ഓഹരി വിപണി നിക്ഷേപകരെ സംബന്ധിച്ചിടത്തോളം അവസരങ്ങളുടെയും ജാഗ്രതയുടെയും വർഷമായിരുന്നു 2024. വർഷത്തിന്റെ ആദ്യ പകുതിയിലുണ്ടാക്കിയ കുതിപ്പും രണ്ടാം പകുതിയിൽ നേരിടേണ്ടി വന്ന തിരുത്തലുകളുമാണ് 2024 നെ ശ്രദ്ധേയമാക്കുന്നത്. ശക്തമായ കോർപ്പറേറ്റ് വരുമാനങ്ങളും ആഭ്യന്തര നിക്ഷേപത്തിലെ കുതിച്ചുചാട്ടവും മാക്രോ ഇക്കണോമിക് ഘടകങ്ങളും വിപണിക്ക് കരുത്തായി. 2024 സെപ്റ്റംബർ 27 ന് നിഫ്റ്റി എക്കാലത്തെയും ഉയർന്ന നിലവാരമായ 26,277.35 ലും സെൻസെക്സ് 85,978.25 ലും എത്തി.
Also Read: ഓഹരിക്ക് വലിയ ഡിമാന്‍റ്; 40% ത്തോളം നേട്ടത്തിന് സാധ്യത; ഈ ഐപിഒ തിളങ്ങുമോ?
വർഷത്തിന്‍റെ അവസാന മൂന്ന് മാസങ്ങളിൽ, ഒക്ടോബർ തൊട്ട് വിപണി തിരുത്തലിലാണ്. ഉയർന്ന വാല്യുവേഷനോട് നീതിപുലർത്താത്ത വരുമാനഫലങ്ങളും ആഗോള സാഹചര്യങ്ങളുമാണ് വിപണിക്ക് തിരിച്ചടിയായത്. ഉയരത്തിൽ നിന്ന് സെൻസെക്സ് 8.46 ശതമാനവും നിഫ്റ്റി 9.37 ശതമാനവും ഇടിഞ്ഞു. കോവിഡിന് ശേഷമുള്ള മൂന്നാമത്തെ വലിയ തിരുത്തലാണിത്.
വിദേശ നിക്ഷേപകരുടെ വിൽപ്പന
വിദേശ നിക്ഷേപകരുടെ ഇടപെടൽ ഇന്ത്യൻ വിപണിയെ 2024 ൽ കാര്യമായി ബാധിച്ചു. വാല്യുവേഷൻ കുറഞ്ഞ ചൈനീസ് വിപണികളിലേക്ക് വിദേശ നിക്ഷേപങ്ങൾ മാറിയതും ഡൊണാൾഡ് ട്രംപിന്റെ വിജയത്തിന് ഡോളറിലുണ്ടായ കുതിപ്പും അടക്കമുള്ള കാരണങ്ങൾ വിദേശ നിക്ഷേപകരെ വിൽപ്പനക്കാരാക്കി. 2024 നവംബർ വരെ 2,87,235 കോടി രൂപയുടെ ഇക്വിറ്റികളാണ് വിദേശ നിക്ഷേപകർ വിറ്റത്. 2024 ൽ വിദേശ നിക്ഷേപർ 11 മാസത്തിൽ ഏഴിലും വിൽപ്പനക്കാരായി.
Also Read: നിക്ഷേപകരെ സമ്പന്നനാക്കിയ ഓഹരി; വാങ്ങലും വിൽപ്പനയും തടഞ്ഞ് സെബി; കയ്യിലുള്ളവർ കുടുങ്ങി
ആഭ്യന്തര നിക്ഷേപകർ വാങ്ങിയത് 5 ലക്ഷം കോടി
വിദേശ നിക്ഷേപകരുടെ ഇത്രയും വലിയ വിൽപ്പനയുണ്ടായിട്ടും വിപണിയെ പിടിച്ചു നിർത്തിയതിന് കാരണം ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളുടെ ഇടപെടലാണ്. നവംബർ വരെ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങഴൾ 4,93,243 കോടി രൂപയുടെ വാങ്ങലുകൾ നടത്തി. മ്യൂച്വൽ ഫണ്ടുകൾ, പെൻഷൻ ഫണ്ടുകൾ, പ്രൊവിഡന്റ് ഫണ്ടുകൾ, ഇൻഷുറൻസ് കമ്പനികൾ, ധനകാര്യ സ്ഥാപനങ്ങൾ, ബാങ്കുകൾ തുടങ്ങിയവയാണ് രാജ്യത്തെ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ.
കേന്ദ്ര ബാങ്കുകളുടെ പലിശ നയം
കേന്ദ്ര ബാങ്കുകളുടെ പലിശ നയത്തിൽ 2024 ൽ കാര്യമായ മാറ്റങ്ങളുണ്ടായി. ഇതും വിപണി പ്രവർത്തനങ്ങളെ സ്വാധീനിച്ചു. യുഎസ് ഫെഡറൽ റിസർവ് സെപ്റ്റംബറിൽ പലിശ നിരക്ക് കുറച്ചത് അപ്രതീക്ഷിതമായി. സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കാനായിരുന്നു ഫെഡിന്റെ ഇടപെടൽ. 2020 തിന് ശേഷമുള്ള ആദ്യ പലിശ നിരക്ക് ഇക്വിറ്റി വിപണികൾക്ക് അനുകൂലമായി. ഇന്ത്യയിൽ പലിശ നയത്തിൽ മാറ്റമില്ലാതെയാണ് 2024 കടന്നുപോകുന്നത്.
