുല്‍ റസ്റ്ററന്‍റുകള്‍ സൊമാറ്റോയുടെ ഭാഗമായി .ഉപഭോക്താക്കളുടെ എണ്ണംകൂടി. ഇതിലൂടെ കൂടുതൽ വിശാലമായ വിപണി കണ്ടെത്താൻ സൊമാറ്റോയ്ക്ക് കഴിഞ്ഞു. കൂടുതൽ റസ്റ്ററന്‍റുകൾ ലിസ്റ്റ് ചെയ്യപ്പെടുകയും ഉപഭോക്താക്കളുടെ എണ്ണം വർധിക്കുകയും ചെയ്തു. റസ്റ്ററന്‍റുകളിലും മെനുവിലും ഒതുങ്ങി നല്‍ക്കാതെ ഓര്‍ഡര്‍ ചെയ്യുന്ന ഭക്ഷണം ഉഭോക്താക്കളിലേക്ക് എത്തിക്കാന്‍ വിതരണശൃംഖലയും സൊമാറ്റോ ഒരുക്കി. ഓര്‍ഡര്‍ ചെയ്ത് ഞൊടിയിടയില്‍ ആവശ്യമുള്ള ഭക്ഷണം വീട്ടുപടിക്കലെത്തുന്ന വിദ്യയെ ഭക്ഷണപ്രേമികള്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു.  2012ൽ യുഎഇ, ശ്രീലങ്ക, ഖത്തർ, യുകെ, ഫിലിപ്പീൻസ്, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് സേവന ശൃംഖല വളർന്നു. അതോടെ ദീപീന്ദർ ഗോയൽ എന്ന സംരംഭകൻ ആഗോള തലത്തിൽ അറിയപ്പെടാൻ തുടങ്ങി. 

ഇൻഫോ എഡ്ജ് ഇന്ത്യ, സെക്വോയ, വൈ ക്യാപിറ്റൽ, ടെമാസെക്, ആലിബാബയുടെ ആൻ്റ് ഫിനാൻഷ്യൽ എന്നിങ്ങനെ പ്രമുഖരായ നിക്ഷേപകരുടെ പോർട്ട്‌ഫോളിയോയും സൊമാറ്റോ നിർമ്മിച്ചു. ഈ വർഷമാദ്യം ആന്‍റ് ഫിനാൻഷ്യലിന്‍റെ 200 മില്യൺ ഡോളർ നിക്ഷേപം സൊമാറ്റോയുടെ മൂല്യം 1 ബില്യൺ ഡോളറായി ഉയര്‍ത്തിയിരുന്നു. 2014 ൽ, പോളണ്ടിലെ റെസ്റ്റോറന്‍റ് സെര്‍ച്ച് സേവനമായ ഗാസ്ട്രോനൗസിയെയും ഇറ്റാലിയൻ റസ്റ്റോറൻ്റ് ഫൈൻഡറായ ക്യൂബാനോയെയും സൊമാറ്റോ ഏറ്റെടുത്തു.  തൊട്ടടുത്ത വർഷം യുഎസ് ആസ്ഥാനമായുള്ള ഓൺലൈൻ ടേബിൾ റിസർവേഷൻ പ്ലാറ്റ്‌ഫോം നെക്‌സ്‌ടേബിളിനെയും സൊമാറ്റോ ഏറ്റെടുത്തു. സൊമാറ്റോയുടെ ഏറ്റവും വലിയ ഏറ്റെടുക്കലായിരുന്നു ഇത്. പിന്നാലെ യുഎസ് ആസ്ഥാനമായുള്ള മറ്റൊരു റെസ്റ്റോറന്‍റ് ഡയറക്‌ടറി അർബൻസ്‌പൂണിനെയും സൊമാറ്റോ സ്വന്തമാക്കിയെങ്കിലും അഞ്ച് മാസത്തിനുള്ളിൽ അത് അടച്ചുപൂട്ടേണ്ടി വന്നു.

2021 ജൂലൈ 14 മുതൽ 16 വരെയായിരുന്നു സൊമാറ്റോയുടെ പ്രാഥമിക ഓഹരി വിൽപ്പന. അവസാന ദിവസം ഓഹരികൾ 40 മടങ്ങിലേറെ സബ്സ്ക്രൈബ് ചെയ്തു. ക്യുഐബികളിൽ നിന്നും റീട്ടെയിൽ വിഭാഗത്തിൽ നിന്നുമുള്ള മികച്ച പ്രതികരണം ഐപിഒയ്ക്കുണ്ടായി. ഇന്ത്യൻ സ്റ്റാർട്ട്-അപ്പ് ഇക്കോസിസ്റ്റത്തിൽ ഏറെ ആഘോഷിക്കപ്പെട്ട ഐപിഒയായിരുന്നു സൊമാറ്റോയുടേത്. ‌ജൂലൈ 16-ന് 35 മടങ്ങ് അധിക സബ്‌സ്‌ക്രിപ്‌ഷനോടെയാണ് ഐപിഒ അവസാനിച്ചത്. 2021 നവംബർ 16-ന് ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ സൊമാറ്റോയുടെ ഓഹരി വില എക്കാലത്തെയും ഉയർന്ന നിരക്കായ 169.10 രൂപയിലെത്തി. 2021 ല്‍ സ്റ്റാർട്ടപ്പ് ഓഫ് ദ ഇയർ ആയി സൊമാറ്റോ തിരഞ്ഞെടുക്കപ്പെട്ടു. ഇതിനെല്ലാം പിന്നില്‍ ദിപീന്ദർ ഗോയല്‍ എന്ന സാധാരണക്കാരന്‍റെ ദൃഢനിശ്ചയവും പ്രതിബദ്ധതയും തന്നെയായിരുന്നു. ഇന്ന് ഇന്ത്യയില്‍ മാത്രമല്ല  രാജ്യാന്തരതലത്തിലും അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ശൃംഘലയാണ് സൊമാറ്റോ. ഉപഭോക്തൃ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സൊമാറ്റോയുടെ സേവനങ്ങൾ  വൈവിധ്യവത്കരിച്ചുകൊണ്ടിരിക്കുകയാണ് ദീപീന്ദര്‍ ഗോയല്‍. പതനാലുലക്ഷം ഉപഭോക്താക്കളാണ് ഇന്ന് സൊമാറ്റോയിലുള്ളത്.  ലോകമെമ്പാടുമായി 10,000 നഗരങ്ങളിൽ സൊമാറ്റോ സേവനം ലഭ്യമാണ് . ഉപഭോക്താക്കളുടെ ഇഷ്ട ഫുഡ് ഡെലിവറി ആപ്പ് എന്നതിനുമപ്പറം ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സൊമാറ്റോയ്ക്ക് ഇന്ന്കഴിയുന്നു.

ENGLISH SUMMARY:

Zomato founder Deepinder Goyal's life story