ANI_20240921028

സൂപ്പര്‍താരം ശുഭ്മന്‍ ഗില്ലുള്‍പ്പടെ പ്രമുഖ ക്രിക്കറ്റ് താരങ്ങളെ 450 കോടി രൂപയുടെ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യലിന് വിളിപ്പിച്ച് ഗുജറാത്ത് സിഐഡി. രാജ്യന്തര– ദേശീയ താരങ്ങളില്‍  പലര്‍ക്കും ചിട്ടി തട്ടിപ്പില്‍പ്പെട്ട് പണം നഷ്ടമായെന്നാണ് അഹമ്മദാബാദ് മിററിന്‍റെ റിപ്പോര്‍ട്ട്. ശുഭ്മന്‍ ഗില്ലിന് പുറമെ ഗുജറാത്ത് ടൈറ്റന്‍സ് താരങ്ങളായ മോഹിത്  ശര്‍മ, രാഹുല്‍ തെവാത്യ, സായ് സുദര്‍ശന്‍ എന്നിവര്‍ക്കും പണം നഷ്ടമായതായാണ് റിപ്പോര്‍ട്ട്. ഭൂപേന്ദര്‍ സിന്‍ഹ സലയാണ് തട്ടിപ്പിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. താരങ്ങള്‍ നിക്ഷേപിച്ച പണം തിരികെ നല്‍കിയില്ലെന്ന് സല കുറ്റ സമ്മതം നടത്തി. ബിസെഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്നപേരിലാണ്  സലയും കൂട്ടരും ചിട്ടിക്കമ്പനി തുടങ്ങിയതെന്ന് സിഐഡി വിഭാഗം ഡിഐജി പരിക്ഷിത റാഥോഡ് വെളിപ്പെടുത്തി. 

mohit-sai-rahul

രാഹുല്‍ തെവാത്യ, സായ് സുദര്‍ശന്‍, മോഹിത് ശര്‍മ (വലത് നിന്ന് ഇടത്തേക്ക്)

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റനായിരുന്ന ഗില്‍ 1.95 കോടി നിക്ഷേപിച്ചിരുന്നുവെന്നാണ് പുറത്തുവരുന്ന വാര്‍ത്ത. മോഹിത് ശര്‍മ, രാഹുല്‍ തെവാത്യ, സായ് സുദര്‍ശന്‍ എന്നിവര്‍ ഇത്രയും വലിയ തുക നിക്ഷേപിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇതേത്തുടര്‍ന്നാണ് ഗില്ലുകള്‍പ്പടെയുള്ളവരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. എന്നാല്‍ ഗില്ലുള്‍പ്പടെ ചിലര്‍ വിദേശ പര്യടനത്തിലായതിനാലും ഒരാള്‍ പരുക്കേറ്റ് വിശ്രമത്തിലായതിനാലും പിന്നീട് ഹാജരായാല്‍ മതിയെന്ന് അറിയിച്ചിട്ടുണ്ട്. 

തട്ടിപ്പുകേസില്‍ സലയുടെ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റായ റുഷിക് മേത്തയെ ചൊവ്വാഴ്ച അന്വേഷണസംഘം വിളിപ്പിച്ചിരുന്നു.  മേത്തയ്ക്ക്  പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും സലയുടെ ബാങ്ക് അക്കൗണ്ടുകളടക്കം വിശദമായി പരിശോധിക്കുകയാണെന്നും സലയുടെ സ്വകാര്യ ബാങ്ക് അക്കൗണ്ട് കണ്ടെത്തിയെന്നും കടുത്ത നടപടിയുണ്ടാകുമെന്നും അന്വേഷണസംഘം വ്യക്തമാക്കി. 

തുടക്കത്തില്‍ 6000 കോടി രൂപ ഭൂപേന്ദര്‍ തട്ടിച്ചുവെന്നാണ് കരുതിയിരുന്നത്. എന്നാല്‍ പിന്നീട് ഇത് 450 കോടിയാണെന്ന് നിജപ്പെടുത്തുകയായിരുന്നു. സലയുടെ അനൗദ്യോഗിക അക്കൗണ്ടില്‍ നിന്നും 52 കോടി രൂപയുടെ ഇടപാട് നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. അന്വേഷണത്തിനൊടുവില്‍ 450 കോടിയെന്നത് വര്‍ധിച്ചേക്കാമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. 

വാര്‍ഷിക വരവിന്‍റെ 36 ശതമാനം നിക്ഷേപകര്‍ക്ക് നല്‍കാമെന്നായിരുന്നു സലയുടെ വാഗ്ദാനം. ഇങ്ങനെ 100 കോടിയോളം രൂപയാണ് സല പണമായും സ്വത്തായും സമാഹരിച്ചത്. ഒടുവില്‍ വാഗ്ദാനം ചെയ്ത ലാഭം നിക്ഷേപകര്‍ക്ക് നല്‍കാതെ നാടുവിട്ടു. ഒളിവിലായിരുന്ന സലയെ ഡിസംബര്‍ 27നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജനുവരി നാല് വരെ സല കസ്റ്റഡിയില്‍ തുടരും. ക്രിക്കറ്റ് താരങ്ങളുടെ സഹകരണം കേസില്‍ നിര്‍ണായകമാണെന്നും അന്വേഷണസംഘം കൂട്ടിച്ചേര്‍ത്തു. 

ENGLISH SUMMARY:

Shubman Gill and Sai Sudharsan Among Four Cricketers Summoned by Gujarat CID in Connection with ₹450 Crore Chit Fund Scam. According to CID officials, as reported by the Ahmedabad Mirror, Gill, the captain of the IPL team Gujarat Titans, invested ₹1.95 crore