നവംബര്‍ 15 ന് 69 വയസ് പൂര്‍ത്തിയാവുകയാണ് മലയാളി വ്യവസായിയായ എം.എ.യൂസഫലിക്ക്. ഇന്നലെയാണ് ലുലു റീടെയില്‍ അബുദാബി സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്തത്. ലുലു റീടെയിലിന്‍റെ ഓഹരി വില്‍പ്പനയോടെ  അദ്ദേഹത്തെ യുഎഇയിലെ ഏറ്റവും സമ്പന്നനായ സ്വകാര്യ വ്യക്തികളില്‍ രണ്ടാമനാക്കിയെന്നാണ് ബ്ലുംബെര്‍ഗ് റിപ്പോര്‍ട്ട്. 

ഓഹരിക്ക് നിശ്ചയിച്ചിരുന്ന പ്രൈസ് ബാന്‍ഡായിരുന്ന 2.04 ദിര്‍ഹത്തിലാണ് ഓഹരി ഇന്നലെ ലിസ്റ്റ് ചെയ്തത്. ഇടിവില്‍ വ്യാപാരം നടത്തിയ ഓഹരി അവസാനം ക്ലോസ് ചെയ്തതും 2.04 ദിര്‍ഹത്തിലാണ്. അതേസമയം ഓഹരി ഇന്നും ഇടിവിലാണ്. 0.49 ശതമാനം ഇടിവില്‍ 2 .03 ദിര്‍ഹത്തിലാണ് ഓഹരി വ്യാപാരം ചെയ്യുന്നത്. ഇന്നലെ 2.04 ദിര്‍ഹത്തില്‍ ക്ലോസ് ചെയ്ത ഓഹരി 2.02 ദിര്‍ഹത്തിലാണ് രാവിലെ വ്യാപാരം തുടങ്ങിയത്. 

അതേസമയം, ഫോബ്സ് ബില്യണയര്‍ പട്ടിക പ്രകാരം ലോക സമ്പന്നരില്‍ 423–ാം സ്ഥാനത്താണ് എംഎ യൂസഫലി. ഇന്ത്യന്‍ സമ്പന്നരില്‍ നിലവില്‍ 39-ാം സ്ഥാനമുണ്ട്. 30 ലക്ഷം ഡോളര്‍ ( ഏകദേശം 25 കോടി രൂപ) ഇടിവാണ് കഴിഞ്ഞ ദിവസം എംഎ യൂസഫലിയുടെ സമ്പത്തിലുണ്ടായത്. 712 കോടി ഡോളര്‍ ( ഏകദേശം 59,096 കോടി രൂപ) ആസ്തിയാണ് അദ്ദേഹത്തിനുള്ളത്. ഒരു വര്‍ഷത്തിനിടെ 109 കോടി ഡോളര്‍ കൂട്ടിച്ചേര്‍ക്കാന്‍ അദ്ദേഹത്തിനായി. ബ്ലൂംബെര്‍ഗ് ബില്യണയര്‍ സൂചിക പ്രകാരം യുഎഇയിലെ അതി സമ്പന്നരായ വ്യക്തികളില്‍ രണ്ടാമനാണ് അദ്ദേഹം. 

ഇന്ത്യക്കാരന്റെ ഉടമസ്ഥയിലുള്ള കമ്പനിയുടെ ജിസിസിയിലെ ഏറ്റവും വലിയ ലിസ്റ്റിങ്ങ് എന്ന റെക്കോർഡോടെയാണ് ലുലു റീറ്റെയില്‍ ഓഹരികള്‍  അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തത്. യുഎഇ നിക്ഷേപ മന്ത്രി മുഹമ്മദ് ബിൻ ഹസൻ അൽസുവൈദിയും ലുലു ചെയർമാൻ എം.എ യൂസഫലിയും  ചേർന്ന് ട്രേഡിങ്ങിന് തുടക്കംകുറിച്ചു. എഡിഎക്സിലെ നൂറാമത്തെ ലിസ്റ്റിങ് ആയിരുന്നു ലുലുവിന്റേത്. 

യുഎഇയുടെയും ജിസിസിയുടെയും വികസനത്തിന് ലുലു നൽകിയ പങ്കാളിത്വം മാതൃകാപരമാണെന്നും ഇപ്പോൾ കൂടുതൽ ജനകീയമായെന്നും മന്ത്രി മുഹമ്മദ് ബിൻ ഹസൻ അൽസുവൈദി പറഞ്ഞു. ലുലുവിന്റെ റീട്ടെയ്ൽ യാത്രയിലെ ചരിത്രമുഹൂർത്തമാണ് ലിസ്റ്റിങ്ങെന്നും നിക്ഷേപകർക്ക് മികച്ച റിട്ടേൺ ലഭ്യമാക്കാനുള്ള ശ്രമം  തുടരുമെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി പറഞ്ഞു.

ENGLISH SUMMARY:

What is Lulu group chairman MA Yusuff Ali's net worth.