kandala-sasikumar

കോടതിവിധിയെത്തിയിട്ടും നിക്ഷേപകര്‍ക്ക് മുന്നില്‍ കൈമലര്‍ത്തി തിരുവനന്തപുരം കണ്ടല സര്‍വീസ് സഹകരണ ബാങ്ക്. തുക എന്ന് തിരിച്ചുകിട്ടുമെന്ന് നിക്ഷേപകര്‍ക്ക് ഉറപ്പ് നല്‍കാന്‍ ബാങ്കിനായിട്ടില്ല. സര്‍ക്കാര്‍ ഇടപെടല്‍ കാര്യക്ഷമമാക്കണമെന്നാണ് നിക്ഷേപകരുടെ ആവശ്യം.പണം ലഭിക്കാതായതോടെ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ് പലരും.

 

എയര്‍ഫോഴ്സില്‍ ജോലി ചെയ്യവേ അപകടത്തില്‍ മരിച്ച മകന്‍റെ ഇന്‍ഷുറന്‍സ് തുകയാണ് ശശികുമാര്‍ ബാങ്കില്‍ നിക്ഷേപിച്ചത്. അര്‍ബുദം തീര്‍ത്ത ശാരീരികാവശതകള്‍ക്കിടയിലാണ് പണം മടക്കി കിട്ടാന്‍ ശശികുമാറിന് ഹൈക്കോടതി കയറേണ്ടി വന്നു. ചികില്‍സിക്കാനുള്ള പണമില്ലെന്ന വാദം ശരിവെച്ച കോടതി എത്രയും വേഗം പണം നല്‍കണമെന്ന് ബാങ്കിന് നിര്‍ദേശം നല്‍കുകയായിരുന്നു. നിക്ഷേപ തുക കിട്ടാതായതോടെ ഏകമകളുടെ വിവാഹം മുടങ്ങിയ വിജയശേഖരന്‍നായരും പണത്തിനായി കാത്തിരിക്കുകയാണ്. 

നിരവധി നിക്ഷേപകരാണ് പണം കിട്ടാതെ വലയുന്നത്. നിക്ഷേപകര്‍ക്ക് പണം നല്‍കുന്നത് സംബന്ധിച്ച തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ കഴിഞ്ഞ ദിവസവും സഹകരണ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. തീരുമാനങ്ങളല്ല , നടപടിയാണ് വേണ്ടതെന്നു ഓര്‍മിപ്പിക്കുന്നു.  

ENGLISH SUMMARY:

Kandala Service cooperative bank yet to distribute money to depositors.