വിര്‍ച്വല്‍ അറസ്റ്റിനായി വിളിച്ച തട്ടിപ്പുപൊലീസിനു മുന്‍പില്‍ മറ്റൊരു കാപട്യം കാണിച്ച് യുവാവിനു രക്ഷ. സ്മാര്‍ട്ട്‌വേ തട്ടിപ്പിനു അതിലും സ്മാര്‍ട്ടായി മറുപടി നല്‍കിയ യുവാവ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലും താരമാണ്. തന്റെ പട്ടിക്കുട്ടിയെ മുന്‍പില്‍ നിര്‍ത്തിയാണ് യുവാവ് തട്ടിപ്പില്‍ നിന്നും രക്ഷ നേടിയത്. വിഡിയോകോളില്‍ പൊലീസ് ഓഫീസറുടെ വേഷത്തിലാണ് തട്ടിപ്പുകാരന്‍ ഇരുന്നത്. വ്യാജകോളാണെന്ന് മനസിലാക്കിയ യുവാവ് ക്യാമറയ്ക്കു മുന്‍പില്‍ പട്ടിക്കുട്ടിയെ കാണിച്ചു.
മുംബൈയിലാണ് സംഭവം. താന്‍ അന്ധേരി ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ നിന്നാണ് വിളിക്കുന്നത് എന്നാണ് തട്ടിപ്പുകാര്‍ പറഞ്ഞത്. എന്നാല്‍ അതിനെല്ലാം മറുപടി പറഞ്ഞത് ക്യൂട്ട് പപ്പിയാണ്. പപ്പിക്കു പുറകില്‍ നിന്നും യുവാവ് മറുപടി പറഞ്ഞു. ക്യാമറയ്ക്കു മുന്‍പില്‍ വരാന്‍ പൊലീസ് യൂണിഫോമണിഞ്ഞയാള്‍ പറഞ്ഞെങ്കിലും താന്‍ മുന്‍പിലുണ്ട് എന്നായിരുന്നു പട്ടിക്കുട്ടിയെ മുന്‍ നിര്‍ത്തി യുവാവിന്റെ മറുപടി.
പട്ടിക്കുട്ടിയുടെ ആംഗ്യം കാണിച്ചുള്ള മറുപടി കേട്ടതോടെ പൊലീസുകാരന്‍ അങ്കലാപ്പിലായി. തട്ടിപ്പുകാരെന്ന് തിരിച്ചറിഞ്ഞെന്ന് ബോധ്യപ്പെട്ടു. പിന്നാലെ തട്ടിപ്പുകാരന്‍ അറിയാതെ ചിരിച്ചുപോയി,ഉടന്‍ തന്നെ ക്യാമറയില്‍ നിന്നും തന്റെ മുഖം മാറ്റുകയും കോള്‍ കട്ട് ചെയ്യുകയും ചെയ്തു. ഡിജിറ്റല്‍ അറസ്റ്റ് എന്ന പേരില്‍ നിരവധി തട്ടിപ്പു നടക്കുന്ന സമയത്താണ് മുംബൈ യുവാവിന്റെ രക്ഷ. യുവാവിന്റെ വിഡിയോ പ്രചരിച്ചതോടെ സോഷ്യല്‍മീഡിയയിലും താരമായി മാറിയിരിക്കുകയാണ് പപ്പിയും യുവാവും.
കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ താമസിക്കുന്ന ജപ്പാന്‍ സ്വദേശിയുടെ മുപ്പത്തിയഞ്ചര ലക്ഷം രൂപയാണ് മുംബൈ പൊലീസ് എന്ന പേരില്‍ വിളിച്ചവര്‍ തട്ടിയെടുത്തത്. അതിനും മുന്‍പ് 11.8കോടി രൂപയാണ് ബംഗളൂരു ടെക്കിയില്‍ നിന്നും തട്ടിപ്പുസംഘം ഡിജിറ്റല്‍ അറസ്റ്റിലൂടെ കൊള്ളയടിച്ചത് .