സൈബര്‍ തട്ടിപ്പ് സംഘം ഡിജിറ്റല്‍ അറസ്റ്റ് ഭീഷണി മുഴക്കിയതോടെ വൃദ്ധദമ്പതികള്‍ ജീവനൊടുക്കി. കര്‍ണാടക ബെളഗാവിയിലാണ് സംഭവം. 82കാരനായ ഡീഗോ സാന്‍റാന്‍ നസ്രത്ത്, ഭാര്യ ഫ്ലാവിയ എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ കര്‍ണാടക പൊലീസിന്‍റെ സൈബര്‍ ഇക്കണോമിക്സ് ആന്‍ഡ് നര്‍കോട്ടിക്സ് വിഭാഗം അന്വേഷണം തുടങ്ങി.
മഹാരാഷ്ട്ര സെക്രട്ടേറിയേറ്റിലെ ഉന്നത തസ്തികയില്‍ നിന്നും വിരമിച്ച ഡീഗോ സാന്‍റാന്‍ നസ്രേത്തും ഭാര്യ ഫ്ലേവിയ നസ്രേത്തും വിശ്രമ ജീവിതത്തിനായാണു ബെളഗാവി നന്ദന്‍കാട് ഗ്രാമത്തിലെത്തിയത്. ദിവസങ്ങള്‍ക്കു മുന്‍പ് ഡൽഹി ബിഎസ്എൻഎല്ലിലെ ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെട്ടാണ് തട്ടിപ്പുകാർ ഇവരെ ബന്ധപ്പെടുന്നത്. ഇവരുടെ സിം കാര്‍ഡ് ദുരുപയോഗിച്ച് അനധികൃത പരസ്യങ്ങൾ പ്രചരിപ്പിച്ചെന്നുംവന്‍തോതില്‍ പണമിടപാട് നടന്നിട്ടുണ്ടെന്നും പറഞ്ഞായിരുന്നു ഇരുവരെയും ഭയപ്പെടുത്തിയത്. കേസ് പണം നൽകി ഒത്തുതീർപ്പാക്കണമെന്നും അല്ലാത്തപക്ഷം ഡിജിറ്റൽ അറസ്റ്റ് ഉൾപ്പെടെ നേരിടേണ്ടിവരുമെന്നും പറഞ്ഞു.പണം ഇവര്‍ നിര്‍ദേശിക്കുന്ന അക്കൗണ്ടിലേക്കു മാറ്റണമെന്നുമായിരുന്നു ഭീഷണി.തുടര്‍ന്ന് ഡീഗോ 50 ലക്ഷം രൂപ സംഘം നിര്‍ദേശിച്ച അക്കൗണ്ടിലേക്കു ട്രാന്‍സ്ഫര്‍ ചെയ്തു.
പണം തിരിച്ചു കിട്ടാന്‍ പലതവണ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതിന്‍റെ മനോവിഷമത്തില്‍ ഡീഗോ സ്വയം കഴുത്തറുത്ത് മരിക്കുകയായിരുന്നു. ഭാര്യയെ കിടപ്പുമുറിയിലെ കട്ടിലില്‍ കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. പ്രമേഹത്തിനുള്ള ഗുളിക അമിതമായി കഴിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഭാര്യയെ കൊലപ്പെടുത്തിയതിനുശേഷം ഡീഗോ ആത്മഹത്യ ചെയ്തതാണോയെന്നും സംശയമുണ്ട്. തട്ടിപ്പിനെ കുറിച്ച് ആത്മഹത്യ കുറിപ്പിലാണു വിശദമാക്കുന്നത്. മക്കളില്ലാത്ത ദമ്പതികളുടെ ആഗ്രഹപ്രകാരം പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബെളഗാവി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിനു കൈമാറും.