ഇടുക്കി രാജാക്കാട് ലോറി ഡ്രൈവറെയും ക്ലീനറെയും മദ്യപസംഘം മർദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന് പരാതി. വാഹനത്തിന് സൈഡ് നല്‍കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് മർദനത്തിലേക്ക് നയിച്ചത്. രാജാക്കാട് മുക്കുടില്‍ റോഡില്‍ കളിച്ചുകൊണ്ടിരിക്കെ മദ്യപന്റെ ആക്രമണത്തില്‍ വിദ്യാർഥിക്കും പരുക്കേറ്റു. രാജാക്കാട് ബവ്റിജസ് ഔട്ട്ലറ്റിന് സമീപം റോഡില്‍ ബ്ലോക്ക് അനുഭവപ്പെട്ടതിനെ തുടർന്ന് സമീപത്ത് കൂടിനിന്ന മദ്യപ സംഘത്തോടെ മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടതാണ് സംഘർഷത്തിന് കാരണം. പിന്തുടർന്നെത്തിയ സംഘം ലോറി തടഞ്ഞ് കമ്പിവടികൊണ്ട് മാരകമായി മർദിച്ചു. ഡ്രൈവർ മാങ്ങാതൊട്ടി സ്വദേശി ജിഷ്ണുവിനും, ക്ലീനർ വട്ടപ്പാറ സ്വദേശി ആശിഷിനുമാണ് മർദനം. ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെ ഗുണ്ടാ സംഘം രക്ഷപ്പെട്ടു. ഒരാളെ നാട്ടുകാർ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.
രാജാക്കാട് മുക്കുടില്‍ മദ്യപന്റെ ആക്രമണത്തില്‍ വെട്ടിയാങ്കല്‍ സ്വദേശിയായ 13കാരനാണ് പരുക്കേറ്റത്. കളിക്കുന്നതിനിടെ അയൽകാരൻ പന്തെടുത്ത് കൊണ്ട് പോവുകയും, പന്ത് തിരികെ വാങ്ങാന്‍ ചെന്നപ്പോള്‍ വടി കൊണ്ട് നെഞ്ചില്‍ മർദിച്ചുവെന്നുമാണ് പരാതി. അയൽവാസി കലയത്തോലില്‍ രവിക്കെതിരെ രക്ഷിതാക്കള്‍ ഉടുമ്പന്‍ചോല പൊലീസില്‍ പരാതി നല്‍കി.