morphing-arrest-03

കാസർകോട് ചിറ്റാരിക്കാലിൽ സ്ത്രീകളുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. തയ്യേനി സ്വദേശികളായ മൂന്ന് പേരാണ് അറസ്റ്റിലായത്. വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരുടെ ചിത്രങ്ങൾ പ്രതികൾ പ്രചരിപ്പിച്ചതായി കണ്ടെത്തി. 

 

ടെലഗ്രാമിൽ എഐ ബോട്ടിന്റെ സഹായത്തോടെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ നിർമ്മിച്ച് വിതരണം ചെയ്ത കേസിൽ തയ്യേനി സ്വദേശികളായ സിബിൻ ലൂക്കോസ്, എബിൻ ടോം ജോസഫ്, ജസ്റ്റിൻ ജേക്കബ് എന്നിവരെയാണ് ചിറ്റാരിക്കാൽ പൊലീസ് പിടികൂടിയത്. പ്രതികൾ പിടിയിലായതോടെ ഒന്നര വർഷത്തിലധികമായി തുടരുന്ന കുറ്റകൃത്യത്തിന്റെ ചുരുളാണഴിഞ്ഞത്. 

വിദ്യാർഥികളും വീട്ടമ്മമാരും ഉൾപ്പെടെ ഇരുന്നൂറോളം സ്ത്രീകളുടെ ചിത്രം മോർഫ് ചെയ്ത് മൊബൈൽ ഫോൺ വഴി പ്രചരിപ്പിച്ചതായാണ് വിവരം. ദിവസങ്ങൾക്ക് മുമ്പാണ് സ്ത്രീകളുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിക്കുന്നതായി വിവരം ലഭിച്ചത്. നാട്ടുകാരുടെ പരാതിയിൽ ചിറ്റാരിക്കാൻ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഘത്തെക്കുറിച്ച് വിവരം ലഭിച്ചത്. സൈബർ സെല്ലിന്റെ സഹായത്തോടെ ഇവരുടെ ഫോണുകൾ പരിശോധിച്ച ശേഷമാണ് അറസ്റ്റ് ചെയ്തത്.  ആദ്യം പരാതി നൽകാൻ ആളുകൾ തയ്യാറായിരുന്നില്ല.

സമൂഹമാധ്യമങ്ങളിൽ നിന്ന് എടുത്ത ഫോട്ടോകളാണ് മോർഫ് ചെയ്ത് പ്രചരിപ്പിച്ചത്. സിനിമാ താരങ്ങളുടെയും ചിത്രങ്ങൾ ഇവർ മോർഫ് ചെയ്ത് പ്രചരിപ്പിച്ചിരുന്നു. ചിത്രം സമൂഹമാധ്യമങ്ങൾ വഴി ഷെയർ ചെയ്തവരും പ്രതികളാകും. ഒളിവിലുള്ള ഒരാൾക്കായി അന്വേഷണം ഊർജിതമാക്കി. സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

ENGLISH SUMMARY:

3 held for posting morphed photos of 200 woman on telegram