Also Read: സെക്കന്‍റുകള്‍ പണമാക്കുന്ന യൂട്യൂബ്; വരുമാനം ഇങ്ങനെ; ഏറ്റവും കൂടുതൽ പണം നൽകുന്നത് ആർക്ക്
മധ്യേഷ്യയിൽ ഇസ്രയേൽ കേന്ദ്രീകരിച്ച് നടന്ന സംഘർഷങ്ങൾ വിപണിയെ ഉലച്ചു. ക്രൂഡ് ഓയിൽ വിലയിലെ ഏറ്റക്കുറച്ചിലുകൾ, യൂറോപ്പിലെയും ചൈനയിലെയും സാമ്പത്തിക സ്ഥിരതയെക്കുറിച്ചുള്ള ആശങ്കകൾ എന്നിവയും വിപണിക്ക് തിരിച്ചടികളായി.
ഓഹരി വിപണിയുടെ പ്രകടനം
2024 ലെ മികച്ച അസ്റ്റ് ക്ലാസുകളിൽ ഇക്വിറ്റികൾ മുന്നിൽ തന്നെയാണ്. പ്രതികൂല സാഹചര്യങ്ങളുണ്ടായിരുന്നെങ്കിലും 2024 അവസാനിക്കുമ്പോൾ 10 ശതമാനത്തോളം റിട്ടേൺ നിഫ്റ്റിയും സെൻസെക്സും നൽകുന്നുണ്ട്. ബ്ലൂ ചിപ്പ് സ്റ്റോക്കുകളുടെ സ്ഥിരമായ പ്രകടനമാണിത് കാണിക്കുന്നത്. അതേസമയം സ്മോൾകാപ്, മിഡ്കാപ് സൂചികകൾ 20 ശതമാനത്തിന് മുകളിൽ വളർന്നു.
നിഫ്റ്റി സ്മോൾകാപ് സൂചിക 23.86 ശതമാനവും മിഡ്കാപ് സൂചിക 23.66 ശതമാനവുമാണ് റിട്ടേൺ. വർഷം ആരംഭത്തിൽ ഒരു ലക്ഷം രൂപ നിഫ്റ്റി 500 സൂചികയിൽ നിക്ഷേപിക്കുകയായിരുന്നെങ്കിൽ ഇന്നത്തെ മൂല്യം 1,21,300 രൂപയാകുമായിരുന്നു. 2024ൽ ഇതുവരെ നിഫ്റ്റി 500 ഇൻഡക്സിൻറെ വളർച്ച 21.3 ശതമാനമാണ്.
നിഫ്റ്റിയിലെ മികച്ച ഓഹരി
പ്രകടനത്തിൻറെ അടിസ്ഥാനത്തിൽ നിഫ്റ്റി 50 യിലെ 2024 ലെ ഏറ്റവും മികച്ച ഓഹരി ടാറ്റ ഗ്രൂപ്പിൻറെ റീട്ടെയിൽ കമ്പനിയായ ട്രെൻഡ് ഓഹരിയാണ്. 2024 ൽ നിഫ്റ്റിയിൽ മൾട്ടിബാഗർ റിട്ടേൺ നൽകിയ ഏക ഓഹരിയും ഇതാണ്. ഡിസംബർ 27 വരെയുള്ള കണക്ക് പ്രകാരം 137.33 ശതമാനമാണ് ഓഹരിയുടെ റിട്ടേൺ. അതായത് ഓഹരിയിൽ നിക്ഷേപിച്ചവർക്ക് നിക്ഷേപം ഇരട്ടിയായി. 2024 ൽ 12 ൽ പത്ത് മാസവും ഓഹരി നേട്ടം നൽകിയെന്ന് കാണാം.
വിദേശ നിക്ഷേപകരുടെ കൂട്ടമായ പിന്മാറ്റത്തോടെ ഓഹരി വിപണിയിൽ തിരുത്തൽ നേരിട്ട ഒക്ടോബർ, നവംബർ മാസങ്ങളിലാണ് ഓഹരിയും ഇടിഞ്ഞത്. ഒക്ടോബറിൽ രേഖപ്പെടുത്തിയ 8,345.85 രൂപയാണ് ഓഹരിയുടെ ഏറ്റവും ഉയർന്ന വില. 2023 ഡിസംബറിൽ 2,850 രൂപ ഉണ്ടായിരുന്നിടത്ത് നിന്നാണ് ഈ മുന്നേറ്റം. നിലവിലെ ക്ലോസിങ് വില 7,125 രൂപയാണ്.
2014 മുതൽ തുടർച്ചയായ പത്തു വർഷം പോസ്റ്റീവ് റിട്ടേൺ നൽകിയ ഓഹരിയാണ് ട്രെൻഡ്. തുടർച്ചയായ രണ്ടാം വർഷമാണ് ഓഹരി 100 ശതമാനത്തിന് മുകളിൽ റിട്ടേൺ നൽകുന്നത്. 2023 ൽ 126 ശതമാനമാണ് ഓഹരിയുടെ റിട്ടേൺ.
(Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വിൽക്കാനോ ഉള്ള നിർദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങൾ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധൻറെ ഉപദേശം തേടുകയോ ചെയ്യുക)