മലയാളികളായ ഓഹരി വിപണി നിക്ഷേപകരുടെ എണ്ണത്തിൽ വലിയ വർധന. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ കണക്കുപ്രകാരം, കേരളത്തിൽ നിന്നുള്ള രജിസ്ട്രേഡ് നിക്ഷേപകരുടെ എണ്ണം 26.50 ലക്ഷം കടന്നു. ഇതിലാണ് സ്ത്രീ പ്രാതിനിധ്യത്തിൽ വർധന കാണിക്കുന്നത്. അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഓഫ് ഇന്ത്യ (ആംഫി) യുടെ കണക്കുപ്രകാരം, മലയാളിയുടെ മ്യൂച്വൽ ഫണ്ട് നിക്ഷേപം 85,595 കോടിയും കടന്ന് മുന്നോട്ട് കുതിക്കുകയാണ്. നവംബർ വരെയുള്ള കണക്കാണിത്.
26.50 ലക്ഷം കടന്ന് മലയാളി
ചിട്ടിക്കും ആർഡിക്കും സ്ഥിര നിക്ഷേപത്തിനും പിന്നാലെ പോകുന്ന മലയാളിയുടെ ട്രെൻഡ് മാറുന്ന കാഴ്ചയാണ് 2024ൽ. ജനുവരിയിൽ വർഷമാദ്യം 21.70 ലക്ഷം നിക്ഷേപകരാണ് കേരളത്തിൽ നിന്നും ഓഹരി വ്യാപാരത്തിൽ പങ്കെടുത്തിരുന്നത്. കേരളത്തിൽ നിന്നുള്ള ഓഹരി നിക്ഷേപകരുടെ എണ്ണം 25 ലക്ഷം കടന്ന വർഷമാണിത്. രാജ്യത്ത് 14-മതാണ് കേരളം.
2010 ൽ 3.45 ലക്ഷം മലയാളികളായിരുന്നു ഓഹരി വിപണിയിലുണ്ടായിരുന്നത്. 2015 ൽ 5.83 ലക്ഷമായി ഉയർന്നു. കോവിഡ് കാലത്ത് 2019-20 കാലയളവിൽ 9.42 ലക്ഷം പേരായിരുന്നു ഓഹരി വിപണിയിലെ മലയാളി പ്രാതിനിധ്യം. കോവിഡാനന്തരമുണ്ടായ കുതിപ്പിലാണ് നാലു വർഷം കൊണ്ട് 26.50 ലക്ഷത്തിലേക്ക് എത്തിയത്.
Also Read: ഓഹരി വിപണി 2024; മികച്ച ഓഹരി ഏത്? 1 ലക്ഷം നിക്ഷേപിച്ചെങ്കിൽ റിട്ടേൺ എത്ര?
പ്രാതിനിധ്യം കുറയുന്നു
മലയാളി നിക്ഷേപകരുടെ എണ്ണം വർധിക്കുമ്പോഴും മറ്റു സംസ്ഥാനങ്ങളുടെ അത്ര വളർച്ച കേരളത്തിൽ നിന്ന് ഉണ്ടാകുന്നില്ല. രാജ്യത്തെ ആകെ ഓഹരി നിക്ഷേപകരുടെ 2.50 ശതമാനമാണ് നിലവിൽ കേരളത്തിൽ നിന്നുള്ളത്. ഈ പ്രാതിനിധ്യം വർഷന്തോറും കുറയുകയാണ്.
2015 ൽ 3.50 ശതമാനവും 2020 തിൽ 3 ശതമാനമായിരുന്നു മലയാളികൾ. ഒക്ടോബറിൽ 49,500 പുതിയ നിക്ഷേപകരാണ് വിപണിയിലെത്തിയത്. നവംബറിലിത് 48,100 പേരാണ്.
സ്ത്രീകൾ കൂടുന്നു
ഓഹരി വിപണിയിലേക്ക് കേരളത്തിലെ സ്ത്രീകൾ കൂടുതലായി എത്തുന്നു എന്നതാണ് കണക്ക്. കേരളത്തിലെ ആകെ നിക്ഷേപകരിൽ 27.2 ശതമാനം സ്ത്രീകളും 72.8 ശതമാനം പുരുഷൻമാരുമാണ്. 2022 സാമ്പത്തിക വർഷത്തിൽ 25.4 ശതമാനവും 2024 ൽ 26.4 ശതമാനവുമായിരുന്നു സ്ത്രീ പങ്കാളിത്തം. തുടർച്ചയായ വർധനവ് ഈ കണക്കിൽ കാണാം.
