സമൂഹ മാധ്യമങ്ങളിലൂടെ ഒട്ടേറെ പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിച്ചു ഭീഷണിപ്പെടുത്തി അശ്ലീല വിഡിയോ അയപ്പിച്ച കേസിൽ തലശ്ശേരി സ്വദേശി സഹീമിനെ കോഴിക്കോട് റൂറൽ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നു പെൺകുട്ടികളുടെ പ്രൊഫൈൽ ഫോട്ടോ എടുത്ത് അവരുടെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടുണ്ടാക്കി മറ്റു പെൺകുട്ടികളുമായി പ്രതി സൗഹൃദം സ്ഥാപിക്കുകയായിരുന്നു.
വിവിധ ടാസ്‌ക്കുകൾ നൽകി ഭീഷണിപ്പെടുത്തി പെൺകുട്ടികളെ വിഡിയോ കോളിന് നിർബന്ധിച്ച് അവരുടെ അശ്ലീല വിഡിയോ പകർത്തി പ്രതി സൂക്ഷിച്ചു. ഒരേ സമയം പല അക്കൗണ്ടുകളിൽ നിന്നു ചാറ്റ് ചെയ്യുന്ന രീതിയാണ് പ്രതി അവലംബിച്ചിരുന്നത്.ഇത്തരത്തിൽ ഒട്ടേറെ പെൺകുട്ടികളുടെ വിഡിയോകൾ പ്രതിയുടെ ഫോണിൽ നിന്ന് പൊലീസ് കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ പരാതികൾ സൈബർ പൊലീസിനു ലഭിച്ചിരുന്നു. വടകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ വിശദമായ അന്വേഷണത്തിനു പൊലീസിന്റെ കസ്റ്റഡിയിൽ വിട്ടു. റൂറൽ ജില്ലാ പൊലീസ് മേധാവി കെ.ഇ. ബൈജുവിന്റെ നിർദേശ പ്രകാരം ഇൻസ്പെക്ടർ രാജേഷ് കുമാർ, എസ്‌സിപിഒ എം.പി. ഷഫീർ, സിപിഒമാരായ ശരത്ചന്ദ്രൻ, എം. ശ്രീനേഷ്, അനൂപ് വാഴയിൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
സൗദിയിലും നാട്ടിലുമായി ഇരുന്നാണ് പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിച്ച് അശ്ലീല വീഡിയോകൾ അയപ്പിച്ചത്. പത്തോളം അക്കൗണ്ടുകളിൽ സ്ത്രീയായി ചമഞ്ഞായിരുന്നു പെൺകുട്ടികളുമായി ചാറ്റിംഗ് നടത്തിയത്.രാജ്യത്തിൻ്റ വിവിധ ഭാഗങ്ങളിലുള്ള നിരവധി സ്ത്രീകളുടെ നഗ്ന വീഡിയോകൾ ഇയാളുടെ ഫോണിൽ നിന്നും പൊലീസ് കണ്ടെത്തി. 3 ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങിയ സഹീമിനെ പൊലീസ് തിങ്കളാഴ്ച വീണ്ടും കോടതിയിൽ ഹാജരാക്കും.