TOPICS COVERED

44കാരിയായ സ്ത്രീയെ ഇ–സിം കാര്‍ഡ് എന്ന പേരില്‍ തട്ടിപ്പിന് ഇരയാക്കി ബാങ്ക് അക്കൗണ്ടില്‍ നിന്ന് കവര്‍ന്നത് 27 ലക്ഷം രൂപ. പരാതിയില്‍ നോയിഡ സൈബര്‍ക്രൈം പൊലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തു. സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ജ്യോത്സന ഭാട്ടിയ എന്ന സ്ത്രീയാണ് തട്ടിപ്പിന് ഇരയായത്. ഓഗസ്റ്റ് 31ന് തനിക്ക് ലഭിച്ച വാട്സ് ആപ്പ് കോളില്‍ നിന്നാണ് തട്ടിപ്പിന്റെ തുടക്കം എന്ന് ജ്യോത്സന പറയുന്നു. 

ടെലികോം കമ്പനിയിലെ കസ്റ്റമര്‍ എക്സിക്യൂട്ടീവ് എന്ന പേരിലാണ് വാട്സ് ആപ്പ് കോള്‍ വന്നത്. പുതിയ ഇ–സിം കാര്‍ഡിന്റെ പ്രത്യേകതകളാണ് വിളിച്ചയാള്‍ ജ്യോത്സനയുമായി പങ്കുവെച്ചത്. ഫോണ്‍ നഷ്ടപ്പെടുകയാണ് എങ്കില്‍ ഇ–സിം കാര്‍ഡ്  ആക്റ്റിവേറ്റ് ചെയ്യാം എന്നതുള്‍പ്പെടെയുള്ള പ്രത്യേകതകളുണ്ടെന്ന് യുവതിയെ ഇയാള്‍ ബോധ്യപ്പെടുത്തി. പിന്നാലെ സിം ആപ്ലിക്കേഷനിലെ ഇ–സിം ഓപ്ഷന്‍ സെലക്ട് ചെയ്യാനും അതിന് ശേഷം സന്ദേശമായി ലഭിക്കുന്ന കോഡ് കൈമാറാനും ഇയാള്‍ നിര്‍ദേശിച്ചു. ഈ നിര്‍ദേശങ്ങള്‍ ജ്യോത്സന പിന്തുടര്‍ന്നതോടെ ഇവരുടെ മൊബൈല്‍ നമ്പര്‍ ഡീആക്ടിവേറ്റഡ് ആയി. 

എന്നാല്‍ സെപ്തംബര്‍ ഒന്നിന് പുതിയ സിം എത്തിച്ച് നല്‍കാം എന്നാണ് ഇയാള്‍ ജ്യോത്സനയോട് പറഞ്ഞത്. പറഞ്ഞ സമയത്ത് പുതിയ സിം കിട്ടാതെ വന്നതോടെ ഇവര്‍ കസ്റ്റമര്‍ കെയറിേക്ക് വിളിച്ച് വിവരം പറഞ്ഞു. ഡ്യൂപ്ലിക്കേറ്റ് സി ലഭിക്കുന്നതിനായി സര്‍വീസ് സെന്ററിലേക്ക് വരാനുള്ള നിര്‍ദേശമാണ് ഇവര്‍ക്ക് ലഭിച്ചത്. മൂന്ന് ദിവസത്തിന് ശേഷം ജ്യോത്സനയ്ക്ക് പുതിയ സിം ലഭിച്ചു. പിന്നാലെ ബാങ്കില്‍ നിന്നുള്ള സന്ദേശങ്ങള്‍ വരാന്‍ തുടങ്ങി. 

ജ്യോത്സനയുടെ ഫിക്സഡ് ഡെപ്പോസിറ്റില്‍ നിന്ന് പണം തട്ടുകയായിരുന്നു. രണ്ട് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നായി പണം പിന്‍വലിച്ചു. 7.40 ലക്ഷത്തിന്റെ വായ്പയും എടുത്തു എന്നാണ് ജ്യോത്സന നല്‍കിയ പരാതിയില്‍ പറയുന്നത്. മൊബൈല്‍ നമ്പറിലൂടെ യുവതിയുടെ ഇമെയില്‍ ഐഡി കണ്ടെത്തിയാണ് മൊബൈല്‍ ബാങ്കിങ് വഴി തട്ടിപ്പ് നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. 

ENGLISH SUMMARY:

A 44-year-old woman was robbed of 27 lakh rupees from her bank account by fraud in the name of e-SIM card. An FIR was registered at the Noida Cybercrime Police Station on the complaint.