Also Read: സ്വർണ വില വർധിച്ചത് 14,000 രൂപ; 2025 ല്‍ കൂടുമോ കുറയുമോ?; നിഗമനങ്ങള്‍ ഇങ്ങനെ
85,000 കോടി കടന്ന് മ്യൂച്വൽ ഫണ്ട്
മലയാളികളുടെ മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിലും വർധനവുണ്ട്. ആംഫിയുടെ കണക്ക് പ്രകാരം, നവംബർ വരെ മ്യൂച്വൽ ഫണ്ട് സ്കീമുകളിൽ കേരളത്തിൽ നിന്നുള്ള ആകെ നിക്ഷേപം (എയുഎം) 85595.96 രൂപയിലെത്തി. ജനുവരിയിൽ 61,708.09 കോടി രൂപയായിരുന്നു ഇത്.
കോവിഡിന് ശേഷം ഈ കണക്കുകളിലും വലിയ വർധനവ് കാണാം. രണ്ടര വർഷം കൊണ്ടാണ് മലയാളിയുടെ മ്യൂച്വൽ ഫണ്ട് നിക്ഷേപം ഇരട്ടിയായത്. 2022 ജൂണിൽ 39,019.22 കോടിയായിരുന്നു ആകെ നിക്ഷേപം. 2023 ഡിസംബറിൽ ഇത് 61,281 കോടി രൂപയായി. ഇവിടെ നിന്നാണ് 85,595 കോടി രൂപയും കടന്ന് 2024 ൽ നിക്ഷേപം കുതിക്കുന്നത്.
മലയാളി നിക്ഷേപിക്കുന്നത് എവിടെ
ഇക്വിറ്റി ഫണ്ടിലാണ് മലയാളിയുടെ മൂച്വൽ ഫണ്ട് നിക്ഷേപത്തിന്‍റെ ഭൂരിഭാഗവും. നിലവിൽ 63742.03 കോടി രൂപയുടെ ഇക്വിറ്റി നിക്ഷേപമാണ് കേരളത്തിൽ നിന്നുള്ളത്. ലിക്വിഡ് ഫണ്ടിൽ 5,903 കോടി രൂപയും ഡെറ്റ് ഫണ്ടുകളിൽ 7,359 കോടി രൂപയും മലയാളി നിക്ഷേപമായിട്ടുണ്ട്. 241 കോടി രൂപയുടെ സ്വർണ ഇടിഎഫ് നിക്ഷേപവും മലയാളികൾ ചേർന്ന് നടത്തിയിട്ടുണ്ട്.
ജനുവരിയിൽ 45,696 കോടി രൂപയുടെ ഇക്വിറ്റി നിക്ഷേപമായിരുന്നു ഉണ്ടായിരുന്നത്. ഇത് 50,000 കോടി ഭേദിച്ചത് ഏപ്രിലിലാണ്. 2022 ജൂണിൽ 26,733 കോടി രൂപയായിരുന്നു മലയാളിയുടെ ഇക്വിറ്റി നിക്ഷേപം. ജനുവരിയിൽ 137 കോടി രൂപയായിരുന്നു മലയാളി സ്വർണ ഇടിഎഫിൽ നിക്ഷേപിച്ചത്.
മോശമാക്കാതെ വിപണി
സമീപ കാലത്തെ തിരുത്തൽ നിക്ഷേപ പോർട്ട്ഫോളിയോയെ ബാധിച്ചേക്കാമെങ്കിലും 2024 ൽ പത്ത് ശതമാനത്തിന് അടുത്ത് റിട്ടേണാണ് സെൻസെക്സും നിഫ്റ്റിയും നൽകിയത്. നിഫ്റ്റി സൂചികയിൽ ടെൻഡ് ലിമിറ്റഡ് മൾട്ടിബാഗർ റിട്ടേൺ നൽകി. ചെറുതും വലതുമായ ഓഹരികൾ നിക്ഷേപകർക്ക് മികച്ച റിട്ടേൺ നൽകിയ വർഷമാണ് കടന്നുപോകുന്നത്. 425 ഇക്വിറ്റി ഫണ്ടുകളിൽ 34 ഫണ്ടുകൾ ഒഴിച്ച് ബാക്കിയുള്ളവയെല്ലാം പോസ്റ്റീവ് റിട്ടേണും നൽകി.
(Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വിൽക്കാനോ ഉള്ള നിർദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങൾ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധൻറെ ഉപദേശം തേടുകയോ ചെയ്യുക)