FILE PHOTO: Tesla CEO Elon Musk gestures as he visits the construction site of Tesla's Gigafactory in Gruenheide near Berlin, Germany, August 13, 2021. Patrick Pleul/Pool via Reuters/File Photo
ലോക കോടീശ്വരന്‍ ഇലോണ്‍ മസ്കുമായി കൂടിക്കാഴ്ച തരപ്പെടുത്തി നല്‍കാമെന്നും സ്പേസ് എക്സിന്‍റെയും ടെസ്ലയുടെയും ഓഹരികള്‍ നല്‍കാമെന്നും വാഗ്ദാനം ചെയ്ത് റിട്ടയേര്‍ഡ് പൈലറ്റില്‍ നിന്നും 72 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. മസ്കിന്‍റെ അമ്മയായ മയേ മസ്കിന്‍റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലില്‍ നിന്നാണെന്ന് വിശ്വസിപ്പിച്ചാണ് ഫരീദബാദ് സ്വദേശിയായ ശക്തി സിങ് ലുംബയുടെ സമ്പാദ്യം തട്ടിയെടുത്തത്.
മസ്കിന്‍റെ കമ്പനിയിലെ മാനേജര്‍ ചമഞ്ഞായിരുന്നു ആദ്യം തട്ടിപ്പുകാര്‍ എത്തിയത്. അന്ന ഷെര്‍മാന്‍ എന്ന അക്കൗണ്ട് ഇതിനായി തട്ടിപ്പുസംഘം ആദ്യം ഉപയോഗിച്ചു. പിന്നാലെ എക്സില്‍ മയേ മസ്കിനെ പിന്തുടരാന്‍ ആവശ്യപ്പെട്ടു. മസ്കിന്‍റെ അമ്മയുടെ പേരും ചിത്രവുമായതിനാല്‍ ലുംബയ്ക്ക് സംശയമുണ്ടായില്ല. മയേ തന്നെയാണ് സംസാരിക്കുന്നതെന്ന് ലുംബയെ വിശ്വസിപ്പിക്കുകയും ചെയ്തു. ടെസ്ലയിലും സ്പേസ് എക്സിലും നിക്ഷേപം നടത്തിയാല്‍ മസ്കിന്‍റെ ഇന്ത്യാ സന്ദര്‍ശനത്തില്‍ കൂടിക്കാഴ്ച തരപ്പെടുത്തി നല്‍കാമെന്നായിരുന്നു വാഗ്ദാനം. കെണിയില്‍ വീണ ലുംബ ആദ്യം 2.91 ലക്ഷം രൂപ നിക്ഷേപിച്ചു. പിന്നാലെ തട്ടിപ്പുകാര്‍ കൂടുതല്‍ തുക നിക്ഷേപിക്കാന്‍ പ്രേരിപ്പിച്ചുകൊണ്ടേയിരുന്നു. തീര്‍ത്തും ഊഷ്മളമായ ബന്ധമായതിനാല്‍ തനിക്ക് സംശയമൊന്നും തോന്നിയില്ലെന്ന് ലുംബ വിശദീകരിക്കുന്നു.
ഒരുഘട്ടത്തില്‍ സാക്ഷാല്‍ 'മസ്ക്' തന്നെ ചാറ്റ് ചെയ്യാന്‍ എത്തുകയും റോളക്സിന്‍റെ വാച്ചുമായി നില്‍ക്കുന്ന ചിത്രം അയച്ച് നല്‍കുകയും ചെയ്തു. വൈകാതെ ലുംബയ്ക്ക് താനിത് സമ്മാനമായി അയയ്ക്കുമെന്ന് വിശ്വസിപ്പിക്കുക കൂടി ചെയ്തതോടെ ആവേശത്തിലായ ലുംബ തന്‍റെ സമ്പാദ്യത്തില്‍ നിന്നും ലക്ഷങ്ങള്‍ വീണ്ടും നിക്ഷേപിച്ചു. 72 ലക്ഷം രൂപ നിക്ഷേപിച്ചു കഴിഞ്ഞതോടെ ലുംബയ്ക്ക് ചില്ലറ സംശയങ്ങള്‍ തലപൊക്കി. പണം ആവശ്യപ്പെട്ടതോടെ, കമ്പനിയുടെ അക്കൗണ്ട് മരവിപ്പിച്ചിരിക്കുകയാണെന്നും മസ്ക് ഇന്ത്യയിലെത്തുമ്പോള്‍ നേരിട്ട് പണം നല്‍കുമെന്നും ലുംബയെ തട്ടിപ്പുസംഘം അറിയിച്ചു. അത് പറ്റില്ലെന്നും പണം തിരികെ വേണമെന്നും അറിയിച്ചതോടെ കുറച്ച് കൂടി പണമിട്ടാല്‍ മുഴുവന്‍ തുകയും നല്‍കാമെന്നായി. ഇതോടെയാണ് ലുംബ പൊലീസിനെ സമീപിച്ചത്. ലുംബയുടെ പരാതിയില്‍ കേസ് റജിസ്റ്റര്‍ ചെയ്തെന്നും സൈബര്‍ പൊലീസ് അന്വേഷിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.