രാജ്യത്തെ പ്രമുഖ ക്രെഡിറ്റ് കാർഡ് പേമെന്റ് പ്ലാറ്റ്ഫോമായ ക്രെഡിനും സൈബർ തട്ടിപ്പിൽ നിന്നു രക്ഷയില്ല. ഗുജറാത്തിൽ നിന്നുള്ള തട്ടിപ്പുകാർ കമ്പനിയെ പറ്റിച്ചു 12.5 കോടി രൂപ തട്ടിയെടുത്തു. കമ്പനിയുടെ പരാതിയിൽ സ്വകാര്യ ബാങ്കിന്‍റെ റിലേഷൻഷിപ്പ് മാനേജർ അടക്കം 4 പേരെ ബെംഗളുരു പൊലീസ് അറസറ്റ് ചെയ്തു.
ക്രെഡിന്‍റെ പ്രധാന അക്കൗണ്ടുകളും സബ് അക്കൗണ്ടുകളും ബെംഗളുരു ഇന്ദിരാനഗറിലെ ആക്സിസ് ബാങ്കിലാണുള്ളത്. സബ് അക്കൗണ്ടുകളിൽ ചിലതു കാലങ്ങളായി പ്രവർത്തന രഹിതമാണന്നു മനസിലാക്കിയ ബാങ്കിന്‍റെ ഗുജറാത്തിലെ ബ്രാഞ്ചിൽ മാനേജറായ വൈഭവ് പിട്ടാഡിയാണ് തട്ടിപ്പ് ആസൂത്രണം ചെയ്തത്.
കൂട്ടാളികളായ നേഹ ബെൻ, ശൈലേഷ്, ശുഭം എന്നിവരുമായി ചേർന്നുതന്ത്രത്തിൽ അക്കൗണ്ടുകളുടെ യൂസർനെയിമും പാസ് വേർഡും ബാങ്കിൽ നിന്നു തട്ടിയെടുക്കുകയായിരുന്നു. ഇതിനായി കമ്പനി എം.ഡിയുടെയ പേരിൽ നേഹ ബാങ്കിന്‍റെ ഗുജറാത്ത് അങ്കലേശ്വർ ബ്രാഞ്ചിൽ അപേക്ഷ നൽകി. ഇതോടൊപ്പം കമ്പനിയുടെ വ്യാജ ലെറ്റർ പാഡും ഐ.ഡിയും സമർപ്പിച്ചു. പരിശോധയിൽ അസാധാരണ പണമിടപാട് ശ്രദ്ധയിൽപെട്ട കമ്പനി പൊലീസിൽ പരാതി നൽകുകയായിരുന്നു.