ഇന്ത്യയിലെ ശതകോടീശ്വരന്‍മാരില്‍ മുന്നിലാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. ആദ്യ സ്ഥാനങ്ങളില്‍ മുകേഷ് അംബാനിയും ഗൗതം അദാനിയും പരസ്പരം മാറി വരാറുമുണ്ട്. എന്നാല്‍ കുറച്ചു ദിവസങ്ങളിലായി മുകേഷ് അംബാനിയുടെ ആസ്തി വലിയ രീതിയില്‍ ചേര്‍ന്ന് പോവുകയാണ്. സമ്പന്ന പട്ടികയില്‍ പടിപടിയായി താഴേക്ക് ഇറങ്ങുന്ന അംബാനിക്ക് രണ്ട് ദിവസത്തിനിടെ വന്ന നഷ്ടം 17,600 കോടി രൂപയാണ്.
Also Read: ഗിയര്‍ മാറ്റി ഹ്യുണ്ടായ്; ഐടി ഓഹരികള്‍ കുതിപ്പില്‍; നഷ്ടം തുടര്‍ന്ന് ഓഹരി വിപണി
ഒക്ടോബര്‍ 15 ന് പുറത്തു വന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ സെപ്റ്റംബര്‍ പാദഫലത്തിന് പിന്നാലെയാണ് മുകേഷ് അംബാനിയുടെ സമ്പത്ത് ചോരുന്നത്. നിരാശപ്പെടുത്തിയ പാദഫലത്തിന് പിന്നാലെ ഓഹരി വിലയിലുണ്ടാകുന്ന ഇടിവാണ് അംബാനിക്ക് തിരിച്ചടിയായത്.
ഒക്ടോബര്‍ 21 നുള്ള റിപ്പോര്‍ട്ട് പ്രകാരം ബ്ലൂംബെര്‍ഗിന്‍റെ ബില്യണര്‍ സൂചികയില്‍ 15-ാം സ്ഥാനത്തായിരുന്നു മുകേഷ് അംബാനിയുടെ സ്ഥാനം. 103 ബില്യണ്‍ ഡോളര്‍ അഥവാ 8,55,900 കോടി രൂപയുടെ സമ്പത്തായിരുന്നു അന്നേ ദിവസത്തെ ആസ്തി. എന്നാല്‍ ഇന്ന് ഇത് 101 ബില്യണ്‍ ഡോളറായി ചുരുങ്ങി.
രണ്ട് സ്ഥാനം താഴേക്ക് ഇറങ്ങി ലോക സമ്പന്നരില്‍ 17-ാമതാണ് അംബാനി. 8,38,300 കോടി രൂപയാണ് ഇന്ന് അംബാനിയുടെ ആസ്തി മൂല്യം. അതായത് രണ്ട് ദിവസത്തിനിടെ ഏകദേശം 17,600 കോടി രൂപ (2.1 ബില്യണ്‍ ഡോളര്‍) യുടെ നഷ്ടമാണ് ആസ്തിയിലുണ്ടായത്.
Also Read: അംബാനിയുടെ തീരുമാനം തെറ്റിയോ? ജിയോയിൽ നിന്ന് വലിയ കൊഴിഞ്ഞുപോക്ക്; തിരിച്ചടി?
കഴിഞ്ഞ കുറച്ചു നാളായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികള്‍ ഇടിവിലാണ്. തിങ്കളാഴ്ച 1.86 ശതമാനം ഇടിവില്‍ 2,687.30 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്. ഇന്ന് 0.16 ശതമാനം ഇടിവില്‍ 2682.35 രൂപയിലാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികള്‍ ക്ലോസ് ചെയ്തത്. അഞ്ച് ദിവസത്തിനിടെയിലെ നഷ്ടം 1.62 ശതമാനമാണ്. മൂന്ന് മാസത്തിനിടെ 16 ശതമാനം ഇടിവ്.
വിവിധ നിക്ഷേപങ്ങള്‍ കാരണം ശതകോടീശ്വരന്‍മാരുടെ ആസ്തിയില്‍ വ്യത്യാസങ്ങള്‍ വരുന്നത് സര്‍വസാധാരണമാണ്. ഓഹരി വിലയിലെ വ്യത്യാസം ഇത്തരക്കാരുടെ ആസ്തിയിലെ വ്യത്യാസത്തില്‍ വലിയ പങ്കുണ്ട്. ഓഹരി വില വര്‍ധിക്കുമ്പോള്‍ സമ്പത്ത് വര്‍ധിക്കുകയും. ഇടിവ് ആസ്തിയെ ബാധിക്കുകയും ചെയ്യും.
നിലവില്‍ ബ്ലൂംബെര്‍ഗിന്‍റെ ബില്യണര്‍ സൂചിക പ്രകാരം ലോക സമ്പന്നരില്‍ മുന്നിലുള്ള ഇന്ത്യക്കാരന്‍ മുകേഷ് അംബാനി തന്നെയാണ്. അംബാനിക്ക് തൊട്ടുതാഴെ 7,71,900 കോടി രൂപയുമായി ഗൗതം അദാനിയാണ് രണ്ടാമത്.