ഹൈക്കോടതിയില്‍ നിരുപാധികം മാപ്പുചോദിച്ച് ബോബി ചെമ്മണ്ണൂരിന്‍റെ അഭിഭാഷകന്‍. ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് തടവുകാര്‍ക്ക് വേണ്ടി ഇടപെട്ടതെന്നും തന്റെ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പെന്നും ബോബി പറഞ്ഞു. അതേസമയം, ജാമ്യം ലഭിച്ചിട്ടും ജയിലില്‍ നിന്ന് ബോബി ഇറങ്ങാതിരുന്നതെന്ത് കൊണ്ടാണെന്ന് കോടതി ആരാഞ്ഞു. ഇന്ന് പുറത്തിറങ്ങി മാധ്യമങ്ങളോട് പറഞ്ഞതെന്താണെന്ന് അറിഞ്ഞുവെന്നും ബോബി ഹൈക്കോടതിയോടും ജുഡീഷ്യറിയോടും കളിക്കുകയാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു. അതിനിടെ വൈകിട്ട് തൃശൂരില്‍ നടത്താനിരുന്ന വാര്‍ത്താസമ്മേളനം ബോബി ചെമ്മണ്ണൂര്‍ മാറ്റിവച്ചു.
പുറത്തിറങ്ങാന്‍ വൈകിയത് തടവുകാരുടെ പ്രശ്നങ്ങളില്‍ ഇടപെട്ടതുകൊണ്ടാണെന്ന വാദം ബോബി തിരുത്തി. ഉത്തരവ് ജയിലിലെത്താന്‍ വൈകിയെന്നു സാങ്കേതിക കാരണങ്ങളാണ് പിന്നിലെന്നുമാണ് നിലവിലെ വിശദീകരണം. ബോണ്ട് ഒപ്പിടാന്‍ ഇന്നലെ എത്തിച്ചുവെന്ന വാര്‍ത്ത തെറ്റാണെന്നും ഹൈക്കോടതിയെ ഇക്കാര്യം ധരിപ്പിക്കുമെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. നടി ഹണി റോസിന്‍റെ പരാതിയിലാണ് ബോബിക്കെതിരെ പൊലീസ് ലൈംഗിക അതിക്രമക്കേസ് എടുത്തത്.