ഒറ്റപ്പാലത്ത് ജീവിത ശൈലീരോഗത്തിന്റെ മരുന്നിനെ കുറിച്ചു ഗൂഗിളിൽ വിവരങ്ങൾ തിരഞ്ഞ മുന്‍ സർക്കാർ ഉദ്യോഗസ്ഥനെ വലയിലാക്കാന്‍ ഓൺലൈൻ സാമ്പത്തിക തട്ടിപ്പു സംഘത്തിന്റെ ശ്രമം. ഫാർമസിസ്റ്റും സിബിഐ ഉദ്യോഗസ്ഥനും ചമഞ്ഞുള്ള ഫോൺ വിളികളിലൂടെയായിരുന്നു ലക്കിടി സ്വദേശിയെ തട്ടിക്കാന്‍ നോക്കിയത്. തട്ടിപ്പു തിരിച്ചറിഞ്ഞ ഇദ്ദേഹം ഒറ്റപ്പാലം പൊലീസിനെ സമീപിച്ചു.
മൊബൈൽ ഫോണിൽ ഗൂഗിൾ സേർച്ച് ചെയ്തതിനു തൊട്ടുപിന്നാലെയാണു ലക്കിടി സ്വദേശിക്കു തട്ടിപ്പുകാരുടെ ആദ്യ ഫോൺവിളിയെത്തിയത്. ഫാർമസിസ്റ്റ് ആണെന്നും ഏതു മരുന്നാണ് ആവശ്യമെന്നും ചോദിച്ചായിരുന്നു വാട്സ്ആപ്പ് വഴി സ്ത്രീ ശബ്ദത്തിൽ ഫോൺവിളി. സംഭാഷണം പൂർത്തിയാക്കി ഫോൺ കട്ട് ചെയ്തതിനു പിന്നാലെ ഈ നമ്പറിൽ നിന്നു ലക്കിടി സ്വദേശിയുടെ വാട്സാപിലേക്ക് അശ്ലീല ഫോട്ടോകൾ ലഭിച്ചു. നിമിഷങ്ങൾക്കകം സിബിഐ ഉദ്യോഗസ്ഥൻ ചമഞ്ഞ് മറ്റൊരാൾ വാട്സ്ആപ്പ് വഴി ഫോണിൽ ബന്ധപ്പെട്ടു.
അശ്ശീല ഫോട്ടോകൾ സംബന്ധിച്ചു സംസാരം തുടങ്ങിയതോടെ ലക്കിടി സ്വദേശി ഫോൺ കട്ട് ചെയ്തു. പിന്നീട് ഈ നമ്പറിൽ നിന്നു വാട്സ്ആപ്പിലേക്കും ഭീഷണി സന്ദേശങ്ങൾ എത്തിത്തുടങ്ങി. തട്ടിപ്പു ശ്രമം തിരിച്ചറിഞ്ഞ ലക്കിടി സ്വദേശി വാട്സ്ആപ്പ് നമ്പർ ബ്ലോക്ക് ചെയ്തു പൊലീസിനെ സമീപിച്ചു.