മുംബൈ വ്യവസായിയായ 84കാരനെ ഡിജിറ്റല്‍ അറസ്റ്റിലാക്കി തട്ടിപ്പുസംഘം 20 ലക്ഷം രൂപ കവര്‍ന്നു. സിബിഐ ചമഞ്ഞായിരുന്നു തട്ടിപ്പുസംഘം പണം കവര്‍ന്നത്. സിബിഐയുടെ പേരിലും റിസര്‍വ് ബാങ്കിന്‍റെ പേരിലുമുള്ള രേഖകള്‍ തട്ടിപ്പുസംഘം തെളിവായി വ്യവസായിയായ സന്ദീപ്കുമാറിന് കൈമാറി. സാമ്പത്തിക തട്ടിപ്പ് നടത്തിയതായി പരാതി ലഭിച്ചിട്ടുണ്ടെന്ന് ഭീഷണിപ്പെടുത്തിയാണ് പണം വാങ്ങിയത്.
തെക്കന്‍ മുംബൈയില്‍ ഓട്ടോമൊബൈല്‍ സ്പെയര്‍ പാര്‍ട്സുകളുടെ ബിസിനസാണ് സന്ദീപിനുള്ളത്. 2024 ഏപ്രില്‍ അഞ്ചിന് അജ്‍ഞാത നമ്പറില്‍ നിന്നും ഫോണ്‍ വന്നുവെന്നും ഡല്‍ഹിയിലെ സിബിഐ ഓഫിസില്‍ നിന്നാണെന്നും സുനില്‍ കുമാര്‍ ഗൗതമാണെന്നും പരിചയപ്പെടുത്തിയാണ് വിളിച്ചതെന്നും പരാതിയില്‍ പറയുന്നു. വ്യവസായിയുടെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് ഡല്‍ഹിയിലെ സ്വകാര്യ ബാങ്കില്‍ മറ്റൊരാള്‍ സംശയാസ്പദമായ പണമിടപാടുകള്‍ നടത്തുന്നുണ്ടെന്നും അയ്യായിരം കോടി രൂപ ഇങ്ങനെ സമ്പാദിച്ചുവെന്നും വിളിച്ചയാള്‍ പറഞ്ഞു. ഇതിന് പിന്നാലെ വാട്സാപ്പ് വഴി 'സിബിഐ'യുടെ രേഖയും അയച്ചുനല്‍കി.
പണമിടപാടില്‍ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. വിഡിയോ കോളിലെത്തിയ തട്ടിപ്പുസംഘം സ്വത്തുക്കള്‍ പരിശോധനയ്ക്ക് നല്‍കണമെന്ന് കാണിച്ചുള്ള ആര്‍ബിഐ രേഖയും വ്യവസായിക്ക് അയച്ചു നല്‍കി. 20 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ച് നല്‍കിയില്ലെങ്കില്‍ സ്വത്തുവകകളെല്ലാം കണ്ടുകെട്ടുമെന്നും വ്യക്തമാക്കി. ഇതോടെ അടുത്ത ബ്രാഞ്ചിലെത്തി 20 ലക്ഷം രൂപ തട്ടിപ്പുകാര്‍ നല്‍കിയ നമ്പറിലേക്ക് അയച്ചു. അപ്പോഴെല്ലാം ഫോണില്‍ തട്ടിപ്പ് സംഘമുണ്ടായിരുന്നു. പണം ട്രാന്‍സ്ഫര്‍ ചെയ്തതിന് പിന്നാലെ എല്ലാ രണ്ട് മണിക്കൂര്‍ കൂടുമ്പോഴും റിപ്പോര്‍ട്ട് ചെയ്യണമെന്ന് സംഘം ആവശ്യപ്പെട്ടുവെന്നും ഇതിന് ശേഷം ഫോണ്‍ കട്ട് ചെയ്തുവെന്നും പരാതിയില്‍ വിശദീകരിക്കുന്നു.
തനിക്ക് നേരിട്ട സാമ്പത്തിക നഷ്ടത്തെ കുറിച്ച് ഒരു മാസത്തിന് ശേഷമാണ് വ്യവസായി അടുത്ത ബന്ധുവിനോട് തുറന്ന് പറഞ്ഞത്. പന്തികേട് തോന്നിയ ബന്ധു പൊലീസില്‍ വിവരമറിയിക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സാമ്പത്തിക തട്ടിപ്പുകാരുടെ ചതിയില്‍പ്പെട്ടതാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.