അട്ടപ്പാടി മധു വധക്കേസില്‍ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം വനംവകുപ്പ് എടുത്ത കേസില്‍ വിചാരണ തുടങ്ങി. മണ്ണാർക്കാട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് വിചാരണയ്ക്ക് തുടക്കമായത്. വനം വകുപ്പ് കേസ് വേഗത്തിലാക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യത്തെത്തുടര്‍ന്നാണ് നടപടി.

 

മധുവിനെ വനത്തിലെ അജുമുടി എന്ന സ്ഥലത്തു നിന്ന് പിടിച്ചു കൊണ്ടുവന്നവർ വനത്തിൽ അതിക്രമിച്ചു കയറിയെന്ന കുറ്റത്തിനാണു വനം വകുപ്പ് കേസെടുത്തത്. മധു കൊല്ലപ്പെട്ട കേസ് മണ്ണാർക്കാട് പട്ടികജാതി പട്ടിക വർഗ പ്രത്യേക കോടതിയിൽ വിചാരണ പുരോഗമിക്കുകയാണ്. ഈ കേസിനൊപ്പം വനം വകുപ്പിന്റെ കേസിന്റെ വിചാരണയും വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചിരുന്നു. 

 

തുടർന്നാണ് ഇന്ന് കേസ് വിളിച്ചത്. കേസിലെ എല്ലാ പ്രതികളും ഹാജരായി. സെപ്റ്റംബർ 26 ന് കേസ് വീണ്ടും പരിഗണിക്കും. ഒന്ന് മുതൽ മൂന്ന് വരെയുള്ള സാക്ഷികളുടെ വിസ്താരവും അന്ന് നടക്കുമെന്ന് എപിപി അബ്ദുൽ വഹാബ് വടക്കേതിൽ അറിയിച്ചു. ആള്‍ക്കൂട്ട ആക്രമണത്തിന് സമാനമായി വനത്തില്‍ അതിക്രമിച്ച് കയറിയെന്ന കുറ്റവും മുന്‍നിര്‍ത്തി കേസിന്റെ വിചാരണ പൂര്‍ത്തിയാക്കുന്നതിനാണ് പ്രോസിക്യൂഷന്റെ തീരുമാനം. പ്രതികള്‍ വനത്തില്‍ അതിക്രമിച്ച് കയറിയെന്നത് തെളിയിക്കുന്ന നിരവധി സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ കൈവശമുണ്ടെന്നും വനംവകുപ്പ് വ്യക്തമാക്കുന്നു.