കരുവന്നൂർ കള്ളപ്പണമിടപാട് കേസിൽ അന്തിമ കുറ്റപത്രം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഈ മാസം സമർപ്പിക്കും. സിപിഎമ്മിനെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതിന് പുറമെ ഉന്നതരടക്കം ഒരു ഡസനിലേറെ നേതാക്കളും പ്രതികളാകും. സംസ്ഥാന സമിതി അംഗങ്ങളായ എ.സി.മൊയ്തീൻ, എം.കെ.കണ്ണൻ, എം.എം.വർഗീസ് എന്നിവരെ പലഘട്ടങ്ങളിൽ ഇഡി ചോദ്യം ചെയ്തിരുന്നു. കെ.രാധാകൃഷ്ണന് വീണ്ടും സമൻസ് അയക്കുന്നതിലും തീരുമാനം വൈകില്ല. ആദ്യ സമൻസിനുള്ള മറുപടി പരിഗണിച്ച് തുടർ നടപടി സ്വീകരിക്കാനാണ് ഇഡിയുടെ നീക്കം.
അന്വേഷണപരിധിയിൽ നിന്ന് രാധാകൃഷ്ണനെ ഒഴിവാക്കാനാകില്ലെന്ന നിലപാടാണ് ഇഡി സ്വീകരിക്കുന്നത്. കരുവന്നൂരില്‍ തട്ടിയെടുത്ത പണം പാര്‍ട്ടി അക്കൗണ്ടുകളിലേക്ക് എത്തിയതായി ഇഡി കണ്ടെത്തിയിരുന്നു. തട്ടിപ്പ് നടന്ന കാലയളവില്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു രാധാകൃഷ്ണന്‍.
കൃത്യമായ രേഖകളില്ലാതെ ബെനാമി വായ്പകൾ നൽകി സഹകരണബാങ്കിന്റെ പണം തട്ടിയെടുത്തെന്നാണു കേസ്. കേസിൽ ഇതുവരെ 128.72 കോടി രൂപയുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടിയിട്ടുണ്ട്. പൊലീസ് റജിസ്റ്റർ ചെയ്ത 16 കേസുകൾ ഒരുമിച്ചെടുത്താണ് കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം ഇ.ഡി നടപടിയെടുത്തത്.