സ്വാതന്ത്ര്യത്തിന്റെ തുടക്കകാലം, ഇന്ത്യക്കാർ വിദേശ കോസ്മറ്റിക് ബ്രാൻഡിന് പണം ചെലവാക്കുന്നതിൽ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹറുവിന് അൽപം ആശങ്കയുണ്ടായിരുന്നു. ഇക്കാര്യം അദ്ദേഹം സംസാരിച്ചത് സുഹൃത്തും വ്യവസായിയുമായ ജെആർഡി ടാറ്റയോട്. ഒരു കോസ്മറ്റിക് കമ്പനി ആരംഭിക്കാനായിരുന്നു നെഹറുവിന്റെ ആവശ്യം. അങ്ങനെയാണ് ടാറ്റ ഓയിൽ മിൽസ് കമ്പനിയുടെ സബ്സിഡിയറിയായി ലക്മെ ആരംഭിക്കുന്നത്.
1952 ൽ ടാറ്റ ഓയിൽ മിൽ കമ്പനിക്ക് കീഴിലാണ് ലക്മെ ആരംഭിക്കുന്നത്. തദ്ദേശിയ കോസ്മെറ്റിക് ഉത്പ്പന്നങ്ങളില്ലാത്ത ഇന്ത്യൻ വിപണിയിൽ ടാറ്റ അവസരം കണ്ടു. ഫ്രഞ്ച് കമ്പനികളായ റോബർട്ട് പിഗ്യൂട്ട്, റെനോയ എന്നിവയുമായി ചേർന്ന് 1953 ൽ ലക്മെ വിപണിയിൽ അവതരിച്ചു. ഫ്രഞ്ച് കമ്പനികളിലെ വൈദഗ്ദ്യം ഉപയോഗിച്ച് ഇന്ത്യയിൽ നിർമിച്ച ഉത്പ്പന്നങ്ങളായിരുന്നു ലക്മെയുടെ കോസ്മെറ്റിക് ഉത്പ്പന്നങ്ങൾ.
വളർത്തിയ സ്വീഡിഷുകാരി
സിമോൺ എന്ന സ്വീഡിഷുകാരിയാണ് ലക്മെ വളർത്തിയത്. ഇതിന് കാരണമായത് 1953 ൽ ഇന്ത്യയിലേക്ക് നടത്തിയൊരു വിനോദയാത്രയും. 1930 തിൽ സ്വിറ്റസർലാൻഡിലെ ജനീവയിലാണ് സിമോൺ ടാറ്റ ജനിച്ചത്. 1953 ൽ ടൂറിസ്റ്റായാണ് സിമോൺ ഇന്ത്യയിലെത്തുന്നത്. ഈ അവസരത്തിലാണ് സിമോൺ ടാറ്റ നേവൽ ടാറ്റയെ കണ്ടുമുട്ടുന്നതും പിന്നീട് വിവാഹം ചെയ്യുന്നതും. 1995 ൽ വിവാഹ ശേഷം സിമോൺ ടാറ്റ ഇന്ത്യയിൽ സ്ഥിര താമസമാക്കി.
സിമോൺ @ ടാറ്റ
ടാറ്റയിൽ സിമോണിൻറെ കരിയർ ആരംഭിക്കുന്നത് 1962 ലാണ്. ടാറ്റ സബ്സിഡിയറിയായ ലക്മെയിൽ മാനേജിങ് ഡയറക്ടറായാണ് സിമോണിന്റെ ആദ്യ സ്ഥാനം. ബിസിനസ് പരിചയമില്ലായിരുന്നെങ്കിലും കോസ്മെറ്റിക്സിലെ പരിചയം സിമോൺ ലക്മെയെ രാജ്യാന്തര ബ്രാൻഡാക്കി ഉയർത്തി. 1988 ൽ ലക്മെ ചെയർപേഴ്സണും 1987 ൽ ടാറ്റ ഇൻഡ്സ്ട്രീസ് ബോർഡിലും സിമോൺ എത്തി.
'എന്റെ ഏറ്റവും വലിയ വെല്ലുവിളി ബിസിനസ് പരിചയമില്ലാതെ ഒരു കമ്പനിയെ നയിക്കുക എന്നതായിരുന്നു. ബാലൻസ് ഷീറ്റ വായിക്കുന്നത് എങ്ങനെ എന്ന് പോലും എനിക്കറിയില്ലായിരുന്നു. സിഇഒ എങ്ങനെ പ്രവർത്തിക്കണമെന്നതിനെ പറ്റി എന്റെ അറിവുകൾ പരിമിതായിരുന്നു. അക്കാലത്ത് ബിസിനസ് സ്കൂളുകളൊന്നും ഉണ്ടായിരുന്നില്ല' എന്നായിരുന്നു സിമോൺ ടാറ്റ ഒരു അഭിമുഖത്തിൽ പറഞ്ഞത്.
സിമോണിന്റെ വിഷൻ
1996 ൽ സിമോണിൻറെ നേതൃത്വത്തിലാണ് ടാറ്റ വസ്ത്ര വ്യാപാര വിപണിയിലേക്ക് കടക്കുന്നത്. ഇതിൻറെ ഭാഗമായി ലാക്മേയെ ഹിന്ദുസ്ഥാൻ യൂണിവിലറിന് വിറ്റു. ഈ ഫണ്ട് ഉപയോഗിച്ചാണ് ട്രെൻഡ് സ്ഥാപിക്കുന്നത്. ട്രെൻഡിന് കീഴിലാണ് ടാറ്റയുടെ ജനകീയ ബ്രാൻഡുകളായ വെസ്റ്റ്സൈഡും സുഡിയോ, സ്റ്റാർ ബസാർ എന്നിവ. 2023 ഡിസംബറിൽ ട്രെൻഡിൻറെ വിപണി മൂല്യം 1 ലക്ഷം കോടിക്ക് മുകളിലെത്തി.
സിമോൺ ടാറ്റയും രത്തൻ ടാറ്റയും
നേവൽ ടാറ്റയുടെയും സിമോൺ ടാറ്റയുടെയും മകനാണ് നിലവിലെ ട്രെൻഡ് ലിമിറ്റഡ് ചെയർമാൻ നോയൽ ടാറ്റ. നേവൽ ടാറ്റയുടെ മുൻ ഭാര്യയിലെ മകനാണ് രത്തൻ ടാറ്റ. സിമോൺ ടാറ്റയുടെ കൊച്ചുമകളായ ലിയ ടാറ്റ, മായ ടാറ്റ, നെവിൽ ടാറ്റ എന്നിവർ. നോയൽ ടാറ്റയുടെ ഭാര്യ ആലു മിസ്ത്രി പല്ലോൺജി മിസ്ത്രിയുടെ മകളാണ്.