AI generated image

പ്രണയമാണെന്ന് 67കാരിയെ വിശ്വസിപ്പിച്ച 'അജ്ഞാത കാമുകന്‍' നാലക്കോടിയോളം രൂപ തട്ടിയെടുത്തതായി പരാതി. ക്വാലലംപുര്‍ സ്വദേശിയായ സ്ത്രീയാണ് വന്‍ തട്ടിപ്പിനിരയായത്. ഏഴ് വര്‍ഷത്തോളമായി പ്രണയിച്ചിരുന്ന കാമുകനെ ഒരിക്കല്‍ പോലും നേരിട്ട് കാണാതെയാണ് സ്ത്രീ പണമത്രയും നല്‍കിയിരുന്നത്. ഇവരുടെ കോടികള്‍ നഷ്ടപ്പെട്ട വിവരം മലേഷ്യയിലെ സിസിഐഡി ഡയറക്ടറായ ദതൂക് സെറി റാംലി മുഹമ്മദ് യൂസഫാണ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. 

2017ലാണ് സ്ത്രീ 'അമേരിക്കയില്‍ ബിസിനസുകാരനായ' യുവാവിനെ പരിചപ്പെടുന്നത്. സിംഗപ്പുരില്‍ മെഡിക്കല്‍ ഉപകരണങ്ങളുടെ ബിസിനസ് ആണെന്നാണ് ഇയാള്‍ സ്ത്രീയെ വിശ്വസിപ്പിച്ചത്. വളരെ പെട്ടെന്ന് സ്ത്രീയുടെ വിശ്വാസം ആര്‍ജിച്ചെടുത്ത 'കാമുകന്‍' , തനിക്ക് മലേഷ്യയിലേക്ക് വന്ന് താമസിച്ചാല്‍ കൊള്ളാമെന്നും എന്നാല്‍ ചില ഫണ്ടുകള്‍ മാറിക്കിട്ടാന്‍ വൈകുന്നതിനാല്‍ പറ്റുന്നില്ലെന്നും സങ്കടം പറഞ്ഞു. സഹായിക്കണമെന്ന് ആവശ്യപ്പെട്ടതോടെ മലേഷ്യക്കാരി കുറച്ചധികം പണം നല്‍കി. പണം ലഭിച്ചതോടെ വ്യക്തിപരവും ബിസിനസ് കാര്യങ്ങളും പറഞ്ഞ് പണം വാങ്ങല്‍ തുടര്‍ന്നു. 

ഏഴു വര്‍ഷം കൊണ്ട് 306 തവണയായി 50 വ്യത്യസ്ത ബാങ്ക് അക്കൗണ്ടുകളിലേക്കാണ് ഇവര്‍ പമമത്രയും നിക്ഷേപിച്ചത്. സ്വന്തം സമ്പാദ്യം കഴിഞ്ഞതോടെ കൂട്ടുകാരില്‍ നിന്നും വീട്ടുകാരില്‍ നിന്നും ബാങ്കുകളില്‍ നിന്നും ലോണ്‍ എടുത്തുവരെ ഇവര്‍ കാമുകനെ സഹായിച്ചെന്ന് അന്വേഷണ ഏജന്‍സി പറയുന്നു. വിഡിയോ കോളില്‍ പോലും ഒരിക്കലും കാമുകന്‍ പ്രത്യക്ഷനായിട്ടില്ല. പകരം മുടങ്ങാതെ വോയിസ് കോളുകള്‍ വിളിക്കും. നേരിട്ട് കാണണമെന്ന് പറയുമ്പോഴൊക്കെ എന്തെങ്കിലും പറഞ്ഞ് ഒഴിവാക്കലും തുടര്‍ന്നു. 

ഇക്കഴിഞ്ഞ നവംബറില്‍ സുഹൃത്തിനോട് സ്ത്രീ ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞതോടെയാണ് തട്ടിപ്പിനിരയാക്കപ്പെട്ടതാണെന്ന് സുഹൃത്ത് കണ്ടെത്തിയത്. പിന്നാലെ സുഹൃത്തിന്‍റെ സഹായത്തോടെ പരാതി നല്‍കുകയായിരുന്നു. തട്ടിപ്പുകാരനെ കണ്ടെത്താന്‍ ശ്രമം നടക്കുകയാണെന്നും ഓണ്‍ലൈന്‍ വഴിയുള്ള ബന്ധങ്ങളില്‍ ആളുകള്‍ ജാഗ്രത പാലിക്കണമെന്നും സൈബര്‍ സുരക്ഷാവിഭാഗം മുന്നറിയിപ്പ് നല്‍കി. 

ENGLISH SUMMARY:

A 67-year-old woman from Kuala Lumpur fell victim to a seven-year-long love scam, losing over RM2.2 million (approximately ₹4.4 crore) without ever meeting her supposed partner in person.