honey-rose-5

സൈബര്‍ ആക്രമണത്തില്‍ പരാതി നല്‍കി ഹണി റോസ്. ഫെയ്സ്ബുക്ക് പോസ്റ്റിന് അശ്‌ലീല കമന്‍റിട്ട 27 പേര്‍ക്കെതിരെയാണ് പരാതി. കമന്‍റുകളുടെ സ്ക്രീന്‍ഷോട്ട് സഹിതമാണ് പരാതി നല്‍കിയത്. പരാതിയില്‍ കേസെടുക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് അറിയിച്ചു.

നേരത്തെ സ്ത്രീത്വത്തെ അപമാനിച്ചയാൾക്കെതിരെ വിമർശനവും നിയമനടപടിയുടെ മുന്നറിയിപ്പുമായി നടി ഹണി റോസ് രംഗത്തെതിയിരുന്നു. പണത്തിന്റെ ധാർഷ്ട്യത്തിൽ ഏത് സ്ത്രീയേയും അപമാനിക്കാമെന്ന് കരുതരുതെന്നും  സ്ത്രീത്വത്തെ അപമാനിച്ച് തന്റെ പേര് മാധ്യമങ്ങളിലൂടെ പറയുന്നയാൾക്കെതിരായ കുറ്റകൃത്യങ്ങൾ പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതാണെന്നും ഹണി റോസ് ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. അപമാനവും അധിക്ഷേപവും തുടർന്നാൽ നിയമനടപടിയെടുക്കുമെന്ന് ഹണി റോസ് മനോരമ ന്യൂസിനോട് പറഞ്ഞു.

മാനസിക വൈകൃതം ഉള്ളവരുടെ  പുലമ്പലുകളെ പുച്ഛത്തോടെയും സഹതാപത്തോടെയും അവഗണിക്കാറാണ് പതിവ്. എന്നാൽ തനിക്ക് പ്രതികരണശേഷി ഇല്ലെന്നല്ല അതിനർഥം.ദ്വയാർഥപ്രയോഗങ്ങളിലൂടെ മനപ്പൂർവം  അപമാനിക്കാൻ ശ്രമിക്കുമ്പോഴും പ്രതികരിക്കാത്തത് അത് ആസ്വദിക്കുന്നത് കൊണ്ടാണോ എന്ന അടുപ്പം ഉള്ളവരുടെ ചോദ്യം മുൻനിർത്തി തന്നെ നിരന്തരം അപമാനിച്ചയാൾക്ക് ശക്തമായ താക്കീത് നൽകുകയാണ് ഹണിറോസ്. അപമാനവും അധിക്ഷേപവും തുടർന്നാൽ ശക്തമായ നിയമനടപടി ഉണ്ടാകുമെന്ന് തന്നെ അപമാനിച്ചയാൾക്ക് മുന്നറിയിപ്പ് നൽകിയെന്നും ഇക്കാര്യം തുറന്നുപറഞ്ഞില്ലെങ്കിൽ സമൂഹത്തിന് മോശം സന്ദേശം നൽകുമെന്ന് തോന്നിയെന്നും ഹണി റോസ് മനോരമ ന്യൂസിനോട് പറഞ്ഞു.

ഇതേ വ്യക്തി ക്ഷണിച്ച ഉദ്ഘാടന ചടങ്ങിൽ മുൻ അനുഭവം കാരണം പങ്കെടുക്കാത്തതിനാലാണ് തന്നെ അപമാനിക്കുന്നത്. എന്നാൽ ഒരാളുടെ വ്യക്തി സ്വാതന്ത്ര്യത്തിന്റെ വ്യാഖ്യാനത്തിൽ മറ്റൊരാളുടെ വ്യക്തിസ്വാതന്ത്ര്യത്തെ അപമാനിക്കാൻ ഉള്ള സ്വാതന്ത്ര്യം ഇല്ലെന്നും ഹണി റോസ് പറഞ്ഞു.

ENGLISH SUMMARY:

Honey Rose has filed a complaint regarding a cyber attack. The complaint targets 27 individuals who made obscene comments on a Facebook post.