roshni-nadar

TOPICS COVERED

ഇന്ത്യയിലെ ഏറ്റവും ധനികയായ വനിതയാരാണ്? അംബാനിയുടേയോ അദാനിയുടേയോ ഭാര്യയോ മകളോ ആയിരിക്കും എന്നാണ് കരുതുന്നതെങ്കില്‍ തെറ്റി. ഇതാ റോഷ്നി നാടാര്‍ മല്‍ഹോത്ര. പ്രായം വെറും നാല്‍പത്തിമൂന്ന്. രാജ്യത്തെ പ്രമുഖ ഐടി കമ്പനിയായ എച്ച്.സി.എല്‍ ടെക്നോളജീസിന്റെ ചെയര്‍പേഴ്സനാണ് റോഷ്നി. എച്ച്.സി.എല്‍ ടെക്നോളജീസിന്റെ സ്ഥാപകന്‍ ശിവ് നാടാറുടെ ഏക മകളാണ് റോഷ്നി. എച്ച്.സി.എല്‍ ഗ്രൂപ്പിലെ നാല്‍പ്പത്തിയേഴു ശതമാനം ഓഹരികള്‍ ശിവ് നാടാര്‍ കൈമാറിയതോടെയാണ് റോഷ്നി രാജ്യത്തെ ഏറ്റവും സമ്പന്നയായ വനിതയായി മാറിയത്. ഇതോടെ എച്ച്.സി.എല്‍ ടെക്നോളജീസിലേയും എച്ച്.സി.എല്‍. ഇന്‍ഫോ സിസ്റ്റംസിലേയും ഏറ്റവുമധികം ഓഹരികള്‍ റോഷ്നിയുടെ പേരിലായി. 

roshni-richwoman

ഇന്ത്യയിലെ ധനികരുടെ  പട്ടികയില്‍  മുകേഷ് അംബാനിക്കും ഗൗതം അദാനിക്കും പിന്നില്‍ മൂന്നാം സ്ഥാനത്താണ് റോഷ്നിയുടെ സ്ഥാനം. ഫോര്‍ബ്സ് മാഗസിന്റെ കണക്കുപ്രകാരം 42 ബില്യണ്‍ യു.എസ്. ഡോളറാണ് റോഷ്നിയുടെ ഏകദേശ ആസ്തി. അതായത് 3 ലക്ഷത്തി അറുപത്തയ്യായിരം കോടിയോളം രൂപ!.

 1976ല്‍ സ്ഥാപിക്കപ്പെട്ട എച്ച്.സി.എല്‍. ടെക്നോളജീസ്, ഇന്ത്യയിലെ മുന്‍നിര ഐടി കമ്പനികളില്‍ ഒന്നാണ്. 2020ലാണ് റോഷ്നി നാടാര്‍ മല്‍ഹോത്ര എച്ച്.സി.എല്‍. ടെക്നോളജീസിന്റെ ചെയര്‍പേഴ്സണ്‍ സ്ഥാനത്തെത്തിയത്. 1982ല്‍ ഡല്‍ഹിയില്‍ ജനിച്ച റോഷ്നി, വസന്ത് വാലി സ്കൂളിലാണ് പഠിച്ചത്. അമേരിക്കയില്‍ ഉന്നതപഠനം പൂര്‍ത്തിയാക്കിയ റോഷ്നിക്ക് കമ്യൂണിക്കേഷനില്‍ ബിരുദമുണ്ട്. റേഡിയോ, ടെലിവിഷന്‍, ഫിലിം എന്നിവ പ്രധാന വിഷയങ്ങളായി എടുത്താണ് നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് റോഷ്നി കമ്യൂണിക്കേഷനില്‍ ബിരുദം സ്വന്തമാക്കിയത്. സോഷ്യല്‍ എന്റര്‍പ്രൈസ് മാനേജ്മെന്റില്‍ എംബിഎയും റോഷ്നിയുടെ പേരിലുണ്ട്. എച്ച്.സി.എല്‍ ഹെല്‍ത്ത് കെയര്‍ വൈസ് ചെയര്‍മാന്‍ ശിഖര്‍ മല്‍ഹോത്രയാണ് റോഷ്നിയുടെ ജീവിതപങ്കാളി.