കൊച്ചി സൈബർ പൊലീസിൻറെ പിടിയിലായ ബംഗാളിലെ യുവമോർച്ച നേതാവ് ലിങ്കൺ ബിശ്വാസിന് ചൈന, കംബോഡിയൻ സൈബർ മാഫിയ സംഘങ്ങളുമായി ബന്ധം. സൈബർ തട്ടിപ്പിലൂടെ തട്ടിയെടുത്ത കോടികൾ വിദേശത്തേക്ക് കടത്തിയതായും കണ്ടെത്തൽ. കൊച്ചിയിൽ നിന്ന് തട്ടിയെടുത്ത നാല് കോടി രൂപ അഞ്ച് സംസ്ഥാനങ്ങളിലെ നാന്നൂറിലേറെ അക്കൗണ്ടുകൾ വഴിയാണ് പിൻവലിച്ചത്.
തട്ടിയെടുക്കുന്ന പണം വീതംവെയ്ക്കുന്ന ആയിരകണക്കിന് അക്കൗണ്ടുകൾ നിയന്ത്രിച്ചിരുന്നത് ലിങ്കൺ ബിശ്വാസിൻറെ നേതൃത്വത്തിലാണ്. കാക്കനാട് സ്വദേശിനിയെ വെർച്വൽ അറസ്റ്റ് നടത്തി നാല് കോടിരൂപ തട്ടിയ കേസിലെ അന്വേഷണത്തിലാണ് യുവമോർച്ച നേതാവ് കുടുങ്ങിയത്. തട്ടിപ്പ് പണമെത്തിയ ബാങ്ക് അക്കൗണ്ടുകളിൽ ലിങ്കണിൻറെ അക്കൗണ്ടുമുണ്ടായിരുന്നു. അതീവ രഹസ്യമായി കൈകാര്യം ചെയ്തിരുന്ന അക്കൗണ്ടിൽ നിന്ന് 75 ലക്ഷം രൂപയും സൈബർ പൊലീസ് കണ്ടെത്തി. തട്ടിയെടുത്ത പണത്തിൻറെ വലിയ പങ്ക് വിദേശത്തേക്കാണ് കടത്തിയത്.
രാജസ്ഥാൻ, മഹാരാഷ്ട്ര, കേരളം, പഞ്ചാബ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ നൂറുകണക്കിന് അക്കൗണ്ടുകളാണ് തട്ടിപ്പിനായി ഉപയോഗിച്ചത്. തട്ടിപ്പ് നടത്തിയതിന് പിന്നാലെ കേരളം ഒഴികെയുള്ള നാല് സംസ്ഥാനങ്ങളിലും ലിങ്കൺ ബിശ്വാസ് നേരിട്ടെത്തിയാണ് പണം സമാഹരിച്ചത്. ഈ കേസിൽ പണമെത്തിയ അക്കൗണ്ടുകൾക്ക് മറ്റ് പതിനഞ്ച് സൈബർ തട്ടിപ്പു കേസുകളിലും ബന്ധമുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായി.
കേസിൽ മലപ്പുറം സ്വദേശി മുഹമ്മദ് മുഹസിൽ, കോഴിക്കോട് സ്വദേശി മിഷാപ് എന്നിവരാണ് ആദ്യം അറസ്റ്റിലായത്. ഇവരുടെ അക്കൗണ്ടുകളിലേക്കും തട്ടിയെടുത്ത പണത്തിൻറെ ഒരു പങ്ക് എത്തിയിരുന്നു. ആഡംബര ജീവിതം നയിച്ചിരുന്ന ലിങ്കൺ ബിശ്വാസ് തൻറെ രാഷ്ട്രീയ ബന്ധങ്ങളും സൈബർ തട്ടിപ്പിന് ഉപയോഗപ്പെടുത്തിയോ എന്നും അന്വേഷിക്കും. എസിപി എം.കെ. മുരളിയുടെ മേൽനോട്ടത്തിൽ സി,ഐ, പി.ആർ. സന്തോഷ്, എഎസ്ഐ ശ്യാംകുമാർ ഉൾപ്പെടുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.