ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കൂടുതല്‍ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകള്‍ക്കെതിരെ അന്വേഷണം തുടങ്ങി ക്രൈംബ്രാഞ്ച്. എക്സാം വിന്നര്‍, എഡ്യൂപോര്‍ട്ട് എന്നീ ഓണ്‍ലെന്‍ പഠന കേന്ദ്രങ്ങള്‍ക്കെതിരെയാണ് അന്വേഷണം. കൂടുതല്‍ പേര്‍ വലയിലാകുമെന്നാണ് അന്വേഷണസംഘം നല്‍കുന്ന സൂചന.
ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കൊടുവള്ളിയിലെ എംഎസ് സൊല്യൂഷന്‍സിന്‍റെയും ഉടമ മുഹമ്മദ് ഷുഹൈബിന്‍റെയും ബന്ധം സ്ഥിരീകരിക്കപ്പെട്ടതിന് പിന്നിലെയാണ് മറ്റു ഒണ്‍ലൈന്‍ പ്ലാറ്റ് ഫോമുകള്‍ക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയത്. പത്താം ക്ലാസ്, പ്ലസ് വണ്‍ പരീക്ഷകളുടെ ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്കേ എംഎസ് സൊല്യൂഷന്‍സിനും മുഹമ്മദ് ഷുഹൈബിനും പങ്കുള്ളൂ. മറ്റു ക്ലാസുകളിലെ ചോദ്യപേപ്പറുകളും സമാനരീതിയില്‍ ചോര്‍ന്നിട്ടുണ്ട്.
അതിന് പിന്നില്‍ ആരാണെന്നാണ് അന്വേഷണം. ഷുഹൈബ് അന്വേഷണസംഘവുമായി കാര്യമായി സഹകരിക്കുന്നില്ല. എന്നാല്‍ പിടിയിലായ അബ്ദുല്‍ നാസര്‍ പലരുടേയും പങ്ക് വ്യക്തമാക്കുന്ന തെളിവുകളടക്കമുള്ളവ നല്‍കയിട്ടുണ്ട്. ഒപ്പം കേസില്‍ നേരത്തെ അറസ്റ്റിലായ ഫഹദ് എന്ന അധ്യാപകനില്‍ നിന്നും നിര്‍ണായക വിവരങ്ങളാണ് ലഭിച്ചിട്ടുള്ളത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ നഗരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എഡ്യൂപോര്‍ട്ട്, എക്സാം വിന്നര്‍ എന്നിവര്‍ക്കും ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പങ്കുണ്ടോ എന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ തെളിവുകളും വിവരങ്ങളും ലഭിക്കേണ്ടതുണ്ടെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു.