യൂട്യൂബറും നര്‍ത്തകിയുമായ ധനശ്രീ വെര്‍മയുമായുള്ള വിവാഹമോചന അഭ്യൂഹങ്ങള്‍ വാര്‍ത്തകളില്‍ നിറയുന്നതിനിടെ മുംബൈയിലെ ഹോട്ടലില്‍ മറ്റൊരു യുവതിക്കൊപ്പമെത്തി ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചഹല്‍. വെള്ള ടീഷര്‍ട്ടും ബാഗി ജീന്‍സും ധരിച്ച ചഹല്‍ ഫൊട്ടോഗ്രാഫര്‍മാരെ കണ്ടതും മുഖം മറച്ചുവെന്നും ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടി പാപ്പരാസികളെ അമ്പരപ്പോടെ നോക്കിയെന്നും ദ് ന്യൂ ഇന്ത്യന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്വെറ്റ്ഷര്‍ട്ടും കറുത്ത ജീന്‍സുമായിരുന്നു ചഹലിനൊപ്പമുണ്ടായിരുന്ന യുവതിയുടെ വേഷം.
ലോക്ഡൗണ്‍ കാലത്താണ് ചഹലും ധനശ്രീയും സൗഹൃദത്തിലായതും പിന്നീട് വിവാഹിതരായതും. 2020 ഡിസംബര്‍ 22ന് ഗുരുഗ്രാമില്‍ വച്ച് നടന്ന സ്വകാര്യചടങ്ങിലായിരുന്നു ഇരുവരുടെയും വിവാഹം. ചഹല്‍ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിന്ന് നീക്കിയിട്ടുണ്ടെങ്കിലും ധനശ്രീ ഇതുവരെയും ചിത്രങ്ങള്‍ നീക്കിയിട്ടില്ല.
2022ല്‍ ചഹലിന്‍റെ പേര് ധനശ്രീ തന്‍റെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ നിന്നും നീക്കിയിരുന്നു. പിന്നാലെ ധനശ്രീയ്ക്കൊപ്പമുള്ള ചിത്രങ്ങളെല്ലാം ചഹല്‍ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് കളയുകയും ചെയ്തു. ഇതോടെയാണ് ഇരുവരും തമ്മിലുള്ള അസ്വാരസ്യം മറനീക്കി പുറത്തുവന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ ചഹല്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പുകള്‍ക്ക് പിന്നാലെ ധനശ്രീ വലിയതോതിലുള്ള സൈബര്‍ ആക്രമണമാണ് നേരിട്ടത്. ഒടുവില്‍ മൗനം അവസാനിപ്പിച്ച് കഴിഞ്ഞദിവസം അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പ്രതികരിച്ചു. 'കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കടുത്ത പ്രതിസന്ധിയിലൂടെയാണ് താനും കുടുംബവും കടന്നുപോകുന്നത്. കാര്യമെന്തെന്നറിയാതെ അടിസ്ഥാനമില്ലാത്ത കാര്യങ്ങള്‍ ആളുകള്‍ പ്രചരിപ്പിക്കുകയും മുഖമില്ലാതെ മറഞ്ഞിരുന്ന് എന്നെ സ്വഭാവഹത്യ നടത്തുകയുമാണ്. ഈ പേരുണ്ടാക്കിയെടുത്തത് വര്‍ഷങ്ങളുടെ പ്രയത്നം കൊണ്ടാണ്. മിണ്ടാതിരിക്കുന്നതിനെ ദൗര്‍ബല്യമായി കാണേണ്ട. കരുത്തുള്ളത് കൊണ്ടാണ് മിണ്ടാതെയിരിക്കുന്നത്. ഓണ്‍ലൈനില്‍ ഇങ്ങനെ നെഗറ്റിവിറ്റി ഒഴുകുമ്പോള്‍ മറ്റുള്ളവരോട് സഹാനുഭൂതിയോടെ പെരുമാറുന്നതിലാണ് ശ്രദ്ധിക്കുന്നത്. എന്‍റെ സത്യവും മൂല്യങ്ങളുമായി മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നത്. സത്യം വിശദീകരണങ്ങളുടെ അകമ്പടിയില്ലാതെ തന്നെ തല ഉയര്‍ത്തി നില്‍ക്കും'- ധനശ്രീ കുറിച്ചു. മൗനമാണ് ഏറ്റവും വലിയ സംഗീതമെന്നും, അതിന് കാതോര്‍ത്താല്‍ മറ്റെല്ലാത്തിനും ഉപരിയായി ആ ശബ്ദം മുഴങ്ങിക്കേള്‍ക്കാമെന്നുമുള്ള സോക്രട്ടീസിന്‍റെ വാക്കുകള്‍ ചഹല്‍ കഴിഞ്ഞദിവസം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു.