മഞ്ഞുമ്മല്‍ ബോയ്സ് സിനിമയ്ക്കെതിരായ സാമ്പത്തിക തട്ടിപ്പുപരാതിയില്‍ നടനും നിര്‍മാതാവുമായ സൗബിന്‍ ഷാഹിറിനെ ഇ.ഡി ചോദ്യം ചെയ്തു. നിര്‍മാതാവ് ഷോണ്‍ ആന്റണിയെ ഇഡി നേരത്തെ ചോദ്യം ചെയ്തിരുന്നു. സിനിമയുടെ ലാഭവിഹിതം നല്‍കിയില്ലെന്ന അരൂര്‍ സ്വദേശിയുടെ പരാതിയിലാണ് നടപടി. സിനിമയ്ക്കായി ഒരു രൂപ പോലും നിർമാണ കമ്പനിയായ പറവ ഫിലിംസ് ചിലവാക്കിയില്ലെന്നും പണം നല്‍കിയവരെ കരുതികൂട്ടി ചതിച്ചുവെന്നും പൊലീസിന്‍റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
അരൂർ സ്വദേശി സിറാജ് വലിയതറ ഹമീദിന്‍റെ പരാതിയില്‍ മരട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്‍റെ ചുവടുപിടിച്ചാണ് പറവ ഫിലിംസിനെതിരെ ഇഡി അന്വേഷണം ആരംഭിച്ചത് . സിനിമയുടെ നിർമ്മാതാക്കളായ ഷോൺ ആന്‍റണി, സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവരാണ് കേസിലെ പ്രതികള്‍. പാന്‍ ഇന്ത്യന്‍ ഹിറ്റായ പടം മുന്നൂറ് കോടിയിലേറെയാണ് വാരികൂട്ടിയത്. പറവ ഫിലിംസിന്റെ ആക്സിസ് ബാങ്ക് അക്കൗണ്ട് വഴി വിവിധ വ്യക്തികളിൽ നിന്നായി 28 കോടി 35 ലക്ഷം രൂപയാണ് സൗബിനും കൂട്ടരും വാങ്ങിയിട്ടുള്ളത്. എന്നാല്‍ സിനിമയ്ക്കായി ഒരു രൂപ പോലും നിർമാതാക്കൾ മുടക്കിയിട്ടില്ല. ജിഎസ്ടി അടക്കം 18 കോടി 65 ലക്ഷം രൂപ സിനിമയ്ക്ക് ചെലവായി. ഇതിന്‍റെ ഇരുപതിരട്ടിയാണ് നിര്‍മാതാക്കളുടെ അക്കൗണ്ടിലേക്ക് എത്തിയത്.
മൊത്തം കളക്ഷനിൽ നിന്നുള്ള നിർമാതാക്കളുടെ ഓഹരിയായി 45 കോടി രൂപ ഏപ്രിൽമാസത്തില്‍ തന്നെ ലഭിച്ചു. സാറ്റലൈറ്റ്, ഒ.ടി.ടി അവകാശങ്ങളിൽ നിന്നായി 96 കോടി രൂപയും വരുമാനമുണ്ടാക്കി. ഈ ദുരൂഹസാമ്പത്തികയിടപാടുകളാണ് ഇഡി അന്വേഷിക്കുന്നത്. മലയാളത്തിലെ പലനിര്‍മാണ കമ്പനികളും നേരത്തെ തന്നെ ഇഡിയുടെയും ആദായി നികുതി വകുപ്പിന്‍റെയും നോട്ടപുള്ളികളാണ്. കോടികളുടെ കള്ളപ്പണംവെളുപ്പിക്കല്‍ സിനിമാ മേഖലുയമായി ബന്ധപ്പെട്ട് നടക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍.