lee-thiam-wah

TOPICS COVERED

ലോകത്തെ അമ്പരിപ്പിക്കുന്ന ഒരു അതിജീവനകഥയാണ് മലേഷ്യയില്‍ നിന്നെത്തുന്നത്. പോളിയോ തളര്‍ത്തിയ ശരീരവുമായി ലോക കോടീശ്വര പട്ടികയിലേക്കെത്തിയ ലീ തിയാം വാഹ് എന്ന മനുഷ്യനെ കണ്ട് അഭിമാനം കൊള്ളുകയാണ് ലോകം. പരിമിതികള്‍ സ്വപ്നങ്ങളുടെ ചിറകരിയുന്നില്ല എന്ന ഓര്‍മപ്പെടുത്തല്‍ കൂടിയാണ് ലീ തിയാം വാഹ്.

റോഡരികില്‍ പലഹാരം വിറ്റിരുന്ന ഒരു ചെറിയ പെട്ടിക്കടയില്‍ നിന്നാണ് എല്ലാത്തിനും തുടക്കം. 99 സ്പീഡ് മാര്‍ട്ട് റീട്ടെയ്ല്‍ ഹോള്‍ഡിങ്സ് ബി.എച്ച്.ഡി എന്ന സംരംഭം ഇന്ന് രാജ്യമാകെ പന്തലിച്ചു കിടക്കുന്നു. 2,600 ഓളം സ്റ്റോറുകളാണ് ഇതിനു കീഴിലുള്ളത്. സ്റ്റോക്ക് മാര്‍ക്കറ്റില്‍ മുന്നോട്ടു കുതിക്കുകയാണ് മിനി മാര്‍ക്കറ്റ് ചെയിനായ 99 സ്പീഡ് മാര്‍ട്ട് റീട്ടെയ്ല്‍ ഹോള്‍ഡിങ്സ് ബി.എച്ച്.ഡി. 

ഏഴുവര്‍ഷം കൊണ്ട് 531 മില്യണ്‍ ഡോളര്‍ എന്ന നേട്ടമാണ് കമ്പനി സ്വന്തമാക്കിയത്. രാജ്യത്തെ അതിസമ്പന്നരുടെ പട്ടികയില്‍ ചുരുങ്ങിയ സമയംകൊണ്ടാണ് ഈ അറുപതുകാരന്‍ ഇടം കണ്ടെത്തിയത്. മലേഷ്യന്‍ മാര്‍ക്കറ്റിലെ അതിനിര്‍ണായക ഘടകം കൂടിയായി ലീ തിയാം വാഹ്‌മിന്‍റെ കമ്പനി. ആസ്തിയും സ്വപ്നനേട്ടമാണ് ലീ സ്വന്തമാക്കിയത്.

ക്ലാങ് പ്രദേശത്തെ ഒരു സാധാരണ കുടുംബത്തിലെ 11 മക്കളില്‍ ഒരാളായി 1964ല്‍ ആണ് ലീയുടെ ജനനം. കെട്ടിട നിര്‍മാണവും ആക്രക്കച്ചവടവുമായിരുന്നു ലീയുടെ മാതാപിതാക്കളുടെ ജോലി. മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ പോലും ഇവര്‍ക്ക് കഴിയുന്ന സാഹചര്യമായിരുന്നില്ല. 

ആറു വയസ്സിനു ശേഷമാണ് ലീ സ്കൂളില്‍ പോയി തുടങ്ങിയത്. പിന്നാലെ പോളിയോ ബാധിച്ചു. കാലുകള്‍ തളര്‍ന്ന ലീ ജീവിതം എന്താകുമെന്ന ആശങ്കയില്‍ മുങ്ങിപ്പോയില്ല. പകരം, എന്തെങ്കിലുമൊക്കെ ചെയ്ത് മുന്നോട്ടു തന്നെ പോകണമെന്ന ആഗ്രഹത്തോടെ റോഡരികില്‍ ഒരു ചെറിയ പലഹാര കടയിട്ടു. 

മിച്ചംപിടിച്ച ചെറിയ തുക കൂട്ടിവച്ച് 1987ല്‍ സ്വന്തമായി ഒരു പലചരക്ക് കട ലീ തുടങ്ങി. പിന്നീട് ലീയുടെ വളര്‍ച്ച ശരവേഗത്തിലായിരുന്നു. കഠിനാധ്വാനം കൈവിടില്ലെന്ന ഉറപ്പോടെ ഒരാള്‍ മുന്നിട്ടിറങ്ങിയപ്പോള്‍ വിജയം കൈപ്പിടിയിലായി. ‘എന്നെ ഞാന്‍ തന്നെ സഹായിക്കണമായിരുന്നു. എന്‍റെ ശാരീരിക അവസ്ഥ എന്നെ ആരും ജോലിക്കെടുത്തിരുന്നില്ല അതാണ് ഈ വിജയത്തിനു പിന്നില്‍’ എന്നാണ് ലീയ്ക്ക് പറയാനുള്ളത്. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ 99 സ്പീഡ് മാര്‍ട്ട് റീട്ടെയ്ല്‍ ഹോള്‍ഡിങ്സ് ബി.എച്ച്.ഡിയുടെ കീഴില്‍ 3,000 സ്റ്റോറുകള്‍ തികയ്ക്കുക എന്ന ലക്ഷ്യവും ലീയ്ക്കു മുന്നിലുണ്ട്.

ENGLISH SUMMARY:

Inspiring life story of Lee Thiam Wah, founder and owner of 99 Speed Mart, Malaysia's dominant mini-market chain. Starting with a simple roadside snack stall in Malaysia, Mr Wah has built a retail empire that now boasts over 2,600 convenience stores across the nation.